‘സംസാരം നിര്‍ത്തി കളിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം’ ടീം ഇന്ത്യയോട് ഗവാസ്‌ക്കര്‍

ഗല്ലെ: ശ്രീലങ്കക്കെതിരായ ഒന്നാം ടെസ്റ്റിലെ ഇന്ത്യയുടെ തോല്‍വി ദാരുണമെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌ക്കര്‍. വാക്ചാതുരിക്ക് പകരം കളിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ താരങ്ങള്‍ ശ്രമിക്കണമെന്നും ഗവാസ്‌ക്കര്‍ പറഞ്ഞു.

‘സംസാരം നിര്‍ത്തി ടീം കളിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. എതിര്‍ടീമിനെ തോല്‍പ്പിക്കാന്‍ ആവശ്യമായ കളിമികവ് പുറത്തെടുക്കണം.’ ഗവാസ്‌ക്കര്‍ പറഞ്ഞു.

ഡിഫെന്‍സീവ് ആയാലും അഗ്രസ്സീവ് ആയാലും മികച്ച ക്രിക്കറ്റ് കളിക്കണം. ടീമിന്റെ ജയമാണ് പ്രധാനം. ഇന്ത്യയുടെ തോല്‍വി അതിദാരുണമാണ്. ഒന്നാം ഇന്നിംഗ്‌സില്‍ വലിയ ലീഡ് നേടിയ ഇന്ത്യ ജയിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.

എന്നാല്‍ രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യ തീര്‍ത്തും പരാജയപ്പെട്ടുവെന്നും ഗവാസ്‌ക്കര്‍ പ്രതികരിച്ചു. ഇന്ത്യ തിരിച്ചുവരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ലങ്കന്‍ താരങ്ങളെ ഗവാസ്‌ക്കര്‍ പ്രശംസിച്ചു.

ഗല്ലെ ടെസ്റ്റില്‍ ഇന്ത്യ 63 റണ്‍സിനാണ് പരാജയപ്പെട്ടത്. ഇതോടെ മൂന്ന് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയില്‍ ലങ്ക 10ത്തിന് മുന്നിലെത്തി. രണ്ടാം ഇന്നിംഗ്‌സില്‍ 176 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 112 റണ്‍സിന് ഓള്‍ ഔട്ടായി. ഏഴ് വിക്കറ്റെടുത്ത രങ്കന ഹേരത്താണ് ഇന്ത്യന്‍ ബാറ്റിങ്ങ് നിരയെ തകര്‍ത്തത്.

Top