ശിവസേനയെ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന് പാക് പ്രതിപക്ഷ പാര്‍ട്ടി

ഇസ്ലാമാബാദ്: ശിവസേനയെ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന് പാക്കിസ്ഥാനിലെ പ്രതിപക്ഷമായ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി. ഇക്കാര്യം ആവശ്യപ്പെട്ട് പാക് ദേശീയ അസംബ്ലിയില്‍ പ്രമേയം അവതരിപ്പിച്ചു.

ശിവസേനയുടെ പാക് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ത്തിക്കാട്ടണമെന്ന് പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. അന്താരാഷ്ട്ര തലത്തില്‍ ശിവസേനയെ ഭീകരസംഘടനയായി പ്രഖ്യാപിക്കാന്‍ ശ്രമം നടത്തണമെന്നും പിപിപി ആവശ്യപ്പെടുന്നു. സെനറ്റിലും ഉടന്‍ തന്നെ പ്രമേയം അവതരിപ്പിക്കാനാണ് പ്രതിപക്ഷത്തിന്റ പദ്ധതി.

പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രതിനിധികളെ ശിവസേന പ്രവര്‍ത്തകര്‍ അപമാനിച്ചു. നയതന്ത്ര തലത്തിലും സാസംസ്‌കാരിക തലത്തിലും പാകിസ്താന്‍ പൗരന്‍മാരെ അപമാനിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് അടുത്തിടെ ഇന്ത്യയില്‍ നടക്കുന്നത്. ശിവസേനയുടെ നേതൃത്വത്തില്‍ നടക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങളെ അന്താരാഷ്ട്ര ശ്രദ്ധയില്‍ കൊണ്ടു വരണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സമാധാനപ്രവര്‍ത്തനങ്ങളെ തടയാന്‍ മാത്രമേ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഉപകരിക്കൂ. മേഖലയിലെ സമാധാനം തകര്‍ക്കാനാണ് ശിവസേന ശ്രമിക്കുന്നതെന്നും പാക് പ്രതിപക്ഷം കുറ്റപ്പെടുത്തി.

Top