സര്‍ക്കാര്‍ ജോലിക്കായി പിതാവിനെ കൊലപ്പെടുത്തി; മകന്‍ അറസ്റ്റില്‍

ബുലന്ദേശ്വര്‍: സര്‍ക്കാര്‍ ജോലി ലഭിക്കാനായി പിതാവിനെ കൊലപ്പെടുത്തിയ മകന്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ അനൂപ്ഷഹറില്‍ ജനുവരി 20നായിരുന്നു സംഭവം. ബുലന്ദേശ്വറില്‍ ഒരു പ്രൈമറി സ്‌കൂളിലെ അധ്യാപകനായ രാമാവതാര്‍ ശര്‍മ(59)യെയാണു മൂത്തമകനായ പങ്കജ് വാടകക്കൊലയാളികളെ ഉപയോഗിച്ചു കൊലപ്പെടുത്തിയത്. കൊലയ്ക്കുശേഷം തെളിവു നശിപ്പിക്കാനായി വീടു കൊള്ളയടിച്ച പ്രതികള്‍ രാമാവതാറിന്റെ മൊബൈല്‍ ഫോണും കവര്‍ന്നു. സംശയത്തെത്തുടര്‍ന്നു പോലീസിന്റെ ചോദ്യംചെയ്യലില്‍ പങ്കജ് കുറ്റം സമ്മതിക്കുകയായിരുന്നു. പിതാവ് സര്‍ക്കാര്‍ സര്‍വീസില്‍നിന്നു റിട്ടയര്‍ ചെയ്യാന്‍ ഒരു വര്‍ഷം മാത്രമാണു ബാക്കിയുണ്ടായിരുന്നതെന്നും സര്‍വീസിലിരിക്കെ ആള്‍ മരിച്ചാല്‍ ലഭിക്കുന്ന സര്‍ക്കാര്‍ ജോലി തനിക്കു ലഭിക്കാനായാണു കൊലപാതകം നടത്തിയതെന്നും പങ്കജ് പോലീസിനോടു പറഞ്ഞു. ഒരു ലക്ഷം രൂപ നല്‍കിയാണു മൂന്നു വാടകക്കൊലയാളികളെ ഏര്‍പ്പെടുത്തിയതെന്നും ഇവരില്‍ ഒരാളെ അറസ്റ്റ് ചെയ്തതായും ബുലന്ദേശ്വര്‍ പോലീസ് മേധാവി അശോക് കുമാര്‍ അറിയിച്ചു. മറ്റു രണ്ടു വാടകക്കൊലയാളികള്‍ക്കു വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്.

Top