സാംസങിന്റെ 3ജി കോളിങ് സൗകര്യമുള്ള സ്മാര്‍ട്ട് വാച്ച് ഒരുങ്ങുന്നു

സാംസങിന്റെ വട്ടത്തിലുള്ള ആദ്യ സ്മാര്‍ട്ട്‌വാച്ച് അണിയറയില്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. കമ്പനി പുറത്തിറക്കുന്ന ആദ്യ റൗണ്ട് വാച്ച് ലുക്കിലും പെര്‍ഫോര്‍മന്‍സിലും മികച്ചതായിരിക്കുമെന്നാണ് ടെക്ക്‌ലോകത്തിന്റെ പ്രതീക്ഷ. 3ജി കോളിങ് സൗകര്യമുള്ള ഓര്‍ബിസ് സ്മാര്‍ട്ട് വാച്ചിന്റെ കൂടുതല്‍ സവിശേഷതകള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല.

രണ്ടു വേരിയന്റുകളിലിറക്കുന്ന സ്മാര്‍ട്ട് വാച്ചിലൊരെണ്ണം 3ജി കോളിങ് നടത്താവുന്നതാണെങ്കിലും വില അല്‍പ്പം കൂടുമെന്നാണ് സൂചന. വൈഫൈ സപ്പോര്‍ട്ടും വയര്‍ലെസ് ചാര്‍ജിങിനുള്ള കഴിവും വാച്ചിനുണ്ടാകും.

‘സാംമൊബൈല്‍’ (SamMobile) ആണ് ‘ഓര്‍ബിസ്’ ( Orbis ) എന്ന കോഡുനാമത്തില്‍ അറിയപ്പെടുന്ന സാംസങ് ഗിയര്‍ എയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടത്. ‘ആപ്പിള്‍ വാച്ചി’നുള്ള സാംസങിന്റെ മറുപടിയായിരിക്കും ഗിയര്‍ എ എന്നും അഭ്യൂഹമുണ്ട്.

സാംസങിന്റെ നിലവിലുള്ള സ്മാര്‍ട്ട്‌വാച്ചായ ഗിയര്‍ എസ് ( Gear S ) ഓടുന്നത് കമ്പനിയുടെ ‘ടിസന്‍ ഒഎസി’ല്‍ ( Tizen OS ) ആണ്. ആ പ്ലാറ്റ്‌ഫോമില്‍ തന്നെയാകും ഗിയര്‍ എയും പ്രവര്‍ത്തിക്കുക എന്ന് കരുതുന്നു.

‘ആപ്പിള്‍ വാച്ചി’ന്റെ മുന്‍കൂര്‍ ബുക്കിങ് ഏപ്രില്‍ 10 നാണ് ആരംഭിക്കുന്നത്; ഏപ്രില്‍ 24 ന് വിപണിയിലെത്തും. എല്‍ജിയുടെ 4ജി വാച്ചായ ‘ഉര്‍ബേന്‍ എല്‍ടിഇ’ ( Urbane LTE ) താമസിയാതെ രംഗത്തെത്തും. അതിനിടെയാണ്, സാംസങിന്റെ പുതിയ സ്മാര്‍ട്ട്‌വാച്ചിന്റെ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.

Top