സല്യൂട്ട് വിവാദം; ഋഷിരാജിനെതിരെ നടപടി സ്വീകരിക്കാനുള്ള നീക്കം നിയമവിരുദ്ധം

കൊച്ചി: പൊലീസ് മന്ത്രിയെ സല്യൂട്ട് അടിക്കാത്തതിന്റെ പേരില്‍ എഡിജിപി ഋഷിരാജ് സിംങിനെതിരെ നടപടി സ്വീകരിക്കാനുള്ള നീക്കം സര്‍ക്കാരിന് തന്നെ തിരിച്ചടിയാകും.

1993-ലെ സെക്ഷന്‍ 2 ഡി പ്രൊട്ടക്ഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് ആക്ട് പ്രകാരം അവകാശങ്ങളിലും അന്തസ്സിലും എല്ലാ മനുഷ്യരും തുല്യരാണെന്നാണ് നിര്‍വചിച്ചിട്ടുള്ളത്. ഇവിടെ പ്രത്യേകമായി ആരെയും ബഹുമാനിക്കണമെന്ന് പറയുന്നില്ല.

പൊലീസില്‍ ചിട്ടവട്ടങ്ങളുടെ ഭാഗമായി നടത്തുന്ന സല്യൂട്ട് മന്ത്രിമാരടക്കമുള്ള ഉന്നതര്‍ക്ക് ഒരു കീഴ്‌വഴക്കത്തിന്റെ ഭാഗമായാണ് നല്‍കിവരുന്നതെന്നിരിക്കെ സല്യൂട്ടടിക്കാത്തതിന്റെ പേരില്‍ ഋഷിരാജ് സിംങിനെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചാല്‍ കോടതി ഇടപെടലുണ്ടാകാന്‍ സാധ്യതയേറെയാണ്.

നടപടിക്ക് വിധേയനാകുന്ന ഋഷിരാജ് സിംങിന് മാത്രമല്ല ഏത് പൗരനും ഈ സംഭവം ചൂണ്ടിക്കാട്ടി കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കാനാകും.
സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കോടതി പരാമര്‍ശമുണ്ടാവുകയും ശിക്ഷ റദ്ദാക്കുകയും ചെയ്താല്‍ അത് ആഭ്യന്തര വകുപ്പിന് മാത്രമല്ല സംസ്ഥാന സര്‍ക്കാരിന് തന്നെ തിരിച്ചടിയാകും.

രാജ്യവ്യാപകമായി ശ്രദ്ധിക്കപ്പെടുന്ന ഒരു വിഷയമായി സല്യൂട്ടടി വിവാദം മാറാനുള്ള സാഹചര്യമാണ് ഇപ്പോള്‍ ഉരുതിരിയുന്നത്.

മന്ത്രിമാരെ പൊലീസ് ഉദ്യോഗസ്ഥര്‍ സല്യൂട്ടടിക്കേണ്ടതും ബഹുമാനിക്കേണ്ടതും നിയമപരമായ കടമയാണെന്ന പൊതു ധാരണയാണ് ഒരൊറ്റ സംഭവത്തോടെ ഋഷിരാജ് സിംങ് പൊളിച്ചടുക്കിയത്.

ആഭ്യന്തര മന്ത്രിയെ സല്യൂട്ടടിക്കാത്തതിലുള്ള വിഷമം കൊണ്ടല്ല മറിച്ച് വിവിധ ആരോപണങ്ങളില്‍ പെട്ട് ഉഴലുന്ന താനടക്കമുള്ള മറ്റ് മന്ത്രിമാര്‍ക്ക് ഈ ‘ഗതി’ വരുമെന്നോര്‍ത്താണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടപടിയുമായി മുന്നോട്ട് പോകുന്നതെന്നാണ് അണിയറ സംസാരം.

അതേസമയം ഋിഷിരാജ് സിംങിനെതിരെ നടപടി സ്വീകരിച്ചാല്‍ ഐപിഎസ് ഉദ്യോഗസ്ഥരുടെ നിലപാട് എന്തായിരിക്കുമെന്ന കാര്യത്തില്‍ സര്‍ക്കാരിന് തന്നെ ആശങ്കയുണ്ടെന്നാണ് സൂചന.

ബാര്‍ കോഴ കേസില്‍ സര്‍ക്കാരിന്റെ ‘രക്ഷകനായ’ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം പോളിനുപോലും വ്യക്തിപരമായി ഏറെ അടുപ്പമുള്ള ഉദ്യോഗസ്ഥനാണ് ഋഷിരാജ് സിംങ്. സിംങിന്റെ സേവനം പൊലീസിന് ലഭിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ടി.പി സെന്‍കുമാറും ആഗ്രഹിച്ചിരുന്നു.

വൈദ്യുതി വകുപ്പിന്റെ ചീഫ് വിജിലന്‍സ് ഉദ്യോഗസ്ഥനായിരുന്ന ഋഷിരാജ് സിംങിന് സംസ്ഥാന പൊലീസിലെ സുപ്രധാന ചുമതല നല്‍കുമെന്ന് പ്രതീക്ഷിച്ചിരുന്ന ഘട്ടത്തിലാണ് ‘ഒതുക്കല്‍’ പോസ്റ്റായ ബറ്റാലിയനിലേക്ക് മാറ്റിയത്. ഇതില്‍ സിംങ് അസ്വസ്ഥനായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

തുടര്‍ന്നാണ് തൃശൂര്‍ പൊലീസ് അക്കാദമിയില്‍ വനിതാ പൊലീസിന്റെ പാസിംഗ് ഔട്ട് പരേഡില്‍ എത്തിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് സല്യൂട്ടടിക്കാതെ അദ്ദേഹം വേദിയിലിരുന്നത്.

പുറകില്‍ നിന്ന് വന്ന മന്ത്രിയെ കണ്ടില്ലെന്ന് പിന്നീട് വിശദീകരണം നല്‍കിയെങ്കിലും സല്യൂട്ടടിക്കാന്‍ പ്രോട്ടോകോളില്‍ ഒരിടത്തും പറഞ്ഞിട്ടില്ലെന്ന നിലപാടില്‍ സിംങ് ഉറച്ച് നില്‍ക്കുകയായിരുന്നു. ഇതാണ് ഇപ്പോള്‍ നടപടി ക്ഷണിച്ച് വരുത്തിയിരിക്കുന്നത്.

മുഖം രക്ഷിക്കാന്‍ സര്‍ക്കാര്‍ കൊടുക്കുന്ന ശിക്ഷ സര്‍ക്കാരിന്റെ തന്നെ മുഖം വികൃതമാക്കുമോയെന്നാണ് ഇനി കണ്ടറിയേണ്ടത്.

ഋഷിരാജ് സിംങ് ഒരു ‘ഫൈറ്റര്‍’ ആയതിനാല്‍ സര്‍ക്കാര്‍ നടപടി എന്തായാലും അത് കോടതിയില്‍ ചോദ്യം ചെയ്യപ്പെടാനാണ് സാധ്യത.

Top