സംസ്ഥാന മന്ത്രിമാരില്‍ സ്‌പെഷ്യല്‍ ഓര്‍ഡര്‍ ഇറക്കാത്ത ഏക മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം:രാഷ്ട്രീയ-ബിസിനസ് താല്‍പര്യങ്ങള്‍ക്കും മറ്റുമായി സ്‌പെഷ്യല്‍ ഓര്‍ഡറുകളുടെ ‘പെരുമഴ’ പെയ്യിക്കുന്ന മന്ത്രമാരില്‍ നിന്നും ഉദ്യോഗസ്ഥരില്‍ നിന്നും വ്യത്യസ്ഥനായി മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി.

ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ വ്യവസായ മന്ത്രിയായി അധികാരമേറ്റെടുത്ത് നാല് വര്‍ഷമായിട്ടും ഒറ്റ സ്‌പെഷ്യല്‍ ഓര്‍ഡര്‍ പോലും വ്യവസായ വകുപ്പില്‍ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഒപ്പിട്ടിട്ടില്ല.

ലീഗ് മന്ത്രിയായി വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്ന പി.കെ അബ്ദുറബ്ബ് സ്‌പെഷ്യല്‍ ഓര്‍ഡറുകളില്‍ അരങ്ങ് തകര്‍ത്ത് ഒന്നാമനായി നില്‍ക്കുമ്പോഴാണ് കുഞ്ഞാലിക്കുട്ടിയുടെ ഈ വേറിട്ട സഞ്ചാരം.

തന്റെ മുന്നിലേക്ക് സ്‌പെഷ്യല്‍ ഓര്‍ഡറിനായി വരുന്ന അപേക്ഷകള്‍ ബന്ധപ്പെട്ട ഡിപ്പാര്‍ട്‌മെന്റിലേക്ക് വിടുകയും ഡിപ്പാര്‍ട്‌മെന്റിലെ വിദഗ്ധ പരിശോധനയ്ക്ക് ശേഷം നിയമാനുസൃതം മാത്രം നല്‍കേണ്ട ഫയലുകളില്‍ തീരുമാനമെടുക്കുകയും ചെയ്യുന്ന രീതിയാണ് കുഞ്ഞാലിക്കുട്ടി പിന്‍തുടരുന്നത്.

ഇക്കാര്യത്തില്‍ അനാവശ്യമായ ഒരു ഇടപെടലും ഉദ്യോഗസ്ഥര്‍ക്കുമേല്‍ ചെലുത്തരുതെന്നും എല്ലാം നിയമ പ്രകാരം മാത്രമായിരിക്കണമെന്നുമാണ് ഓഫീസ് സ്റ്റാഫുകള്‍ക്ക് അദ്ദേഹം നല്‍കിയിരിക്കുന്ന നിര്‍ദേശം. സ്‌പെഷ്യല്‍ ഓര്‍ഡറുകളുടെ കാര്യത്തില്‍ മുഖ്യമന്ത്രി അടക്കമുള്ള മറ്റെല്ലാ മന്ത്രിമാരും പിന്‍തുടരുന്ന നിലവിലെ രീതിയാണ് വ്യവസായ വകുപ്പില്‍ കുഞ്ഞാലിക്കുട്ടി പൊളിച്ചടുക്കിയിരിക്കുന്നത്.

44-ഓളം പൊതു മേഖലാ സ്ഥാപനങ്ങള്‍, ഐ.ടി വകുപ്പ് വാണിജ്യ വകുപ്പ്, കിന്‍ഫ്രാ, കെഎസ്‌ഐഡിസി, ടെക്‌നോപാര്‍ക്ക്, ഇന്‍ഫോ പാര്‍ക്ക്, സൈബര്‍ പാര്‍ക്ക്, കിന്‍ഫ്ര തുടങ്ങിയവെല്ലാം വ്യവസായ വകുപ്പിന്റെ കീഴില്‍ വരുന്നതാണ്. മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിലും, കര്‍ക്കശമായ നിയന്ത്രണങ്ങളാണ് സ്‌പെഷ്യല്‍ ഓര്‍ഡറുകളുടെ കാര്യത്തില്‍ മന്ത്രി ഏര്‍പ്പെടുത്തിയിരിക്കുന്നത്.

