സര്‍ഫേസിന്റെ വില കുറഞ്ഞ മോഡലുമായി മൈക്രോസോഫ്റ്റ്

വില കുറഞ്ഞൊരു സര്‍ഫേസ് മോഡലുമായി മൈക്രോസോഫ്റ്റ് രംഗത്തുവന്നിരിക്കുന്നു. സര്‍ഫേസ് 3 എന്ന് പേരിട്ടിരിക്കുന്ന ഈ ടാബിന് 499 ഡോളറാണ് (31,056 രൂപ) പ്രാരംഭ വില.

1920X1280 പിക്‌സല്‍സ് റിസൊല്യൂഷനുള്ള 10.8 ഇഞ്ച് ഫുള്‍ എച്ച്.ഡി. സ്‌ക്രീനാണ് സര്‍ഫേസ് 3 യിലുള്ളത്. കീബോര്‍ഡ് കൂടി വേണമെങ്കില്‍ 129 ഡോളര്‍ അധികം മുടക്കണം, സ്‌റ്റൈലസിന് 49 ഡോളറും. നേരത്തെയിറങ്ങിയ സര്‍ഫേസ് മോഡലുകളില്‍ സ്‌റ്റൈലസ് സൗജന്യമായി ഒപ്പം ലഭിച്ചിരുന്നു.

വിന്‍ഡോസ് 8.1 ഒഎസാണ് ടാബ്‌ലറ്റില്‍ പ്രവര്‍ത്തിക്കുന്നത്. വിന്‍ഡോസ് 10 ലേക്കുള്ള അപ്‌ഡേഷനും മൈക്രോസോഫ്റ്റ് വാഗ്ദാനം ചെയ്യുന്നു. ക്വാഡ്‌കോര്‍ ഇന്റല്‍ ആറ്റം എക്‌സ്7 പ്രൊസസറാണ് ടാബിനുള്ളില്‍. രണ്ട് ജിബി റാം64 ജിബി സ്‌റ്റോറേജ്, 4 ജിബി റാം128 ജി.ബി. സ്‌റ്റോറേജ് എന്നിങ്ങനെ രണ്ട് വകഭേദങ്ങള്‍ സര്‍ഫേസ് 3 യ്ക്കുണ്ട്.

പത്തുമണിക്കുര്‍ തുടര്‍ച്ചയായി വീഡിയോ പ്ലേബാക്ക് ഉറപ്പുതരുന്ന എം.എ.എച്ച്. ബാറ്ററിയാണ് ടാബിലുള്ളത്. യു.എസ്.ബി. പോര്‍ട്ട്, മൈക്രോ എസ്.ഡി. കാര്‍ഡ് റീഡര്‍, മിനി ഡിസ്‌പ്ലേ പോര്‍ട്ട്, ഹെഡ്‌സെറ്റ് ജാക്ക് എന്നിവയും ഇതിലുണ്ട്. ടാബിലെ പിന്‍ക്യാമറ എട്ട് മെഗാപിക്‌സല്‍ ശേഷിയുള്ളതും മുന്‍ക്യാമറ മൂന്നര മെഗാപിക്‌സല്‍ ശേഷിയുള്ളതുമാണ്.

മൈക്രോസോഫ്റ്റ് മൂന്നുവര്‍ഷം മുമ്പിറക്കിയ ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ മോഡലായിരുന്നു സര്‍ഫേസ്. കീബോര്‍ഡ് സഹിതമെത്തിയ സര്‍ഫേസ്, ലാപ്‌ടോപ്പ് പോലെ പ്രവര്‍ത്തിപ്പിക്കാവുന്ന ഗാഡ്ജറ്റായിരുന്നു.

ആന്‍ഡ്രോയ്ഡ് ഒ.എസിന് പകരം വിന്‍ഡോസ് ഒ.എസില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ഡെസ്‌ക്‌ടോപ്പിലും ലാപ്‌ടോപ്പിലും ചെയ്യാവുന്ന പണിയെല്ലാം സര്‍ഫേസിലും നടക്കും. അതുകൊണ്ടുതന്നെ ഗ്രാഫിക് ആര്‍ടിസ്റ്റുമാരും എഞ്ചിനിയര്‍മാരും ഫിനാന്‍സ് പ്രൊഫഷനലുകളുമെല്ലാം സര്‍ഫേസ് ടാബ്‌ലറ്റ് സ്വന്തമാക്കാന്‍ ഇഷ്ടപ്പെട്ടു.

എന്നാല്‍ വന്‍വില കാരണം സാധാരണക്കാര്‍ക്ക് മാത്രം സര്‍ഫേസ് ടാബ് അപ്രാപ്യമായി. 799 ഡോളര്‍ മുതല്‍ 1,949 ഡോളര്‍ വരെയായിരുന്നു സര്‍ഫേസിന്റെ വിവിധ മോഡലുകളുടെ വില.

മെയ് അഞ്ച് മുതല്‍ അമേരിക്കന്‍ വിപണിയില്‍ സര്‍ഫേസ് 3 ടാബ് വില്പനയ്‌ക്കെത്തും. അമേരിക്കയ്ക്ക് പുറമെ യൂറോപ്യന്‍ രാജ്യങ്ങളിലും ഹോങ്കോങിലും തായ്‌വാനിലും അതേ ദിവസം സര്‍ഫേസ് 3 യുടെ വില്പന തുടങ്ങും. ഇന്ത്യയില്‍ എന്നെത്തുമെന്ന കാര്യം മൈക്രോസോഫ്റ്റ് വ്യക്തമാക്കിയിട്ടില്ല.

Top