സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തിരിതെളിയും

കോഴിക്കോട്: 55-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തുടക്കമാകും. പ്രധാന വേദിയായ ക്രിസ്ത്യന്‍ കോളേജ് മൈതാനത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തിരി തെളിയിക്കും. ഉദ്ഘാടനച്ചടങ്ങിന് ശേഷം പത്ത് വേദികളിലും മത്സരം നടക്കും. രാവിലെ ഒന്‍പതിന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണ ഭട്ട് പതാക ഉയര്‍ത്തി. പത്തിന് ബി.ഇ.എം. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഉച്ചയ്ക്ക് 2.30ന് കോഴിക്കോട് ബീച്ചില്‍ നിന്ന് ഘോഷയാത്ര. 50 സ്‌കൂളുകളില്‍ നിന്നായി ആറായിരത്തോളം കുട്ടികള്‍ അണിനിരക്കും. 55 സംഗീത അധ്യാപകര്‍ അവതരിപ്പിക്കുന്ന സ്വാഗത ഗാനാലാപനത്തോടെയാണ് ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കമാവുന്നത്. ഗാനഗന്ധര്‍വന്‍ യേശുദാസാണ് മുഖ്യാതിഥി. 17 വേദികളിലായി 232 ഇനങ്ങളില്‍ 11,000 കലാപ്രതിഭകളാണ് ജനവരി 21 വരെ നടക്കുന്ന കലോത്സവത്തില്‍ മാറ്റുരയ്ക്കുന്നത്.

Top