സാംസംങ് പുതിയ ലാപ്‌ടോപ് അവതരിപ്പിച്ചു

സാംസംങ് തങ്ങളുടെ പുതിയ ലാപ്‌ടോപ് അള്‍ട്രാ ബുക്ക് സീരിസ് 9 2015 അവതരിപ്പിച്ചു. വെറും 950 ഗ്രാമാണ് ഇതിന്റെ ഭാരം. വെറും 11.8 എംഎം വീതിയുള്ള ഈ മോഡല്‍ ഇതുവരെ സാംസംങ് വിപണിയിലിറക്കിയ മോഡലുകളില്‍ ഏറ്റവും വീതി കുറഞ്ഞതാണ്.

സ്ലിം, ഭാരക്കുറവ് എന്നിവയ്ക്കു പുറമെ മോഡലിനെ തികച്ചും ആകര്‍ഷകമാക്കുന്നതിനാവശ്യമായ എല്ലാ ഫീച്ചറുകളും ഈ മോഡലില്‍ നല്‍കിയിരിക്കുന്നു. 12.2 ഇഞ്ച് ഡിസ്പ്‌ളേയാണ് ഈ മോഡലിനുള്ളത്.

ചെറിയ സ്‌ക്രീന്‍ സൈസ് എന്ന പോരായ്മ വളരെ ഉയര്‍ന്ന സ്‌ക്രീന്‍ റസല്യൂഷനിലൂടെ സാംസംങ് മറികടക്കുന്നു. 1600 ഗുണം 2560 പിക്‌സല്‍ റസല്യൂഷനാണ് നല്‍കിയിരിക്കുന്നത്. ഏറ്റവും മികച്ച ക്ലാരിറ്റി ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും നല്‍കുവാന്‍ സഹായിക്കുന്ന ഹൈപ്പര്‍ റിയല്‍ ഡിസ്‌പ്ലേ ഫീച്ചറും ഈ മോഡലില്‍ നല്‍കിയിരിക്കുന്നു.

8 ജിബി റാം, 256 ജിബി എസ്എസ്ഡി സ്‌റ്റോറേജ്, 4 ജിബി റാം-128 ജിബി എസ്എസ്ഡി സ്‌റ്റോറേജ് എന്നിങ്ങനെ രണ്ടു വ്യത്യസ്ത വേരിയന്റുകള്‍ ലഭ്യമാണ്. 8 ജിബി റാം വേരിയന്റിന് ഏകദേശം 88,600 രൂപയും (1,399 ഡോളര്‍), 4 ജിബി റാം വേരിയന്റിന് ഏകദേശം 75,900 രൂപ (1,199 ഡോളര്‍)യുമാണ് വില.

Top