ശ്രീനാരായണ ഗുരുവിനെ കുരിശിലേറ്റിയ യൂദാസാണ് സിപിഎമ്മെന്ന് വെള്ളാപ്പള്ളി

കണ്ണൂര്‍: സിപിഐഎം നടത്തിയ ബാലസംഘം ഘോഷയാത്രയില്‍ ശ്രീനാരായണഗുരുവിനെ കുരിശിലേറ്റിയതായി കാണിക്കുന്ന നിശ്ചലദൃശ്യത്തെ ചൊല്ലി വിവാദം. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രത്തില്‍ പ്രതിഷേധവുമായി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തി. ഗുരുവിനെ സിപിഎം അധിക്ഷേപിച്ചെന്നും ഗുരുവിനെ കുരിശിലേറ്റിയ യൂദാസായി പാര്‍ട്ടി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം അത്തരമൊരു ദൃശ്യം ഘോഷയാത്രയിലുണ്ടായിരുന്നില്ലെന്നും സോഷ്യല്‍ മീഡിയയിലുള്ളത് നുണപ്രചാരണമാണെന്നും സിപിഐഎം കണ്ണൂര്‍ ജില്ലാകമ്മിറ്റി വ്യക്തമാക്കി. കോടിയേരി നങ്ങാറത്തുപീടികയില്‍ ആര്‍എസ്എസുകാരാണ് ശ്രീനാരായണഗുരുവിന്റെ പ്രതിമ തകര്‍ത്തത്. ഈ വാര്‍ത്ത പുറത്തു വന്നതിനെ തുടര്‍ന്നാണ് ഗുരുവിനെ മോശമായി ചിത്രീകരിച്ചു എന്ന നിലയിലുള്ള വ്യാജവാര്‍ത്ത പ്രചരിക്കപ്പെട്ടത്. ഗുരു പ്രതിമ തകര്‍ത്ത ആര്‍എസ്എസുകാര്‍ക്കെതിരെ പ്രതിഷേധം ഉയര്‍ന്നുവരണമെന്നും ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു.

സിപിഐഎം തളിപ്പറമ്പ് സൗത്ത് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൂവോട് നടത്തിയ ഘോഷയാത്രയിലാണു വിവാദ നിശ്ചല ദൃശ്യമെന്നാണ് റിപ്പോര്‍ട്ട്. മഞ്ഞ വസ്ത്രം ധരിച്ച ഗുരുവിനെ കാവി, മഞ്ഞ നിറങ്ങളിലുള്ള തുണി തലയില്‍കെട്ടിയ രണ്ടുപേര്‍ ചേര്‍ന്നു കുരിശില്‍ തറക്കുന്നതാണു ദൃശ്യം. കുരിശിനു മുകളില്‍ ത്രിശൂലവും ദൃശ്യത്തിലുണ്ട്. ഗുരുവിന്റെ ഉദ്ധരണിയായ ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്നത് പലജാതി, പലമതം, പല ദൈവം എന്നാക്കി തിരുത്തിയിട്ടുമുണ്ട്. എസ്എന്‍ഡിപിസംഘപരിവാര്‍ ബന്ധത്തെ വിമര്‍ശിക്കുന്നതാണ് നിശ്ചലദൃശ്യം.

Top