സംഝോത എക്‌സ്പ്രസ് ട്രെയിന്‍ സര്‍വീസ് റദ്ദാക്കിയ നടപടിയില്‍ പാക്കിസ്ഥാന്‍ ആശങ്ക അറിയിച്ചു

ഇസ്‌ലാമാബാദ്: വ്യാഴാഴ്ചത്തെ സംഝോത എക്‌സ്പ്രസ് ട്രെയിന്‍ സര്‍വീസ് റദ്ദാക്കിയ ഇന്ത്യയുടെ നടപടിയില്‍ പാക്കിസ്ഥാന്‍ ആശങ്ക അറിയിച്ചു. ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ രഘുറാമിനെ വിളിച്ചു വരുത്തിയാണ് പാക് വിദേശകാര്യ മന്ത്രാലയം ആശങ്ക അറിയിച്ചത്.

ട്രെയിന്‍ റദ്ദാക്കല്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഇന്ത്യയുടെ ഭാഗത്തു നിന്ന് ശ്രമം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി പാക്ക് വിദേശമന്ത്രാലയം അറിയിച്ചു. പാക്കിസ്ഥാനിലെയും ഇന്ത്യയിലെയും 200 യാത്രക്കാര്‍ക്ക് ട്രെയിന്‍ റദ്ദാക്കിയതുമൂലം ബുദ്ധിമുട്ടുണ്ടായിട്ടുണ്ട്. ഇന്ത്യന്‍ യാത്രക്കാര്‍ ആവശ്യമായ താമസസൗകര്യം പാക്ക് സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെന്നു പാക്ക് വിദേശകാര്യ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

പഞ്ചാബിലെ കര്‍ഷക സമരത്തെ തുടര്‍ന്നാണ് വ്യാഴാഴ്ച ട്രെയിന്‍ റദ്ദാക്കിയത്. ഇന്ത്യയിലെ ഡല്‍ഹി, അത്താരി എന്നീ സ്ഥലങ്ങളേയും പാകിസ്താനിലെ ലാഹോറിനേയും ബന്ധിപ്പിച്ച് ആഴ്ചയില്‍ രണ്ട് ദിവസം ഓടുന്ന ട്രെയിനാണ് സംഝോത എക്‌സ്പ്രസ്സ്. സൗഹൃദ എക്‌സ്പ്രസ്സ് എന്നാണ് പൊതുവില്‍ ഈ ട്രെയിന്‍ അറിയപ്പെടുന്നത്.

Top