സച്ചിന്‍ ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റ്: പരിശീലകന്‍ ഗ്രെഗ് ചാപ്പല്‍

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയല്ലെന്ന് മുന്‍ പരിശീലകന്‍ ഗ്രെഗ് ചാപ്പല്‍. നായകന്‍ സ്ഥാനത്തു നിന്നും രാഹുല്‍ ദ്രാവിഡിനെ നീക്കാന്‍ താന്‍ ആവശ്യപ്പെട്ടുവെന്ന ആരോപണം തെറ്റാണെന്ന് ഗ്രെഗ് ചാപ്പല്‍ പറഞ്ഞു.

സച്ചിന്‍ പറഞ്ഞത് അസത്യമാണ്. ദ്രാവിഡിനെ നായക സ്ഥാനത്തുനിന്നും നീക്കണമെന്നും പകരം സച്ചിന്‍ നായക സ്ഥാനം ഏറ്റെടുക്കണമെന്നും താന്‍ ആവശ്യപ്പെട്ടിട്ടില്ല. സച്ചിന്റെ വസതി സന്ദര്‍ശിച്ചത് അദ്ദേഹത്തിന്റെ സുഖ വിവരം അന്വേഷിക്കാന്‍ മാത്രമായിരുന്നുവെന്നും ചാപ്പല്‍ പറഞ്ഞു.

2007 ലോകകപ്പിന് തൊട്ടുമുമ്പ് ദ്രാവിഡിനെ നായകസ്ഥാനത്തു നിന്ന് നീക്കി തന്നോട് നായകസ്ഥാനം ഏറ്റെടുക്കാന്‍ ചാപ്പല്‍ വീട്ടിലെത്തി ആവശ്യപ്പെട്ടിരുന്നുവെന്ന് സച്ചിന്‍ ആത്മകഥയില്‍ പറയുന്നു. വ്യാഴാഴ്ച പുറത്തിറങ്ങാനിരിക്കുന്ന സച്ചിന്റെ ആത്മകഥ ‘പ്ലേയിംഗ് ഇറ്റ് മൈ വേ’യിലാണ് പുതിയ വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്. ഒരു റിംഗ് മാസ്റ്ററെപ്പോലെ തന്റെ ആശയങ്ങള്‍ കളിക്കാര്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കാനായിരുന്നു ചാപ്പല്‍ എല്ലായ്‌പ്പോഴും ശ്രമിച്ചത്. കളിക്കാരുടെ അസൗകര്യമോ അതൃപ്തിയോ അദ്ദേഹം പരിഗണിച്ചതേയില്ലെന്നും സച്ചിന്‍ പറയുന്നു.

അതേസമയം, സച്ചിന്റെ വെളിപ്പെടുത്തലിനോട് പ്രതികരിക്കേണ്ടെന്ന നിലപാടിലാണ് ദ്രാവിഡ്. 2005 മുതല്‍ 2007 ലോകകപ്പ് വരയെയായിരുന്നു ചാപ്പല്‍ ഇന്ത്യന്‍ പരിശീലകനായിരുന്നത്.

Top