ശ്രീദേവിയുടെ ആരോപണം തെറ്റ്;പ്രതിഫല തുക മുഴുവന്‍ നല്‍കിയെന്ന് പുലിയുടെ നിര്‍മ്മാതാക്കള്‍

പുലിയിലെ അഭിനയത്തിന് തരാമെന്നേറ്റ മുഴുവന്‍ പ്രതിഫലവും നല്‍കിയില്ലെന്ന ശ്രീദേവിയുടെ ആരോപണം തെറ്റാണെന്ന് ചിത്രത്തിന്റെ നിര്‍മാതാക്കളായ എസ്‌കെടി സ്റ്റുഡിയോസ്.

പുലിയിലെ വേഷം ചെയ്യുന്നതിനായി 3 കോടി രൂപയ്ക്കാണ് തങ്ങള്‍ ശ്രീദേവിയുമായി കരാര്‍ ഉണ്ടാക്കിയിരുന്നത്. അതില്‍ പ്രതിഫലമായി 2.7 കോടി രൂപയും ബാക്കി 30 ലക്ഷം സര്‍വീസ് ടാക്‌സ് ഇനത്തിലുമായിരുന്നു. ഈ തുക മുഴുവനും ശ്രീദേവിക്ക് നല്‍കിയിട്ടുണ്ട്. തര്‍ക്കം ആരംഭിക്കുന്നത് ചിത്രം പൂര്‍ത്തീകരണത്തോട് അടുത്ത ഘട്ടത്തിലാണ്. ചിത്രം ഹിന്ദിയിലോ തെലുങ്കിലോ പരിഭാഷ ചെയ്യുന്നപക്ഷം ശ്രീദേവിയുടെ പ്രതിഫലം കൂട്ടിത്തരണമെന്ന് അവരുടെ ഭര്‍ത്താവ് ബോണി കപൂറാണ് ആവശ്യപ്പെട്ടത്.

ബോണിയുടെ ആവശ്യം തെറ്റാണെന്ന് ഉത്തമബോധ്യമുണ്ടായിരുന്നെങ്കിലും സിനിമയ്ക്കായി പണം ഏറെ ചെലവാക്കി വമ്പന്‍ സെറ്റുകള്‍ തയ്യാറാക്കിയിരുന്നതിനാലും ചിത്രത്തിന്റെ നിര്‍മാണം അവസാനഘട്ടത്തിലായിരുന്നതിനാലും അവസാനം പണം കൂടുതല്‍ നല്‍കാന്‍ തീരുമാനിച്ചു. അതനുസരിച്ച് തെലുങ്ക് പരിഭാഷാ സമയത്ത് 15 ലക്ഷവും ഹിന്ദി ഡബ്ബിങ്ങിന്റെ സമയത്ത് ഹിന്ദി സാറ്റലൈറ്റ് റൈറ്റായി കിട്ടിയ തുകയുടെ 20 ശതമാനവും നല്‍കി.

ചിത്രം പൂര്‍ത്തിയാക്കാനായി വ്യവസായത്തില്‍ പതിവല്ലാത്ത ഒരു കാര്യത്തിന് തങ്ങള്‍ വഴങ്ങുകയായിരുന്നു. ഹിന്ദി സാറ്റലൈറ്റ് റൈറ്റ് വാങ്ങിയ മനീഷ് എന്നയാളില്‍ നിന്ന് 55 ലക്ഷം രൂപയാണ് ബോണി കപൂറിന് ലഭിച്ചത്. ചിത്രത്തിന്റെ കരാര്‍ പ്രകാരമുള്ള മുഴുവന്‍ തുകയും ശ്രീദേവിയ്ക്ക് നല്‍കിയിട്ടുണ്ടെന്നും എസ്‌കെടി സ്റ്റുഡിയോസ് വ്യക്തമാക്കുന്നു.

പ്രതിഫലത്തിന് പുറമെ ശ്രീദേവിയ്ക്കായി നല്‍കിയ പ്രത്യേക കോസ്റ്റിയൂം ഡിസൈനര്‍ക്കും മാര്‍ക്കറ്റിംഗ് ഡിസൈനര്‍ക്കുമെല്ലാമായി തങ്ങള്‍ക്ക് അധികതുക ചെലവായിട്ടുണ്ട്. എന്നാല്‍ ചിത്രത്തിന്റെ പ്രചാരണത്തിനായി സംഘടിപ്പിച്ച പല ചടങ്ങുകളില്‍ നിന്നും ശ്രീദേവി അകന്നുനില്‍ക്കുകയാണുണ്ടായത്. ഹിന്ദി, തെലുങ്ക് ഓഡിയോ ലോഞ്ചിംഗുകളില്‍നിന്ന് ശ്രീദേവി അകന്നുനിന്നു.

പുലിയുമായി ബന്ധപ്പെട്ട് തങ്ങള്‍ ഒട്ടേറെ മേഖലകളില്‍ നഷ്ടം സംഭവിച്ചു. അതിനെല്ലാംമേല്‍ നികുതിവകുപ്പിന്റെ റെയ്ഡുമുണ്ടായി. തങ്ങളുടെ അവസ്ഥ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കൂടുതല്‍ തുക വേണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് അവര്‍ ചെയ്തത്. എന്നിരുന്നാലും അവരുമായി കരാറില്‍ ഏര്‍പ്പെട്ട മുഴുവന്‍ തുകയും നല്‍കിയിട്ടുണ്ടെന്നും എസ്‌കെടി സ്റ്റുഡിയോസ് വ്യക്തമാക്കുന്നു.

Top