സരിതയുടെ വിവാദ കത്ത്; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: ജോസ് കെ മാണിക്കെതിരെ സരിതയുടെ പേരില്‍ വന്ന കത്തിനെ കുറിച്ച് പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി.

ജയിലില്‍ കിടന്നപ്പോള്‍ സരിത എഴുതിയതായി പറയപ്പെടുന്ന കത്തിലെ മൂന്ന് പേജുകളാണ് ഇന്നലെ ദൃശ്യമാധ്യമങ്ങള്‍ വഴി പുറത്തായത്. ആരാണ് ഈ കത്ത് മാധ്യമങ്ങള്‍ക്ക് നല്‍കിയത്? ബാക്കി കത്തിന്റെ ഭാഗങ്ങള്‍ ഉണ്ടോ? ഉണ്ടെങ്കില്‍ അത് ആരുടെ കൈവശമാണ് ഉള്ളത്? എന്നതിനെ കുറിച്ചാണ് പ്രധാനമായും രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കുന്നത്.

കത്ത് താന്‍ എഴുതിയതല്ലെന്ന് സരിത പറഞ്ഞിട്ടുണ്ടെങ്കിലും ഈ വാദം മാത്രം മുഖവിലക്കെടുത്തല്ല അന്വേഷണം. കത്ത് സംബന്ധമായി അന്വേഷണം ആവശ്യപ്പെട്ട് ജോസ് കെ മാണിയും സരിതയും പരാതി നല്‍കുന്നതിന് മുന്‍പ് തന്നെയാണ് ആരോപണത്തിന്റെ അടിവേര് തേടി രഹസ്യാന്വേഷണ വിഭാഗം വ്യാപകമായ അന്വേഷണം തുടങ്ങിയിട്ടുള്ളത്.

പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ തന്നെ ലൈംഗികമായി ഉപയോഗിച്ചുവെന്ന സരിതയുടെ ഗുരുതരമായ ആരോപണം പുറത്തായ കത്തിലുള്ളതിനാല്‍ മറ്റ് യുഡിഫിലെ ഉന്നതര്‍ക്കെതിരെ ഇനി വരാനിരിക്കുന്ന കത്തിലെ ബാക്കി ഭാഗങ്ങളിലുണ്ടാവുമോയെന്ന ആശങ്ക സര്‍ക്കാരിനുണ്ട്. ഈ ഒരു സാഹചര്യം കൂടി കണക്കിലെടുത്താണ് കത്തിന്റെ ഉറവിടം തേടി പൊലീസ് പരക്കം പായുന്നത്.

അതേസമയം സരിതയുടെയും ജോസ് കെ മാണിയുടെയും പരാതി ലഭിക്കുന്ന മുറക്ക് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് തുടരന്വേഷണം നടത്താന്‍ പൊലീസ് ഉന്നത തലത്തില്‍ ധാരണയായിട്ടുണ്ട്.

കത്തിന്റെ വിശ്വാസ്യത വിലയിരുത്താന്‍ ഫോറന്‍സിക് ലാബിലെ വിദഗ്ധ പരിശോധനയ്ക്ക് അയക്കും. ഇവിടെ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ നടപടി.

കത്ത് പുറത്തുവിട്ടവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകണമെന്ന് കേരള കോണ്‍ഗ്രസ് ശക്തമായ നിലപാട് എടുത്തതിനാല്‍ പിന്നോട്ട് പോകാന്‍ പറ്റാത്ത അവസ്ഥയിലാണ് ആഭ്യന്തര വകുപ്പ്.

Top