മുസ്ലീം ലീഗിന്റെ തന്നെ മറ്റ് മന്ത്രിമാരുടെ വകുപ്പുകളില്‍ സ്‌പെഷ്യല്‍ ഓര്‍ഡറുകള്‍ ഇറങ്ങുമ്പോള്‍ വ്യവസായ മന്ത്രി മാത്രം അതിനോട് മുഖം തിരിക്കുന്നത് യുഡിഎഫ് നേതാക്കളേയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. വിവാദമായ ബാര്‍ കോഴ വിവാദത്തില്‍ കോഴവാങ്ങാത്ത ഏക മന്ത്രി കുഞ്ഞാലിക്കുട്ടിയാണെന്ന് ബാറുടമ ബിജു രമേശ് തുറന്ന് പറഞ്ഞത് ഭരണപക്ഷത്തെ മാത്രമല്ല പ്രതിപക്ഷത്തെയും ഞെട്ടിച്ചിരുന്നു.

രണ്ട് തവണകളായി 50 ലക്ഷം രൂപ കുഞ്ഞാലിക്കുട്ടിക്ക് നല്‍കാനായിരുന്നു ബാറുടമകളുടെ നീക്കം. ഇക്കാര്യങ്ങള്‍ സ്ഥിരീകരിച്ച് ബാര്‍ ഓണേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് വി.എം രാധാകൃഷ്ണനും പരസ്യമായി രംഗത്ത് വന്നിരുന്നു. മന്ത്രി കുഞ്ഞാലിക്കുട്ടിയും സിപിഎം നേതാക്കളും മാത്രമാണ് പണം വാങ്ങാതിരുന്നതെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയിരുന്നത്.

ഐസ്‌ക്രീം വിവാദത്തില്‍പ്പെട്ട് 2005-ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ നിന്ന് രാജിവച്ച കുഞ്ഞാലിക്കുട്ടി ഇത് അഞ്ചാമത്തെ തവണയാണ് സംസ്ഥാന മന്ത്രി സഭയില്‍ അംഗമാകുന്നത്. 1991 മുതല്‍ 95 വരെ കരുണാകരന്റെ മന്ത്രിസഭയിലും 95- 96,2001-2004, കാലഘട്ടങ്ങളില്‍ ആന്റണി മന്ത്രിസഭയിലും 2004 മുതല്‍ 2005 വരെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലും നേരത്തെ കുഞ്ഞാലിക്കുട്ടി മന്ത്രിസ്ഥാനം വഹിച്ചിട്ടുണ്ട്.

ഐസ്‌ക്രീം വിവാദത്തില്‍, കേസില്‍ പ്രതിയല്ലാതിരുന്നിട്ടും ആരോപണമുയര്‍ന്നപ്പോള്‍ മന്ത്രിസ്ഥാനം രാജിവച്ച കുഞ്ഞാലിക്കുട്ടിയുടെ മാതൃക കെ.എം മാണി ബാര്‍ കോഴ കേസില്‍ കാണിക്കണമെന്ന ആവശ്യമാണ് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജും പ്രതിപക്ഷവും ഇപ്പോള്‍ ശക്തമായി ഉന്നയിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

ഐസ്‌ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടി കുറ്റവിമുക്തനായി പുറത്ത് വന്നതുപോലെ കോഴവാങ്ങിയിട്ടില്ലെങ്കില്‍ മാണിക്കും കുറ്റവിമുക്തനാവാമെന്നാണ് അവരുടെ നിലപാട്.

Top