ഷവോമി ആദ്യമായി ഇന്ത്യയില്‍ ഗ്ലോബല്‍ ലോഞ്ച് സംഘടിപ്പിക്കുന്നു

ചൈനയിലെ ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമി, ഇതാദ്യമായി ഇന്ത്യയില്‍ ഗ്ലോബല്‍ ലോഞ്ച് വെക്കുന്നു. ഏപ്രില്‍ 23നാണ് ഷവോമിയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ആദ്യമായി ഇന്ത്യയില്‍ പുറത്തിറക്കുന്നത്. ട്വിറ്റര്‍ വഴി ഷവോമി തന്നെയാണ് ഇക്കാര്യം അറിയിച്ചതെങ്കിലും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഷവോമി സിഇഒയും സ്ഥാപകനുമായ ലെ ജുന്‍, കമ്പനിയുടെ പ്രസിഡന്റ് ബിന്‍ ലിന്‍ എന്നിവരും ഇന്ത്യയിലെ ചടങ്ങില്‍ പങ്കെടുക്കും. എന്നാല്‍ ഇന്ത്യയില്‍ പുറത്തിറക്കുന്ന ഫോണ്‍ ഏതാണെന്ന് ഷവോമി വെളിപ്പെടുത്തിയിട്ടില്ല. ഏറെനാളായി പറഞ്ഞുകേള്‍ക്കുന്ന ഷവോമിയുടെ ഫ്‌ലാഗ്ഷിപ്പ് ഫോണായ എംഐ5 ആയിരിക്കും ഇന്ത്യയില്‍ പുറത്തിറക്കുകയെന്നാണ് സൂചന. ലോലിപോപ്പ് 5.1ല്‍ അധിഷ്ഠിതമായ എംഐയുഐ7 ഓപ്പറേറ്റിംഗ് സിസ്റ്റമായിരിക്കും ഈ ഫോണില്‍ ഉപയോഗിക്കുകയെന്നും സൂചനകളുണ്ട്.

ഷവോമിയെ സംബന്ധിച്ച് ചൈന കഴിഞ്ഞാല്‍ പ്രധാനവിപണികളിലൊന്നായി ഇന്ത്യ ഇതിനോടകം മാറിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യയെ ഏറെ പ്രാധാന്യത്തോടെയാണ് ഷവോമി നോക്കിക്കാണുന്നതെന്ന് പുതിയ ഗ്ലോബല്‍ ലോഞ്ച് തീരുമാനത്തോടെ കമ്പനി വ്യക്തമാക്കിയിരിക്കുകയാണ്. അടുത്തിടെ അഞ്ചാം വാര്‍ഷികം ആഘോഷിച്ച ഷവോമി, 12 മണിക്കൂറുകള്‍ക്കകം 2.11 മില്യണ്‍ ഫോണുകള്‍ വിറ്റഴിച്ച് ഗിന്നസ് ലോക റെക്കോര്‍ഡില്‍ ഇടം നേടിയിരുന്നു.

Top