സാമ്പത്തിക തിരിമറി: തോഷിബ കമ്പനി മേധാവി ഹിസാഓ തനാക രാജിവെച്ചു

ടോക്യോ: ജപ്പാനിലെ തോഷിബ ഇലക്ട്രോണിക്‌സ് കമ്പനിയുടെ മേധാവി ഹിസാഓ തനാക രാജിവെച്ചു. കോടികളുടെ സാമ്പത്തിക തിരിമറിയാണ് ലോകപ്രശസ്ത ഇലക്ട്രോണിക്‌സ് കമ്പനി മേധാവിയുടെ രാജിയിലേക്ക് നയിച്ചത്. 152 ബില്യണ്‍ ജാപ്പനീസ് യെന്‍ (7,000 കോടിയിലധികം ഇന്ത്യന്‍ രൂപ) വെട്ടിച്ചുവെന്നാണ് ആരോപണം. തോഷിബാ മേധാവിയുടെ രാജി രാജ്യത്തെ വ്യാവസായിക രംഗത്ത് ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്.

കമ്പനിയുടെ വൈസ് ചെയര്‍മാനായ നൊറിയോ സസാകിയും സ്ഥാനത്ത് നിന്ന് മാറേണ്ടിവരും. നിലവില്‍ കമ്പനിയുടെ ചെയര്‍മാനാണ് ഇദ്ദേഹം. ഹിസാഓക്ക് പകരം മസാച്ചി മുറോമാഷി തോഷിബയുടെ മേധാവിയാകും.

കുറച്ചുവര്‍ഷങ്ങളായി തോഷിബയുടെ കണക്കുകള്‍ തെറ്റായി കാണിച്ചുകൊണ്ടിരിക്കുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇത് തനാകയുടെയും സസാകിയുടെയും പൂര്‍ണ അറിവോടെയായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ കണ്ടെത്തി.

കമ്പനിയില്‍ കണക്കുകളിലെ കൃത്രിമം നടന്നത് ഏറെ ദുഃഖിപ്പിക്കുന്നുവെന്ന് ജപ്പാന്‍ ധനമന്ത്രി താരോ അസോ പറഞ്ഞു. ആഗോള നിക്ഷേപകരെ രാജ്യത്തേക്ക് കൂടുതല്‍ ആകര്‍ഷിക്കാനുള്ള ശ്രമം നടക്കുന്ന സമയത്താണ് ഇത്തരത്തിലൊരു സംഭവം ഉണ്ടായിരിക്കുന്നത്. ജപ്പാനില്‍ ശരിയായ കോര്‍പറേറ്റ് ഗവേര്‍ണന്‍സ് നടപ്പാക്കിയില്ലെങ്കില്‍ നിക്ഷേപകര്‍ക്ക് മാര്‍ക്കറ്റിലുള്ള വിശ്വാസ്യത നഷ്ടപ്പെടുമെന്നും അസോ പറഞ്ഞു.

Top