ശിവസേനയ്ക്ക് താക്കീതുമായി ജയ്റ്റ്‌ലി; ആവശ്യം തുറന്ന ചര്‍ച്ചകള്‍,നാശം വിതയ്ക്കുകയല്ല വേണ്ടത്

ന്യൂഡല്‍ഹി: രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങളില്‍ ശിവസേനയ്ക്ക് താക്കീതുമായി ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. ശാന്തിയും സംയമനവും പാലിക്കണം. രാജ്യത്ത് ആവശ്യം തുറന്ന ചര്‍ച്ചകളാണ്. അല്ലാതെ നാശം വിതയ്ക്കുകയല്ല വേണ്ടതെന്നും ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി പറഞ്ഞു.

നശിപ്പിക്കുക എന്ന ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുന്നവര്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടതാണ്. ശരിക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ ഇത്തരം കാര്യങ്ങളില്‍നിന്ന് അകന്നുനില്‍ക്കണം. ബിജെപിയില്‍ ആരും തന്നെ നാശത്തിന്റെ വക്താക്കളാകുന്നുവെന്ന് കരുതുന്നില്ലെന്നും ജയ്റ്റ്‌ലി പറഞ്ഞു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചിലര്‍ വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്. തങ്ങളുടെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും പങ്കുവയ്ക്കുന്നതിനാണിത്. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുന്നത് കൂടുതല്‍ പേരെ ഇതിലേക്ക് ആകര്‍ഷിക്കും. പരസ്പരം ആക്രമിക്കുന്നത് ജനാധിപത്യത്തിന്റെ വിശ്വാസ്യത തകര്‍ക്കും. ഒരു രാജ്യമെന്ന നിലയില്‍ ഇന്ത്യയോടുള്ള വിശ്വസ്തത ഇല്ലാതാക്കും. ജയ്റ്റലി വ്യക്തമാക്കി.

വര്‍ഗീയത വളര്‍ത്തുന്ന തരത്തിലുള്ള ബിജെപി നേതാക്കളുടെ പ്രസ്താവനകളെയും ജയ്റ്റ്‌ലി വിമര്‍ശിച്ചു. ഇന്ത്യ പോലൊരു വലിയ രാജ്യത്ത് വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടാകാം. എന്നാല്‍ ഇവ പുറത്തുപറയുന്നതിന് ചില മര്യാദകള്‍ പാലിക്കേണ്ടതുണ്ട്. രണ്ടോ മൂന്നോ പേരാണ് അത്തരത്തിലുള്ള പ്രസ്താവനകള്‍ നടത്തിയത്. പാര്‍ട്ടിയുടെ അധ്യക്ഷന്‍ അമിത് ഷാ അവരുമായി സംസാരിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ തന്റെ അഭിപ്രായം അറിയിച്ചു.

ബീഫ് നിരോധനത്തിലും ഇന്ത്യ – പാക്ക് ക്രിക്കറ്റ് പരമ്പരയ്‌ക്കെതിരെയും ശിവസേന വര്‍ഗീയമായ നിലപാടുകള്‍ സ്വീകരിച്ചിരുന്നു. നേരത്തെ പാക്ക് ഗായകന്‍ ഗുലാം അലിയുടെ സംഗീത പരിപാടിക്കെതിരെയും പാക്ക് മന്ത്രി ഖുര്‍ഷിദ് മഹമൂദ് കസൂരിയുടെ പുസ്തക പ്രകാശനത്തിനെതിരെയും ശിവസേന രംഗത്തെത്തിയിരുന്നു.

Top