സര്‍ക്കാരിനെതിരെ സിനിമാലോകം തുറന്ന പോരിലേക്ക്

ബജറ്റില്‍ സിനിമാ വ്യവസായത്തിന് അഞ്ച് ശതമാനം വാറ്റ് ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് സിനിമാ ചിത്രീകരണമുള്‍പ്പെടെ നിര്‍ത്തിവച്ച് സമരത്തിന് ചലച്ചിത്രലോകം.വെള്ളിമൂങ്ങ എന്ന ചിത്രത്തിന് ശേഷം മലയാളത്തില്‍ ഒരു സിനിമ പോലും കാര്യമായി ഓടിയിട്ടില്ലെന്നും ഇത്രമേല്‍ പ്രതിസന്ധി ചലച്ചിത്രമേഖല നേരിടുന്ന സാഹചര്യത്തില്‍ വാറ്റ് നികുതി പോലെ അധികബാധ്യത സിനിമാമേഖലയില്‍ ചുമത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് നിര്‍മ്മാതാവും കെഎസ്എഫ്ഡിസി അംഗവുമായ മണിയന്‍പിള്ള രാജു പറഞ്ഞു.

വാറ്റ് ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് നടന്‍ ദിലീപ്,ഇടവേള ബാബു,മണിയന്‍ പിള്ള രാജു,സിദ്ദീഖ്,ഷാജി കൈലാസ്,ഇബ്രാഹിംകുട്ടി എന്നിവര്‍ കെഎസ്എഫ്ഡിസിയില്‍ നിന്ന് കൂട്ടരാജിക്ക് സന്നദ്ധത അറിയിച്ചിരിക്കുകയാണ്.

ചിത്രാഞ്ജലിയുമായി നിസ്സഹകരിച്ചുകൊണ്ടും സര്‍ക്കാര്‍ പരസ്യങ്ങളില്‍ നിന്ന് പിന്‍മാറിയും ആദ്യഘട്ടത്തില്‍ പ്രതിഷേധിക്കാനാണ് സിനിമാ മേഖലയുടെ ആലോചന എന്നറിയുന്നു. അതേ സമയം ഗൂഢതാല്‍പ്പര്യമാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് പിന്നിലെന്ന് കെഎസ്എഫ്ഡിസി അംഗവും നടനുമായ സലിംകുമാര്‍ പറഞ്ഞു.

സര്‍ക്കാരുമായി പരസ്യങ്ങളിലോ, ഔദ്യോഗിക ചടങ്ങുകളിലോ സഹകരിക്കേണ്ടെന്ന തീരുമാനത്തിലേക്കാണ് സിനിമാ മേഖല നീങ്ങുന്നത്. കെഎസ്എഫ്ഡിസി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് സാബു ചെറിയാനെ നീക്കിയതിലുളള പ്രതിഷേധവും സിനിമാമേഖലയ്ക്കുണ്ട്.

കെഎസ്എഫ്ഡിസി ഭാരവാഹി സ്ഥാനം ഒഴിഞ്ഞ് സര്‍ക്കാരുമായി നിസ്സഹകരണം പ്രഖ്യാപിക്കാമെന്ന നിലപാടാണ് അമ്മയും സ്വീകരിച്ചിരിക്കുന്നതെന്ന് താരസംഘടനയായ അമ്മ വൈസ് പ്രസിഡന്റ് ഇടവേള ബാബുവും പറഞ്ഞു.

Top