സമുദായം കൈവിടുമെന്ന ഭീതി; വെള്ളാപ്പള്ളി ബിജെപി ബന്ധംഇല്ല;ഇനി രഹസ്യ ബന്ധം!

ആലപ്പുഴ: ഈഴവ സമുദായം കൈവിടുമെന്ന ഭീതിയില്‍ ബി.ജെ.പി ബന്ധം ഉപേക്ഷിച്ച് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

ബി.ജെ.പിയുമായി ബന്ധം സ്ഥാപിച്ചാല്‍ സി.പി.എം, കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഈഴവ സമുദായത്തിലെ ബഹുഭൂരിപക്ഷം അണികളും കൈവിടുമെന്ന ആശങ്കയില്‍ വെള്ളാപ്പള്ളി നടേശന്‍ ബി.ജെ.പിയുമായി കൂട്ടുചേരാനുള്ള നിലപാട് മാറ്റിയത്.

ശ്രീനാരായണ ഗുരുവിന്റെ ആശയക്കാരായ ഈഴവ സമുദായത്തിലെ ഭൂരിപക്ഷവും ബി.ജെ.പിയുടെ ആശയങ്ങളോട് എതിര്‍പ്പുള്ളവരാണ്. ചെത്തുതൊഴിലാളികള്‍ അടക്കമുള്ള വലിയ വിഭാഗം സി.പി.എമ്മിന്റെ ശക്തമായ വോട്ടുബാങ്കാണ്. ഒരു വിഭാഗം കോണ്‍ഗ്രസിനും ഒപ്പമാണ്.

എസ്.എന്‍.ഡി.പിയില്‍ പ്രവര്‍ത്തിക്കുമ്പോഴും സ്വന്തമായ രാഷ്ട്രീയ നിലപാടുള്ളവരാണ് ഇവര്‍. എസ്.എന്‍.ഡി.പി യോഗം ഒരിക്കലും ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്ക് അനുകൂല നിലപാട് സ്വീകരിച്ചിരുന്നില്ല.

മുമ്പ് ആലപ്പുഴ പാര്‍ലമെന്റ് മണ്ഡലത്തില്‍ വി.എം സുധീരനെതിരെ വെള്ളാപ്പള്ളി നടേശന്‍ പരസ്യമായി രംഗത്തിറങ്ങിയിട്ടും സമുദായാംഗങ്ങള്‍ വെള്ളാപ്പള്ളിയുടെ വാക്കുകള്‍ക്ക് വില കല്‍പിക്കാതെ സുധീരന് വോട്ടു ചെയ്യുകയായിരുന്നു. വന്‍ ഭൂരിപക്ഷത്തില്‍ സുധീരന്‍ ജയിക്കുകയും ചെയ്തു.

കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ മത്സരിച്ച കെ.സി വേണുഗോപാലും വെള്ളാപ്പള്ളിയുടെ എതിര്‍പ്പിനെ മറികടന്നാണ് വിജയിച്ചത്.

ഇരു മുന്നണികളെയും ഭീഷണിപ്പെടുത്തിയും സമ്മര്‍ദ്ദത്തിലാക്കിയും വിലപേശല്‍ നടത്തുകയല്ലാതെ പരസ്യമായി രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ കൈപൊള്ളുമെന്നാണ് സമുദായ സംഘടനകളുടെ അനുഭവം.

മുന്‍ മന്ത്രി ആര്‍. ബാലകൃഷ്ണപിള്ളയെ ഇടമലയാര്‍ അഴിമതി കേസില്‍ ജയിലിലടച്ചതില്‍ പ്രതിഷേധിച്ച് കൊട്ടാരക്കരയില്‍ ബാലകൃഷ്ണപിള്ളയുടെ സ്ഥാനാര്‍ത്ഥിയെ എന്‍.എസ്.എസ് പരസ്യമായി പിന്തുണച്ചിട്ടും അവിടെ സി.പി.എമ്മിലെ ആയിഷാ പോറ്റിയാണ് ജയിച്ചത്.

മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ആര്‍. ശങ്കര്‍, എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി ആയിരുന്നപ്പോള്‍ പോലും സംഘടനയെ കോണ്‍ഗ്രസ് പക്ഷത്തേക്ക് കൊണ്ടുപോയിരുന്നില്ല.

വെള്ളാപ്പള്ളി ഡല്‍ഹിയില്‍ പോയി ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുമായി ചര്‍ച്ച നടത്തിയാണ് രാഷ്ട്രീയ മോഹങ്ങള്‍ തുറന്നത്. ബി.ജെ.പിയുമായി സഹകരിച്ച് കേരളത്തില്‍ രാഷ്ട്രീയ ശക്തിയായി മാറുക എന്ന നിലപാടാണ് വെള്ളാപ്പള്ളിയുടെ മകന്‍ തുഷാര്‍ വെള്ളാപ്പള്ളിക്കുള്ളത്.

എസ്.എന്‍.ഡി.പിയെ ബി.ജെ.പി പാളയത്തിലേക്കു കൊണ്ടുപോകാനുള്ള വെള്ളാപ്പള്ളിയുടെ നീക്കത്തിനെതിരെ ശക്തമായാണ് സി.പി.എം രംഗത്തെത്തിയത്. പി.ബി അംഗം പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വെള്ളാപ്പള്ളിക്കെതിരെ ആഞ്ഞടിച്ചിരുന്നു.

കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും നാരായണഗുരുവിനെ നടേശന്‍ ഈഴവ ഗുരുവാക്കുകയാണെന്ന് ആക്ഷേപം ഉയര്‍ത്തിയിരുന്നു. എസ്.എന്‍.ഡി.പി യോഗത്തിന്റെ വേദിയില്‍ വച്ചുതന്നെയായിരുന്നു അപ്രതീക്ഷിതമായ വി.എസിന്റ ഈ പ്രഹരം.

നിലവിലെ സാഹചര്യത്തില്‍ ബി.ജെ.പിയുമായി പരസ്യമായി കൂട്ടുകൂടില്ലെങ്കിലും രഹസ്യമായി ചില നീക്കുപോക്കുകളുണ്ടാക്കാനാണ് വെള്ളാപ്പള്ളിയുടെ നീക്കമെന്നും സൂചനയുണ്ട്.

Top