സാമൂഹ്യ നീതി സംരക്ഷിക്കാന്‍ നിലവിലുള്ള സംവരണ നയത്തെ പിന്തുണയ്ക്കുമെന്ന് ആര്‍എസ്എസ്

ന്യൂഡല്‍ഹി: രാജ്യത്ത് സാമൂഹ്യനീതി ഉറപ്പുവരുത്താനായി നിലവിലുള്ള സംവരണ നയത്തെ പിന്തുണയ്ക്കുമെന്ന് ആര്‍.എസ്.എസ്. നിലവില്‍ ഭരണഘടനാപരമായി ആദിവാസി, ദളിത്, പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണം അവരുടെ ഉന്നമനം ലക്ഷ്യം വച്ചുള്ളതാണ്. ഈ ലക്ഷ്യം പൂര്‍ത്തിയാക്കുന്നത് വരെ നിലവിലുള്ള സംവരണ നയത്തെ ആര്‍എസ്എസ് പിന്തുണയ്ക്കുമെന്നും ആര്‍എസ്എസിന്റെ ബിഹാര്‍, ഝാര്‍ഖണ്ഡ് വിഭാഗം മേധാവി മോഹന്‍ സിങ് വ്യക്തമാക്കി.

നിലവിലെ സംവരണ നയം പുന:പരിശോധിക്കണമെന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിന്റെ പ്രസ്താവന ബീഹാര്‍ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി സംഘടന രംഗത്ത് എത്തിയത്.

ബീഹാറില്‍ നാലില്‍ മൂന്ന് സീറ്റുകളുമായി അധികാരത്തിലെത്തുമെന്ന് അവകാശപ്പെട്ട് ബിജെപിയും രംഗത്ത് എത്തിയിട്ടുണ്ട്. വിശാലസഖ്യം വിജയം അവകാശപ്പെട്ടതിന് പിന്നാലെയാണ് ബിജെപിയും ഇതേ വാദവുമായി വാര്‍ത്താ സമ്മേളനം വിളിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി 13 റാലികളില്‍ കൂടി പങ്കെടുക്കുമെന്നും ബിജെപി അറിയിച്ചു.

Top