സാംസംഗ് ഗ്യാലക്‌സി നോട്ട് 4

ന്യൂഡല്‍ഹി: സാംസംഗ് ഗ്യാലക്‌സി നോട്ട് 4 ഫാബ്‌ലെറ്റ് പുറത്തിറങ്ങി. 58,300 രൂപയാണ് വില. ആപ്പിളിന്റെ ആദ്യ ഫാബ്‌ലെറ്റ് ഐഫോണ്‍ സിക്‌സ് പ്ലസിന് നോട്ട് ഫോര്‍ കടുത്ത വെല്ലുവിളി സൃഷ്ടിക്കുമെന്നാണ് കണക്കുകൂട്ടല്‍. ദീപാവലി ഉത്സവസീസണ്‍ മുന്നില്‍ കണ്ടാണ് ആപ്പിളിന്റെയും സാംസംഗിന്റെയും പുതിയ ഫോണുകള്‍ എത്തുന്നത്.

ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് സോഫ്റ്റ് വെയറാണ് നോട്ട് 4 ല്‍ ഉള്ളത്. ലോകത്തിലേറ്റവും കരുത്തുള്ള മൊബൈല്‍ ചിപ്പായ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 805 പ്രോസസര്‍, എച്ച്ടിഎംഎല്‍ 5 ബ്രൗസര്‍ എന്നിവയും നോട്ട് 4 ന്റെ പ്രത്യേകതകളാണ്.

സൂപ്പര്‍ അമോലെഡ് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീനുള്ള നോട്ട് 4 ന് 5.7 ഇഞ്ചാണ് ഡിസ്‌പ്ലേ. കോണിങ് ഗോറില്ല ഗ്ലാസ് 3 ആണ് ഉപയോഗിച്ചിരിക്കുന്നത്. ക്യുഎച്ച്ഡി സ്‌ക്രീന്‍ റെസല്യൂഷനാണ് മറ്റൊരു പ്രത്യേകത. ഓപ്പോ ഫൈന്‍ഡ് സെവന്‍, എല്‍ജി ജി3 എന്നിവ മാത്രമാണ് നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ ക്യുഎച്ച്ഡി റെസല്യൂഷനുള്ള ഫോണുകള്‍. 32 ജിബിയാണ് ഇന്റേണല്‍ മെമ്മറി. 3 ജിബി റാമുള്ള നോട്ട് 4 ല്‍ 128 ജിബി വരെയുള്ള മെമ്മറി കാര്‍ഡ് ഉപയോഗിക്കാം.

ഒപ്റ്റിക്കല്‍ ഇമേജ് സ്‌റ്റെബിലൈസേഷന്‍, ഓട്ടോഫോക്കസ്, എല്‍ഇഡി ഫ്‌ളാഷ് എന്നീ സൗകര്യങ്ങളോടു കൂടിയ പ്രധാനക്യാമറ 16 എംപിയുടേതാണ്. ഡ്യുവല്‍ ഷോട്ട്, ഒരേസമയം വീഡിയോയും ഇമേജും റെക്കോര്‍ഡ് ചെയ്യാനുള്ള സൗകര്യം, ടച്ച് ഫോക്കസ്, പനോരമ എന്നീ സൗകര്യങ്ങളുമുണ്ട്.

നോട്ട് 4 കൂടാതെ സാംസംഗിന്റെ സ്മാര്‍ട്ട് ലവാച്ചായ ഗിയര്‍ എസ്സും അവതരിപ്പിച്ചു. 28,900 രൂപയാണ് വില. 3ജി, വൈഫൈ സൗകര്യങ്ങളോടു കൂടിയ ഒരേയൊരു സ്മാര്‍ട്ട് വാച്ചാണ് ഗിയര്‍ എസ്.

Top