സംസ്ഥാനത്തെ ഒരു ക്രിക്കറ്റ് സ്റ്റേഡിയത്തിന് സച്ചിന്റെ പേരു നല്‍കുമെന്ന് കെസിഎ

തിരുവനന്തപുരം: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ പേര് സംസ്ഥാനത്തെ ഒരു ക്രിക്കറ്റ് സ്റ്റേഡിയത്തിന് നല്‍കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍. ഏത് സ്റ്റേഡിയത്തിനാണ് ഇതിഹാസ താരത്തിന്റെ പേര് നല്‍കേണ്ടതെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും സച്ചിനോട് കൂടി ആലോചിച്ച ശേഷം മാത്രമെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈകൊള്ളുകയുള്ളുവെന്നും കെസിഎ അധ്യക്ഷന്‍ ടിസി മാത്യൂസ് അറിയിച്ചു.

വയനാട് ക്രിക്കറ്റ് സ്റ്റേഡിയത്തിന് പുറമെ മറ്റ് ചില സ്റ്റേഡിയങ്ങള്‍ കൂടി പണി പൂര്‍ത്തിയാക്കി വരുന്നുണ്ട്. ഇതിലേതിന് സ്റ്റേഡിയത്തിന് സച്ചിന്റെ പേര് നല്‍കണമെന്ന കാര്യത്തില്‍ അധികം വൈകാതെ തന്നെ തീരുമാനമെടുക്കും.

സംസ്ഥാനത്തെ 14 ജില്ലകളിലും വിവിധ കായിക ഇനങ്ങള്‍ക്കായുള്ള ഫെസിലിറ്റി സെന്ററുകള്‍ ആരംഭിക്കാന്‍ കെസിഎക്ക് പദ്ധതിയുണ്ടെന്നും ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ഭാഗമായിട്ടാകും ഈ കേന്ദ്രങ്ങള്‍ നിലവില്‍ വരികയെന്നും അറിയിച്ച കെസിഎ സെക്രട്ടറി ഈ സംരംഭവുമായി സഹകരിക്കാന്‍ സച്ചിന് താത്പര്യമുണ്ടോയെന്ന കാര്യം അന്വേഷിക്കുമെന്നും അറിയിച്ചു. രണ്ട് വര്‍ഷക്കാലം സച്ചിനുമായി അടുത്ത പ്രവര്‍ത്തിക്കന്ന പദ്ധതിയാണ് കെസിഎ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.

Top