സച്ചിനെ വിമര്‍ശിച്ചിട്ടില്ല,തന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിച്ചതാണെന്ന് കപില്‍ദേവ്

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറിനെ വിമര്‍ശിച്ചിട്ടില്ലെന്ന് കപില്‍ദേവ്. തന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണ്. ഇതിന്റെ ചുവടുപിടിച്ച് വ്യാപക വിമര്‍ശം ഉയര്‍ന്നതില്‍ വേദനയുണ്ടെന്ന് കപില്‍ദേവ് പറഞ്ഞു.

ഒരുപക്ഷേ വിവിയന്‍ റിച്ചാര്‍ഡിനേക്കാള്‍ മികച്ച ക്രിക്കറ്റ് താരമാണ് സച്ചിന്‍. സച്ചിന്റെ റെക്കോര്‍ഡുകള്‍ പലര്‍ക്കും എത്തിപ്പിടിക്കാന്‍ കഴിയാത്തത്ര ഉയരത്തിലാണ്. സച്ചിനെ താഴ്ത്തിക്കെട്ടാന്‍ താനൊരിക്കലും ഉദ്ദേശിച്ചിട്ടില്ല. എന്നാല്‍ താന്‍ ആഗ്രഹിച്ചത്ര വളരാന്‍ സച്ചിന് കഴിഞ്ഞില്ല. സച്ചിന് ഇനിയും കൂടുതല്‍ ഉയരങ്ങള്‍ താണ്ടാന്‍ കഴിയുമായിരുന്നുവെന്നാണ് താന്‍ ഉദ്ദേശിച്ചത്. അതിലെന്തെങ്കിലും തെറ്റുണ്ടോയെന്നും കപില്‍ ചോദിച്ചു.

ദുബൈയില്‍ സ്വകാര്യ പരിപാടിയില്‍ പഴയ ഇതിഹാസ താരങ്ങള്‍ക്കൊപ്പം പങ്കെടുക്കവെയാണ് കപില്‍ സച്ചിനെതിരെ വിമര്‍ശമുന്നയിച്ചത്. സ്വന്തം കഴിവിനോട് സചിന്‍ വേണ്ടത്ര നീതി പുലര്‍ത്തിയില്ലെന്നാണ് തന്റെ അഭിപ്രായമെന്ന് കപില്‍ പറഞ്ഞിരുന്നു.

Top