സല്യൂട്ട് വിവാദം: ഋഷിരാജ് സിംങ്ങിനെതിരെ സര്‍ക്കാര്‍; നടപടി നീക്കം നിയമവിരുദ്ധം… !

കൊച്ചി: പൊലീസ് മന്ത്രിയെ സല്യൂട്ട് അടിക്കാത്തതിന്റെ പേരില്‍ എ.ഡി.ജി.പി ഋഷിരാജ് സിംങ്ങിനെതിരെ സര്‍ക്കാര്‍ നടപടിക്ക്. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ സിംങ്ങിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.

ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ട് മുന്‍നിര്‍ത്തി മുഖ്യമന്ത്രി പ്രത്യേക താല്‍പര്യമെടുത്താണ് നടപടിക്ക് നിര്‍ദേശം നല്‍കിയത്.

ആഭ്യന്തര മന്ത്രിയെ സല്യൂട്ടടിക്കാത്തതിലുള്ള വിഷമം കൊണ്ടല്ല. മറിച്ച് വിവിധ ആരോപണങ്ങളില്‍ പെട്ട് ഉഴലുന്ന താനടക്കമുള്ള മറ്റ് മന്ത്രിമാര്‍ക്ക് ഈ ‘ഗതി’ വരുമെന്നോര്‍ത്താണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടപടിയുമായി മുന്നോട്ട് പോകുന്നതെന്നാണ് അണിയറ സംസാരം.

വൈദ്യുതി വകുപ്പിന്റെ ചീഫ് വിജിലന്‍സ് ഉദ്യോഗസ്ഥനായിരുന്ന ഋഷിരാജ് സിംങ്ങിന് സംസ്ഥാന പൊലീസിലെ സുപ്രധാന ചുമതല നല്‍കുമെന്ന് പ്രതീക്ഷിച്ചിരുന്ന ഘട്ടത്തിലാണ് ‘ഒതുക്കല്‍’ പോസ്റ്റായ ബറ്റാലിയനിലേക്ക് മാറ്റിയത്. ഇതില്‍ സിംങ്ങ് അസ്വസ്ഥനായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

തുടര്‍ന്നാണ് തൃശൂര്‍ പൊലീസ് അക്കാദമിയില്‍ വനിതാ പൊലീസിന്റെ പാസിംഗ് ഔട്ട് പരേഡില്‍ എത്തിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് സല്യൂട്ടടിക്കാതെ അദ്ദേഹം വേദിയിലിരുന്നത്.

പുറകില്‍ നിന്ന് വന്ന മന്ത്രിയെ കണ്ടില്ലെന്ന് പിന്നീട് വിശദീകരണം നല്‍കിയെങ്കിലും സല്യൂട്ടടിക്കാന്‍ പ്രോട്ടോകോളില്‍ ഒരിടത്തും പറഞ്ഞിട്ടില്ലെന്ന നിലപാടില്‍ സിംങ്ങ് ഉറച്ച് നില്‍ക്കുകയായിരുന്നു. ഇതാണ് ഇപ്പോള്‍ നടപടി ക്ഷണിച്ച് വരുത്തിയിരിക്കുന്നത്.

മുഖം രക്ഷിക്കാന്‍ സര്‍ക്കാര്‍ കൊടുക്കുന്ന ശിക്ഷ സര്‍ക്കാരിന്റെ തന്നെ മുഖം വികൃതമാക്കുമോയെന്നാണ് ഇനി കണ്ടറിയേണ്ടത്.

ഋഷിരാജ് സിംങ്ങ് ഒരു ‘ഫൈറ്റര്‍’ ആയതിനാല്‍ സര്‍ക്കാര്‍ നടപടി എന്തായാലും അത് കോടതിയില്‍ ചോദ്യം ചെയ്യപ്പെടാനാണ് സാധ്യത.

നടപടിക്ക് വിധേയനാകുന്ന ഋഷിരാജ് സിംങ്ങിന് മാത്രമല്ല ഏത് പൗരനും ഈ സംഭവം ചൂണ്ടിക്കാട്ടി കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കാനാകും.

സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കോടതി പരാമര്‍ശമുണ്ടാവുകയും ശിക്ഷ റദ്ദാക്കുകയും ചെയ്താല്‍ അത് ആഭ്യന്തര വകുപ്പിന് മാത്രമല്ല സംസ്ഥാന സര്‍ക്കാരിന് തന്നെ തിരിച്ചടിയാകും.

1993ലെ സെക്ഷന്‍ 2 ഡി പ്രൊട്ടക്ഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് ആക്ട് പ്രകാരം അവകാശങ്ങളിലും അന്തസ്സിലും എല്ലാ മനുഷ്യരും തുല്യരാണെന്നാണ് നിര്‍വചിച്ചിട്ടുള്ളത്. ഇവിടെ പ്രത്യേകമായി ആരെയും ബഹുമാനിക്കണമെന്ന് പറയുന്നില്ല.

പൊലീസില്‍ ചിട്ടവട്ടങ്ങളുടെ ഭാഗമായി നടത്തുന്ന സല്യൂട്ട് മന്ത്രിമാരടക്കമുള്ള ഉന്നതര്‍ക്ക് ഒരു കീഴ്‌വഴക്കത്തിന്റെ ഭാഗമായാണ് നല്‍കിവരുന്നതെന്നിരിക്കെ സല്യൂട്ടടിക്കാത്തതിന്റെ പേരില്‍ ഋഷിരാജ് സിംങ്ങിനെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചാല്‍ കോടതി ഇടപെടലുണ്ടാകാനും സാധ്യതയേറെയാണ്.

Top