ഷാജി എന്‍ കരുണ്‍ ചിത്രം ഗാഥയില്‍ നിന്ന് മോഹന്‍ലാല്‍ പിന്മാറി

2012 ന്റെ അവസാനത്തില്‍ പറഞ്ഞു തുടങ്ങിയതാണ് ഷാജി എന്‍ കരുണിന്റെ ഗാഥ എന്ന ചിത്രത്തെ കുറിച്ച്. മോഹന്‍ലാലാണ് ചിത്രത്തിലെന്നതും തുടക്കം മുതല്‍ തീരുമാനിച്ച കാര്യമാണ്. എന്നാല്‍ ഒടുവില്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ അനുസരിച്ച് ചിത്രത്തില്‍ നിന്നും ലാല്‍ പിന്മാറി എന്നാണ് കേള്‍ക്കുന്നത്. ലാല്‍ പിന്മാറിയെന്ന് മാത്രമല്ല, ചിത്രം താത്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തു.

ടി പത്മനാഭന്റെ കടല്‍ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ഗാഥ എന്ന ചിത്രമൊരുക്കാന്‍ ഷാജി എന്‍ കരുണ്‍ തീരുമാനിച്ചത്. ഹിന്ദിയിലും മലയാളത്തിലുമായി ഒരുക്കുന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നത് മോഹന്‍ലാലാണെന്നും തുടക്കത്തിലേ ഉറപ്പിച്ചു.

മോഹന്‍ലാലും ഷാജി എന്‍ കരുണും വാനപ്രസ്ഥം എന്ന ചിത്രത്തിന് ശേഷം ഗാഥയിലൂടെ വീണ്ടും ഒന്നിക്കുന്നു എന്നത് ഏറെ ശ്രദ്ധേയമായിരുന്നു

2009 ല്‍ കുട്ടിസ്രാങ്ക് എന്ന ചിത്രം റിലീസ് ആയതിന് ശേഷം ഷാജി എന്‍ കരുണ്‍ ചെയ്യാനിരുന്ന ചിത്രമാണ് ഗാഥ. ചിത്രം നീണ്ടു പോകും എന്നുള്ളതുകൊണ്ട് ഇടയില്‍ ജയറാമിനെ നായകനാക്കി സോപാനം എന്ന ചിത്രമൊരുക്കി. എന്നിട്ടും ഗാഥയിലേക്ക് കടന്നില്ല

എന്നാല്‍ ചിത്രം ഇപ്പോള്‍ താത്കാലികമായി ഉപേക്ഷിച്ചിരിക്കുകയാണെന്ന് സംവിധായകന്‍ അറിയിച്ചു. ലൊക്കേഷന്റെ കാര്യത്തിലും കാസ്റ്റിങിലുമുള്ള പ്രശ്‌നമാണത്രെ കാരണം. പിന്നെ സാമ്പത്തികവും ഒരു കാരണമാണ്. വളരെ ചെലവേറിയ ചിത്രമാണത്രെ ഗാഥ.

അതേ സമയം കഥയിലും കഥാപാത്രത്തിലുമൊക്കെ പൊളിച്ചെഴുത്ത് നടത്തി അടുത്ത വര്‍ഷം ഈ ചിത്രം വീണ്ടും ഒരുക്കാന്‍ തന്നെയാണത്രെ തീരുമാനം.

Top