ശുംഭന്‍ പരാമര്‍ശം: എം.വി ജയരാജന് നാല് ആഴ്ച തടവ്

ന്യൂഡല്‍ഹി: ഹൈക്കോടതി ജഡ്ജിക്കെതിരായ ശുംഭന്‍ പരാമര്‍ശത്തില്‍ എം.വി ജയരാജന്‍ കുറ്റക്കാരനെന്ന് സുപ്രീംകോടതി. ഹൈക്കോടതി വിധിച്ച ആറു മാസം തടവ് ശിക്ഷ സുപ്രീംകോടതി നാല് ആഴ്ചത്തേക്ക് ഇളവ് ചെയ്തു. ജയരാജന്റെ ഭാഗത്തു നിന്നുണ്ടായ പരാമര്‍ശം അംഗീകരിക്കാനാകില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

കോടതി വിധി അംഗീകരിക്കുന്നതായും ജയില്‍ ശിക്ഷ അനുഭവിക്കുമെന്നും ജയരാജന്‍ പ്രതികരിച്ചു.

നേരത്തെ എംവി ജയരാജന്റെ പരാമര്‍ശത്തെ സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു. പരാമര്‍ശം പിന്‍വലിക്കാനോ മാപ്പു പറയാനോ ജയരാജന്‍ തയ്യാറായിട്ടില്ലെന്നും സുപ്രീംകോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.

പാതയോരത്തെ പൊതുയോഗം നിരോധിച്ച കോടതി വിധിയ്‌ക്കെതിരെ ജയരാജന്‍ നടത്തിയ പ്രസംഗമാണ് കോടതിയലക്ഷ്യത്തിലേക്ക് നയിച്ചത്. ജഡ്ജിമാരെ ശുംഭന്‍മാര്‍ എന്നു വിളിച്ച ജയരാജനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.

ശുംഭന്‍ എന്ന വാക്കിന്റെ അര്‍ത്ഥം പ്രകാശം പരത്തുന്നവന്‍ എന്നാണെന്നും വിപരീതാര്‍ത്ഥത്തില്‍ ഉപയോഗിച്ചില്ലെന്നുമായിരുന്നു ജയരാജന്‍ ഹൈക്കോടതിയില്‍ വാദിച്ചിരുന്നത്.

Top