ക്രിമിനല്‍ പൊലീസിനെ രക്ഷിച്ച സര്‍ക്കാര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനെ അപമാനിച്ചു

തിരുവനന്തപുരം:ക്രിമിനല്‍-വിജിലന്‍സ് കേസുകളില്‍ പ്രതിയായ ഐ.പി.എസുകാരനെ നിയമ വിരുദ്ധമായി സഹായിച്ച ആഭ്യന്തരവകുപ്പ് നീതിമാനായ ഐ.എ.എസ് ഉദ്യോഗസ്ഥന് നീതി നിഷേധിച്ചതില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയില്‍ പ്രതിഷേധം ശക്തമാകുന്നു. വിവിധ കേസുകളില്‍ പ്രതിയായി അന്വേഷണം നേരിടുന്ന ഡി.ഐ.ജി ശ്രീജിത്തിന് വഴി വിട്ട് ഐ.ജി പ്രമോഷന്‍ നല്‍കിയ സര്‍ക്കാരാണ് വയനാട് കളക്ടര്‍ കേശവേന്ദ്ര കുമാറിന് നീതി നിഷേധിച്ചത്.

കുവൈറ്റിലേക്ക് ചങ്ങനാശേരി സ്വദേശി ടൈറ്റസിനെ നിയമവിരുദ്ധമായി അറസ്റ്റ് ചെയ്ത് കൊണ്ടുപോയി ജയിലലടച്ച സംഭവത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം. പോള്‍ നല്‍കിയ റിപ്പോര്‍ട്ടും, മലപ്പുറം ഡി.വൈ.എസ്.പിയെ കൈക്കൂലി കേസില്‍ കുടുക്കാന്‍ ശ്രമിച്ചത് സംബന്ധമായി നടപടി ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് തലവന്‍ അനന്തകൃഷ്ണന്‍ നല്‍കിയ റിപ്പോര്‍ട്ടും തള്ളിയാണ് ശ്രീജിത്തിനെ ഐ.ജിയായി സര്‍ക്കാര്‍ പ്രമോട്ട് ചെയ്തത്. ഈ ഉദ്യോഗസ്ഥനെതിരെയുള്ള തൃശൂര്‍ വിജിലന്‍സ് കോടതിയിലെ (എഫ്.ഐ.ആര്‍ നമ്പര്‍ 6/2010), എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (1) ലെ (സി.സി നമ്പര്‍ 695/2008) കേസുകളും സര്‍ക്കാര്‍ അവഗണിച്ചു.

നിയമപരമായി നടപടിയെടുത്ത് സര്‍വീസില്‍ നിന്ന് മാറ്റി നിര്‍ത്തേണ്ട ഉദ്യോഗസ്ഥനെ സംരക്ഷിച്ച് പ്രോത്സാഹനം നല്‍കിയ സര്‍ക്കാരാണ് കേശവേന്ദ്ര കുമാറിനെ തിരിഞ്ഞ് കുത്തിയിരിക്കുന്നത്. ഹയര്‍ സെക്കന്‍ഡറി ഡയറക്ടറായിരുന്ന കേശവേന്ദ്ര കുമാറിന് മേല്‍ കരി ഓയില്‍ ഒഴിച്ച കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരായ കേസ് പിന്‍വലിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

ക്രിമിനല്‍ കുറ്റത്തിന് ജയില്‍ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാളെ കുറ്റവിമുക്തനാക്കിയ സര്‍ക്കാര്‍ നടപടി വിവാദമായിരിക്കേയാണ് ഐ.എ.എസ് ഉദ്യോഗസ്ഥനെ ആക്രമിച്ചവരെയും ആഭ്യന്തരവകുപ്പ് സംരക്ഷിച്ചിരിക്കുന്നത്. കേസ് പിന്‍വലിക്കുന്നതിന്റെ ഭാഗമായി പ്രോസിക്യൂഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ അഞ്ചിന് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് വിധി പറയും.

പ്ലസ് വണ്‍ ക്ലാസുകളിലെ ഫീസ് വര്‍ദ്ധനവില്‍ പ്രതിഷേധിച്ചാണ് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറായിരുന്ന കേശവേന്ദ്ര കുമാറിന്റെ ദേഹത്ത് കെ.എസ്.യു പ്രവര്‍ത്തകര്‍ കരിഓയില്‍ ഒഴിച്ചിരുന്നത്.

ഇപ്പോള്‍ വയനാട് കളക്ടറായ കേശവേന്ദ്ര കുമാര്‍ ഇതു സംബന്ധമായ തന്റെ പ്രതിഷേധം ആഭ്യന്തരമന്ത്രിയെ അറിയിച്ചപ്പോള്‍ മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കാമെന്ന മറുപടിയാണ് ലഭിച്ചത്.

കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ നടപടിക്കെതിരെ എസ്.എഫ്.ഐയോടൊപ്പം കെ.എസ്.യുവും രംഗത്ത് വന്നത് ആഭ്യന്തരവകുപ്പിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

കരി ഓയില്‍ ഒഴിച്ചവരെ സംഘടനയില്‍ നിന്ന് പുറത്താക്കിയതാണെന്നും കേസ് പിന്‍വലിക്കുന്നതിനോട് യോജിപ്പില്ലെന്നും കെ.എസ്.യു വ്യക്തമാക്കി.

ക്രിമിനല്‍-വിജിലന്‍സ് കേസില്‍ പ്രതിയായ ഡി.ഐ.ജി ശ്രീജിത്ത് അടക്കമുള്ളവര്‍ക്ക് വഴി വിട്ട് സഹായം ചെയ്ത ആഭ്യന്തരവകുപ്പ് ഐ.എ.എസ് ഉദ്യോഗസ്ഥനോട് അനീതി കാണിച്ചതില്‍ ഐ.എ.എസ് ഓഫീസര്‍മാര്‍ക്ക് പുറമേ ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കിടയിലും ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. വിജിലന്‍സ്-ക്രൈം ബ്രാഞ്ച് തലവന്‍മാരുടെ റിപ്പോര്‍ട്ട് തള്ളി ശ്രീജിത്തിന് ഉദ്യോഗക്കയറ്റം നല്‍കിയതും കേശവേന്ദ്ര കുമാറിനെ ആക്രമിച്ചവരെ രക്ഷിക്കുന്നതും നിയമവാഴ്ച്ചയോടുള്ള വെല്ലുവിളിയാണെന്നാണ് നിയമവിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്.

Top