സമ്പൂര്‍ണ മദ്യനയം പലതവണ പരാജയപ്പെട്ടതെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: സമ്പൂര്‍ണ മദ്യനയം പലതവണ പരാജയപ്പെട്ട നയമാണെന്ന് സുപ്രീം കോടതി. ഇതാണോ സര്‍ക്കാര്‍ നടത്താന്‍ ശ്രമിക്കുന്നതെന്ന് കോടതി ചോദിച്ചു. എത് പഠനത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ മദ്യനയം നടപ്പിലാക്കിയതെന്നും കോടതി ആരാഞ്ഞു.

സംസ്ഥാന സർക്കാരിന്റെ മദ്യനയത്തിന്റെ പ്രഖ്യാപിത ലക്ഷ്യം സമ്പൂർണ മദ്യനിരോധനമാണ്. അത് ഘട്ടം ഘട്ടമായി നടപ്പാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് സംസ്ഥാന സർക്കാരിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിപൽ പറ‍ഞ്ഞപ്പോഴാണ് കോടതി ഇത്തരമൊരു ചോദ്യം ചോദിച്ചത്. ‍

കേരളത്തിലും മുൻപ് സമ്പൂർണ മദ്യനിരോധനം പ്രഖ്യാപിച്ച് പിന്നീട് പിൻവലിച്ചതാണ്. ഇത്തരത്തിൽ പരാജയപ്പെട്ട പരീക്ഷണം വീണ്ടും നടത്തുന്നതിന് പിന്നിലെ അടിസ്ഥാനമെന്തെന്ന് കോടതി ചോദിച്ചു. എന്നാൽ ഇതൊരു പരീക്ഷണമാണ്, കേരളത്തിലെ സാമൂഹിക യാഥാർഥ്യങ്ങൾ ഉൾക്കൊണ്ടാണ് ഇത്തരത്തിൽ ഒരു നയം നടപ്പാക്കിയതെന്ന് കപിൽ സിപൽ മറുപടി നൽകി.

കേരളത്തിലെ യുവാക്കൾ അമിതമായ തോതിൽ മദ്യത്തിന് അടിമകളാകുന്ന സാഹചര്യമാണുള്ളത്. ഇത് നിയന്ത്രിക്കണമെന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യമുയർന്നിരുന്നു. ജനാധിപത്യ അടിസ്ഥാനത്തിൽ അധികാരത്തിൽ എത്തിയ സർക്കാർ എന്ന നിലയിൽ ജനങ്ങളുടെ ആവശ്യം അംഗീകരിക്കേണ്ടതുണ്ട്. അതിനാൽ തന്നെ പരീക്ഷണാടിസ്ഥാനത്തിലാണ് മദ്യനിരോധനം നടപ്പിലാക്കുന്നതെന്ന് കപിൽ സിപൽ കോടതിയിൽ പറ‍ഞ്ഞു.

ഇനി ഈ നയത്തിൽ എന്തെങ്കിലും കുറവുകൾ വന്നിട്ടുണ്ടെങ്കിൽ ഫൈവ് സ്റ്റാർ ഹോട്ടലുകളിലെ ബാർ ലൈസൻസും റദ്ദാക്കുമെന്ന് സർക്കാരിനായി ഹാജരായ കപിൽ സിപൽ അറിയിച്ചു. ബാർ ലൈസൻസ് അനുവദിച്ചതിൽ വിവേചനം കാണിച്ചില്ലെന്ന് സർക്കാർ വ്യക്തമാക്കി. മദ്യത്തിന്റെ വീര്യമല്ല അളവാണ് പ്രധാനമെന്നും കോടതി ചൂണ്ടിക്കാണിച്ചു.

Top