സണ്‍റൈസേഴ്‌സിനെതിരെ ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനു നാലു വിക്കറ്റിന്റെ ജയം

-kohli

ഹൈദരാബാദ്: ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനു നാലു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന വിജയം. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഉയര്‍ത്തിയ റണ്‍മല താണ്ടിയാണ് ബാംഗളൂര്‍ വിജയം പിടിച്ചെടുത്ത് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തിയത്.

ഹൈദരാബാദ് ഉപ്പല്‍ സ്റ്റേഡിയത്തില്‍ ആദ്യം കളിച്ചതു മഴയായിരുന്നു. മഴ മാറി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ് റണ്‍മഴയും പെയ്യിച്ചു. മഴമൂലം 11 ഓവറായി ചുരുക്കിയ മത്സരത്തില്‍ ഹൈദരാബാദ് ബാംഗളൂരിനു വെച്ചുനീട്ടിയതു മൂന്നു വിക്കറ്റിന് 136 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം. ബാംഗളൂര്‍ മറുപടി ബാറ്റിംഗിന് ഇറങ്ങുംമുമ്പ് മഴ വീണ്ടും ഇറങ്ങിക്കളിച്ചു. ഇതോടെ വിജയലക്ഷ്യം ഡെക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം 81 റണ്‍സായി പുനര്‍നിര്‍ണയിച്ചു. എന്നാല്‍ ഹിമാലയന്‍ വിജയലക്ഷ്യത്തിലേക്കു ബാംഗളൂര്‍ നിര്‍ഭയമായാണു ബാറ്റുവീശിയത്.

ഓപ്പണറായി എത്തിയ ഗെയില്‍ 10 പന്തില്‍ 35 റണ്‍സ് അടിച്ചുകൂട്ടി ലക്ഷ്യം വിജയം തന്നെയെന്നു ഹൈദരബാദിനു മുന്നറിയിപ്പ് നല്‍കി. ഗെയിലാട്ടം കഴിഞ്ഞ ശേഷം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി പുറത്താകാതെ നിന്ന് ഒറ്റയ്ക്കു ടീമിനെ വിജയത്തിലേക്ക് എത്തിച്ചു. കോഹ്‌ലി 19 പന്തില്‍ നിന്നു 44 റണ്‍സ് നേടി. ഇതിനിടെ ഡിവില്ലിയേഴ്‌സും (0) മന്‍ദീപ് സിംഗും (1) ദിനേഷ് കാര്‍ത്തിക്കും (2) വന്നതുപോലെ തിരിച്ചുപോയിരുന്നു. എന്നാല്‍ കോഹ്‌ലി ബാംഗളൂരിനെ അസാധ്യമായ വിജയത്തിലേക്ക് അനായാസം നയിക്കുകയായിരുന്നു. ജയിക്കാന്‍ രണ്ട് പന്തില്‍ നാലു റണ്‍സ് വേണ്ടിയിരിക്കെ കോഹ്‌ലിയുടെ ക്യാച്ച് സിക്‌സ് ആക്കി മാറ്റിയ സണ്‍റൈസേഴ്‌സ് നായകന്‍ ഡേവിഡ് വാര്‍ണറുടെ മണ്ടത്തരമാണു കളിയില്‍ നിര്‍ണായകമായത്. കോഹ്‌ലി തന്നെയാണു കളിയിലെ കേമന്‍.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റു ചെയ്ത സണ്‍റൈസേഴ്‌സിനു മോയിസ് ഹെന്റിക്കസിന്റെയും (22 പന്തില്‍ 57) ഡേവിഡ് വാര്‍ണറുടെയും (32 പന്തില്‍ 52 നോട്ടൗട്ട്) ഇന്നിംഗ്‌സുകളാണു വമ്പന്‍ സ്‌കോര്‍ നല്‍കിയത്.

Top