സമാധാനത്തിനുള്ള നൊബേല്‍ പുരുസ്‌ക്കാരം ടുണീഷ്യന്‍ കൂട്ടായ്മയായ നാഷണല്‍ ഡയലോഗ് ക്വാര്‍ടെറ്റിന്

ഓസ്‌ലോ: ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ടുണീഷ്യന്‍ നാഷണല്‍ ഡയലോഗ് ക്വര്‍ഡെറ്റിന്. അറബ് ലോകത്തെയാകെ പിടിച്ചു കുലുക്കിയ 2010-11 ലെ മുല്ലപ്പൂ വിപ്ലവത്തിന്‌ശേഷം ടുണീഷ്യയില്‍ ബഹുസ്വര ജനാധിപത്യത്തിന് അടിത്തറ പാകിയതിനാണ് ഈ കൂട്ടായ്മയ്ക്ക് പുരസ്‌കാരം നല്‍കുന്നതെന്ന് നൊബേല്‍ സമാധാന കമ്മിറ്റി അറിയിച്ചു.

മുല്ലപ്പൂ വിപ്ലവത്തിന് ശേഷം ടുണീഷ്യയില്‍ സമാധാന ചര്‍ച്ചകള്‍ക്ക് നേതൃത്വം വഹിച്ചത് ടുണീഷ്യന്‍ നാഷണല്‍ ഡയലോഗ് ക്വാര്‍ഡെറ്റാണെന്നു പുരസ്‌കാരം പ്രഖ്യാപിച്ചുകൊണ്ട് നൊബേല്‍ സമാധാന കമ്മിറ്റി വ്യക്തമാക്കി. ഈജിപ്ത്, യെമന്‍, ലിബിയ തുടങ്ങിയ രാജ്യങ്ങളില്‍ ജനാധിപത്യത്തിനു വേണ്ടിയുള്ള പ്രക്ഷോഭം ശക്തി പ്രാപിച്ചത് ടുണിഷ്യയില്‍ ആരംഭിച്ച മുല്ലപ്പൂ വിപ്ലവത്തോടെയായിരുന്നു.

2013ല്‍ നാലു സംഘടനകള്‍ ചേര്‍ന്നാണ് ഈ കൂട്ടായ്മയ്ക്ക് തുടക്കമിട്ടത്. രാഷ്ട്രീയ കൊലപാതകങ്ങളും അശാന്തമായ സാമൂഹിക ചുറ്റുപാടുകളും നിമിത്തം രാജ്യത്തിന്റെ ജനാധിപത്യവല്‍ക്കരണം തീര്‍ത്തും അപകടാവസ്ഥയില്‍ നില്‍ക്കവെയാണ് സംഘടന സ്ഥാപിതമായതെന്ന് നൊബേല്‍ സമാധാന കമ്മിറ്റി ചൂണ്ടിക്കാട്ടി. ആഭ്യന്തര യുദ്ധത്തിലേക്ക് നീങ്ങുകയായിരുന്ന ടുണീഷ്യയില്‍ വ്യതിരക്തവും സമാധാനപരവുമായ രാഷ്ട്രീയ അന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു സംഘടനയെന്നും നൊബേല്‍ കമ്മിറ്റി പറഞ്ഞു. ചുരുങ്ങിയ കാലയളവിനുള്ളില്‍, മതപരവും രാഷ്ട്രീയപരവും ലിംഗപരവുമായ വ്യത്യാസങ്ങള്‍ക്കപ്പുറം രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും മൗലികാവകാശങ്ങള്‍ ഉറപ്പുവരുത്തുന്ന ഒരു ജനാധിപത്യ ഭരണ സംവിധാനം സൃഷ്ടിക്കുന്നതില്‍ ഈ കൂട്ടായ്മ വലിയ പങ്കാണ് വഹിച്ചതെന്നും നൊബേല്‍ സമാധാന കമ്മിറ്റി അഭിപ്രായപ്പെട്ടു.

ടുണീഷ്യന്‍ ജനറല്‍ ലേബര്‍ യൂണിയന്‍, ടുണീഷ്യന്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്‍ഡസ്ട്രി ട്രേഡ് ആന്‍ഡ് ഹാന്‍ഡിക്രാഫ്റ്റ്‌സ്, ടുണീഷ്യന്‍ ഹ്യൂമന്‍ റൈറ്റ്‌സ് ലീഗ്, ടൂണീഷ്യന്‍ ഓര്‍ഡര്‍ ഓഫ് ലോയേഴ്‌സ് എന്നീ സംഘടനകളാണ് ടുണീഷ്യന്‍ നാഷണല്‍ ഡയലോഗ് ക്വാര്‍ഡെറ്റിന് പിന്നില്‍. സമാധാന നൊബേല്‍ നേടുന്ന 27–മത്തെ സംഘടനയാണ് ടുണീഷ്യന്‍ നാഷണല്‍ ഡയലോഗ് ക്വാര്‍ഡെറ്റ്. നൊബേല്‍ സമാധാന സമ്മാനം നല്‍കാനാരംഭിച്ചതു മുതല്‍ ഇതുവരെ 129 പുരസ്‌കാര ജേതാക്കള്‍ ഉണ്ടായിട്ടുണ്ട്. ഇതില്‍ 103 വ്യക്തികളും 26 സംഘടനകളും ഉള്‍പ്പെടുന്നു.

ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍, ഫ്രാന്‍സിസ് മാര്‍പാപ്പ, ഇറ്റാലിയന്‍ കത്തോലിക്ക വൈദികന്‍ മുസൈ സെറെ, യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍, കൊളംബിയന്‍ പ്രസിഡന്റ് ജുവാന്‍ മാനുവല്‍ സാന്റോസ്, കൊളംബിയന്‍ റെവലൂഷണറി ആംഡ് ഫോഴ്‌സ് നേതാവ് ടിമോലീന്‍ ജിമെന്‍സ്, റഷ്യന്‍ പത്രം നൊവായയുടെ പത്രാധിപര്‍ ദിമിത്രി മുറാദോവ്, എഡ്വാര്‍ഡ് സ്‌നോഡന്‍ തുടങ്ങിയവരെ പിന്തള്ളിയാണ് ടുണീഷ്യന്‍ നാഷണല്‍ ഡയലോഗ് ക്വാര്‍ഡെറ്റ് പുരസ്‌കാരം നേടിയത്.

68 സന്നദ്ധ സംഘടനകളും 205 വ്യക്തികളും അടക്കം 273 നോമിനേഷനുകളാണ് ഇത്തവണ നോബേല്‍ സമാധാന പുരസ്‌കാരത്തിനായി പരിഗണിച്ചത്.

Top