സര്‍ക്കാരിനെ വെട്ടിലാക്കി ബാലകൃഷ്ണ പിള്ള; ഘടകകക്ഷികളും അസംതൃപ്തര്‍

തിരുവന്തപുരം: ധനമന്ത്രി കെ.എം മാണിക്കെതിരായ ബാകൃഷ്ണപിള്ളയുടെ വെളിപ്പെടുത്തലോടെ ഭരണം അസ്ഥിരതയിലേക്ക്. ഒന്നിനുപിറകെ ഒന്നായി അഴിമതി ആരോപണങ്ങള്‍ ഉയരുന്നതില്‍ യുഡിഎഫ് ഘടകകക്ഷികള്‍ അസ്വസ്ഥരാണ്. എല്ലാ ആരോപണങ്ങളുമുയരുന്നത് ഭരണപക്ഷത്തുനിന്നാണെന്ന അത്യപൂര്‍വമായ സാഹചര്യത്തിലൂടെയാണ് സര്‍ക്കാര്‍ കടന്നുപോകുന്നത്. അതിനിടെ, മാണിയെ ഇനിയും സംരക്ഷിക്കേണ്ടതുണ്ടോയെന്ന ചിന്തയും ചില ഘടകകക്ഷികള്‍ക്കിടയില്‍ ശക്തമായിട്ടുണ്ട്.

നിലവിലെ ആരോപണങ്ങളില്‍ നിന്ന് മാണിക്ക് ഒഴിഞ്ഞുമാറാനാകില്ലെന്ന വിലയിരുത്തലിലാണ് യുഡിഎഫിലെ പ്രമുഖര്‍. തീയില്ലാതെ പുകയുണ്ടാകുമോയെന്നാണിവര്‍ ചോദിക്കുന്നത്. നികുതി ഇളവിന്റെ പേരില്‍ കോടികള്‍ മാണി വാങ്ങുന്നുവെന്നത് നേരത്തെ തന്നെ യുഡിഎഫ് നേതാക്കള്‍ക്ക് വിവരം കിട്ടിയതാണ്. എന്നാല്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാതിരിക്കാന്‍ മൂടിവയ്ക്കുകയായിരുന്നു. ആ ഭൂതത്തെയാണിപ്പോള്‍ ബിജുരമേശ് തുറന്നുവിട്ടത്.

ബാര്‍കോഴ കേസില്‍ വിജിലന്‍സ് സത്യസന്ധമായ അന്വേഷണം നടത്തിയാല്‍ മാണികുടുങ്ങുമെന്ന് മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്ക് നന്നായറിയാം. മാണി പണം ചോദിച്ചതിന്റെ ശബ്ദരേഖയും കൈവശമുണ്ടെന്ന ബിജുവിന്റെ വെളിപ്പെടുത്തല്‍ അവിശ്വാസിക്കേണ്ടതില്ലെന്നാണ് പലരും അടക്കംപറയുന്നത്. മാത്രമല്ല, സാക്ഷിമൊഴി മാറ്റാന്‍ സമ്മര്‍ദം ചെലുത്തിയെന്ന പരാതിയില്‍ മന്ത്രി പി.ജെ ജോസഫും ജോസ് കെ മാണിയും പ്രതിസ്ഥാനത്ത് വന്നേക്കുമെന്നും അവര്‍ ഭയപ്പെടുന്നു.

സോളാര്‍കേസും കളമശ്ശേരി കടകംപള്ളി ഭൂമിതട്ടിപ്പ് കേസും മറികടന്നതുപ്പോലെ ബാര്‍ കോഴ കേസ് മറിക്കാന്‍ അത്രവേഗം കഴിയില്ല.
അതിനിടെ, കോണ്‍ഗ്രസ് മന്ത്രിമാരും കോഴ വാങ്ങിയെന്ന വെളിപ്പെടുത്തലിന്റെ ഭീതിയിലാണ് പല കോണ്‍ഗ്രസ് മന്ത്രിമാരും. ബിജു ആരുടേയും പേര് പുറത്തുവിടത്തതിനാല്‍ പലരും സംശയനിഴലിലാണ്. പണം വാങ്ങിയവരാകട്ടെ ഉള്‍കിടിലത്തിലും.

സര്‍ക്കാരിന്റെ കാലാവധി തീരാന്‍ ഇനി കഷ്ടി ഒന്നര വര്‍ഷമേയുള്ളു അതിനുമുമ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളലിലേക്കുള്ള തെരഞ്ഞെടുപ്പും വരും.

Top