സര്‍ക്കാരിലെ പ്രതിസന്ധി: ‘അപ്രധാനമായ’ തസ്തികകള്‍ തേടി പൊലീസ് ഉദ്യോഗസ്ഥര്‍

തിരുവനന്തപുരം: ബാര്‍ കോഴയില്‍ തട്ടി സര്‍ക്കാര്‍ ഏതു നിമിഷവും നിലംപൊത്തുമെന്ന അഭ്യൂഹം ശക്തമായിരിക്കെ ക്രമസമാധാന ചുമതല കൈവിട്ട് സ്‌പെഷ്യല്‍ യൂണിറ്റുകളിലേക്ക് ചേക്കാറാന്‍ പൊലീസില്‍ തിരക്ക്.

കേരള ചരിത്രത്തില്‍ ഇന്നുവരെ ഭരണ തുടര്‍ച്ച ഒരു മുന്നണിക്കും ജനങ്ങള്‍ നല്‍കാത്ത സാഹചര്യത്തില്‍ ചരിത്രം ആവര്‍ത്തിക്കുമെന്ന വിശ്വാസത്തില്‍ ‘ഭാവി’ മുന്‍കൂട്ടി കണ്ടാണ് ഒരു വിഭാഗം പൊലീസ് ഉദ്യോഗസ്ഥരുടെ തന്ത്രപരമായ നീക്കം.

എസ്.ഐ തലംമുതല്‍ എഡിജിപി തലംവരെയുള്ള ഉന്നത ഉദ്യോഗസ്ഥരാണ് ഒതുക്കല്‍ പോസ്റ്റുകളായി അറിയപ്പെടുന്ന സ്‌പെഷ്യല്‍ യൂണിറ്റുകളിലേക്ക് മടങ്ങാന്‍ ശ്രമിക്കുന്നത്. സരിതാ വിവാദത്തില്‍ പെട്ട വിവാദ ഐപിഎസ് ഉദ്യോഗസ്ഥനും ഇതില്‍പെടും.

ഇടതുപക്ഷം അധികാരത്തില്‍ വരികയാണെങ്കില്‍ അവരുടെ കണ്ണില്‍ ‘കരടാവാതിരിക്കാനാണ്’ തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ധൃതിപ്പെട്ട് ഇപ്പോള്‍ സ്ഥലം മാറ്റത്തിന് ശ്രമിക്കുന്നത്.

എംഎല്‍എ മാരും മന്ത്രിമാരും അടക്കമുള്ള ഉന്നത നേതാക്കളുടെ ശുപാര്‍ശയില്‍ ക്രമസമാധാന പാലന രംഗത്ത് തന്ത്രപ്രധാനമായ പോസ്റ്റുകളില്‍ നിയമിതരായ ഉദ്യോഗസ്ഥര്‍, തങ്ങളെ നിയമിച്ച രാഷ്ട്രീയ നേതൃത്വത്തിന്റെ പിന്നാലെ തന്നെ സ്ഥലം മാറ്റത്തിനു വേണ്ടിയും ഓടുന്ന കാഴ്ചയാണ് തലസ്ഥാനത്ത്.

എസ്.ഐ, സി.ഐ, ഡിവൈഎസ്പി തലങ്ങളില്‍ ക്രമസമാധാന ചുമതല വഹിക്കുന്നവരാണ് ഇവരില്‍ അധികവും. സ്‌പെഷ്യല്‍ യൂണിറ്റുകളായ ക്രൈം ബ്രാഞ്ച്, വിജിലന്‍സ്, സ്‌പെഷ്യല്‍ ബ്രാഞ്ച്, വിവിധ ജില്ലകളിലെ അഡ്മിനിസ്‌ട്രേഷന്‍, നാര്‍കോട്ടിക്, ക്രൈം ഡിറ്റാച്ച്‌മെന്റ് തുടങ്ങിയ വിഭാഗങ്ങളിലേക്കാണ് ഇപ്പോള്‍ ഡിമാന്‍ഡ്.

ഭരണമാറ്റമുണ്ടാകുമ്പോള്‍ ക്രമസമാധാന ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥരെ സ്‌പെഷ്യല്‍ യൂണിറ്റുകളിലേക്ക് നിയമിക്കുകയും സ്‌പെഷ്യല്‍ യൂണിറ്റുകളില്‍ ഒതുക്കപ്പെട്ട ഉദ്യോഗസ്ഥരെ രാഷ്ട്രീയ താല്‍പര്യം മുന്‍നിര്‍ത്തി ക്രമസമാധാന പാലന ചുമതലയില്‍ നിയമിക്കുകയുമാണ് മാറിവരുന്ന സര്‍ക്കാരുകള്‍ ചെയ്യാറുള്ളത്.

സിപിഎമ്മിന്റെ ‘ഹിറ്റ് ലിസ്റ്റില്‍’ ഇടംപിടിച്ച കണ്ണൂര്‍ ജില്ലയിലെ ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ക്ക് ഇപ്പോള്‍ തന്നെ ചങ്കിടിപ്പ് തുടങ്ങിയിട്ടുണ്ടെങ്കിലും യുഡിഎഫ് നേതാക്കളെ പോലെ വി.എസിലാണ് അവരുടെയും അവസാന പ്രതീക്ഷ.

പിണറായി വിജയന്‍ മുഖ്യമന്ത്രിയാകാതിരിക്കാന്‍ ‘കൈവിട്ട കളിക്ക്’ വി.എസും തയ്യാറാകുമെന്നാണ് ഇവരെല്ലാം പ്രതീക്ഷിക്കുന്നത്.

Top