സമ്പന്ന കായിക താരങ്ങളുടെ പട്ടികയില്‍ ഫ്‌ളോയിഡ് മെയ്‌വെതര്‍ ഒന്നാമത്

ന്യൂയോര്‍ക്ക്: ഫോബ്‌സ് മാസികയുടെ ലോകത്തെ 100 സമ്പന്ന കായിക താരങ്ങളുടെ പട്ടികയില്‍ അമേരിക്കന്‍ ബോക്‌സര്‍ ഫ്‌ളോയിഡ് മെയ്‌വെതര്‍ ഒന്നാമത്. 30 കോടി യുഎസ് ഡോളറാണ് മെയ് വെതറിന്റെ ആസ്തി. നാല് വര്‍ഷത്തിനിടെ ഇത് മൂന്നാം തവണയാണ് മെയ്‌വെതര്‍ ഫോബ്‌സ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തുന്നത്. കായികതാരങ്ങളുടെ വരുമാനത്തിലും മെയ്‌വെതര്‍ റെക്കോര്‍ഡ് തിരുത്തി. 2008ല്‍ 11.5 കോടി യുഎസ് ഡോളര്‍ വരുമാനം സ്വന്തമാക്കിയ ടൈഗര്‍ വുഡ്‌സിന്റെ റെക്കോര്‍ഡ് ആണ് മെയ്‌വെതര്‍ തിരുത്തിയത്. നൂറ്റാണ്ടിന്റെ ബോക്‌സിങ് എന്ന വിശേഷണം ലഭിച്ച മത്സരത്തില്‍ ഫിലിപ്പീന്‍സ് താരം മാനി പക്വിയാവോയെ മെയ്‌വെതര്‍ തോല്‍പ്പിച്ചിരുന്നു.

ഇന്ത്യയില്‍ നിന്നും ഇക്കുറി ഇടംപിടിച്ചത് മഹേന്ദ്ര സിംഗ് ധോണി മാത്രം. പട്ടികയില്‍ 23-ാം സ്ഥാനത്താണ് ധോണി. കഴിഞ്ഞ വര്‍ഷം ധോണി 22ാം സ്ഥാനത്തായിരുന്നു. 3.1 കോടി ഡോളറാണ് ധോണിയുടെ സമ്പാദ്യം. പരസ്യത്തില്‍ നിന്നും 2.3 കോടി യുഎസ് ഡോളറും പ്രതിഫലമായി കൈപ്പറ്റിയ 40 ലക്ഷം യുഎസ് ഡോളറുമാണ് ധോണിയുടെ മൊത്തം വരുമാനം.

മാനി പക്വിയാവോ ആണ് മെയ്‌വെതറിന് പിന്നില്‍ രണ്ടാമത്.(16 കോടി യുഎസ് ഡോളര്‍). ക്രിസ്റ്റിയാനോ റൊണോള്‍ഡോ ആണ് മൂന്നാമത്.(7.96 യുഎസ് ഡോളര്‍). ലയണല്‍ മെസി നാലാമതും(7.38 കോടി യുഎസ് ഡോളര്‍, ഫെഡറര്‍ അഞ്ചാം സ്ഥാനത്തും(6.7 കോടി യുഎസ് ഡോളര്‍) നില്‍ക്കുന്നു. ഗോള്‍ഫ് താരം ടൈഗര്‍ വുഡ്‌സും ടെന്നീസ് താരം റോജര്‍ ഫെഡററും മുന്‍നിര സ്ഥാനങ്ങളിലുണ്ട്.

നൊവാക് ദ്യോക്കോവിച്ച്(13), ജര്‍മ്മന്‍ ഫോര്‍മുല വണ്‍ ഡ്രൈവര്‍ സെബാസ്റ്റ്യന്‍ വെറ്റല്‍(21), ടെന്നീസ് താരം റാഫേല്‍ നദാല്‍(22), വെയ്ന്‍ റൂണി(34), ജമൈക്കന്‍ സ്പ്രിന്റര്‍ ഉസൈന്‍ ബോള്‍ട്ട്(73) എന്നിവരാണ് ഫോബ്‌സ് പട്ടികയിലുള്ള മറ്റ് പ്രമുഖര്‍.

പട്ടികയില്‍ രണ്ട് വനിതാ കായിക താരങ്ങള്‍ മാത്രമാണ് ഇക്കുറി ഇടംപിടിച്ചത്. 2.97 കോടി യുഎസ് ഡോളര്‍ വരുമാനവുമായി റഷ്യന്‍ ടെന്നീസ് താരം മരിയ ഷരപ്പോവയും(26) 2.46 കോടി യുഎസ് ഡോളര്‍ വരുമാനവുമായി അമേരിക്കന്‍ ടെന്നീസ് താരം സെറീന വില്യംസും(47).

320 കോടി യുഎസ് ഡോളറാണ് 100 കായിക താരങ്ങളുടേയും മൊത്തം സമ്പത്ത്. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ സമ്പത്തില്‍ 17 ശതമാനം വര്‍ധന.

Top