സാമുദായിക ധ്രുവീകരണത്തിന് വഴി ഒരുക്കിയ വിവാദങ്ങള്‍;അന്തംവിട്ട് സി.പി.എം നേതൃത്വം

കൊച്ചി: ശിരോവസ്ത്ര, നിലവിളക്ക് വിവാദങ്ങള്‍ ഇടത് പക്ഷത്തിന് അഗ്നിപരീക്ഷണമാകുന്നു. അരുവിക്കര ഉപതിരഞ്ഞടുപ്പില്‍ സാമുദായിക ധ്രുവീകരണം നടന്നുവെന്ന പാര്‍ട്ടി വിലയിരുത്തലിന് തൊട്ടുപിന്നാലെ വന്ന ഈ വിവാദങ്ങളില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നറിയാതെ സി.പി.എം മാറി നില്‍ക്കുന്ന കാഴ്ചയാണ് ഞായറാഴ്ച കണ്ടത്. ‘ചടങ്ങിന്’ വേണ്ടിമാത്രം ശിരോവസ്ത്ര വിഷയത്തില്‍ എതിര്‍പ്പുണ്ടെന്ന് വരുത്തി തീര്‍ത്ത് തടിതപ്പുകയാണ് പാര്‍ട്ടി നേതൃത്വം ചെയ്തത്.

ബി.ജെ.പി യും കോണ്‍ഗ്രസ്സും മുസ്ലീം ലീഗും തങ്ങളുടെ നിലപാട് പരസ്യമായി പ്രഖ്യാപിച്ച് ശക്തമായി രംഗത്ത് വന്നപ്പോള്‍ കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനം ‘തന്ത്രപരമായ’ മൗനത്തിലായത് രാഷ്ട്രീയ കേന്ദ്രങ്ങളെയും അമ്പരപ്പിച്ചുണ്ട്.

തങ്ങളെ ഇതേവരെ പിന്‍തുണച്ചിരുന്ന ഭൂരിപക്ഷ സമുദായത്തിലെ വോട്ട് ബാങ്കില്‍ ബി.ജെ.പി പിടിമുറുക്കിയതാണ് പ്രധാനമായും സി.പി.എം’ നെ പ്രതിരോധത്തിലാക്കുന്നത്.

ലാവ്‌ലിന്‍ കേസിലടക്കം ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചും ‘ശുംഭന്‍’ പദപ്രയോഗം നടത്തി ശിക്ഷ ഏറ്റുവാങ്ങി ജയിലില്‍ പോവാന്‍ ‘ധീരത’ കാണിക്കുകയും ചെയ്ത സി.പി.എം നേതൃത്വം, ശിരോവസ്ത്ര വിവാദത്തില്‍ സുപ്രിം കോടതി നിലപാടിനെതിരെ ഇപ്പോള്‍ സ്വീകരിച്ച ‘തന്ത്ര’പരമായ നിലപാട് നീതിപീഠത്തിനോടുള്ള ബഹുമാനം കൊണ്ടല്ല, മറിച്ച് തങ്ങളുടെ കാലിനടിയിലെ മണ്ണ് ഒലിച്ച് പോവുമെന്ന് ഭയന്നിട്ടാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

മെഡിക്കല്‍ പ്രവേശന പരീക്ഷയിലെ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് റദ്ദാക്കിയ പരീക്ഷ സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം സി.ബി.എസ്.ഇ നടത്തിയതാണ് വിവാദത്തിന് വഴിമരുന്നിട്ടത്.

ശിരോവസ്ത്രം ഏതാനും മണിക്കൂറുകളില്‍ ധരിച്ചില്ലാന്ന് കരുതി വിശ്വാസം തകരില്ലായെന്നും ഇക്കാര്യത്തില്‍ ബന്ധപ്പെട്ടവര്‍ക്ക് ഉചിതമായ തീരുമാനമെടുക്കാമെന്നുമായിരുന്നു കോടതി പറഞ്ഞിരുന്നത്. ഇതേ തുടര്‍ന്ന് മെഡിക്കല്‍ പ്രവേശന പരീക്ഷ എഴുതാന്‍ എത്തിയ കന്യാസ്ത്രീയെ ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ പരീക്ഷ എഴുതാന്‍ സമ്മതിക്കാതിരുന്നത് വലിയ പൊട്ടിതെറിക്ക് കാരണമാവുകയായിരുന്നു.

മുസ്ലീം – ക്രിസ്ത്യന്‍ മത മേലദ്ധ്യക്ഷന്‍മാരും കോണ്‍ഗ്രസ്സ്, മുസ്ലീം ലീഗ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളും ഇതിനെതിരെ ശക്തമായി രംഗത്ത് വന്നപ്പോള്‍ ഒറ്റക്ക് നിന്ന് പ്രതിരോധിച്ച് നേട്ടമുണ്ടാക്കാനായിരുന്നു ബി.ജെ.പി യുടെ ശ്രമം.

ഭരണഘടന പൗരന് നല്‍കിയ അവകാശം ലംഘിക്കപ്പെട്ടുവെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ പ്രതികരിച്ചപ്പോള്‍ വിശ്വാസത്തിനെതിരായാണ് സുപ്രീം കോടതി വിധിയെന്നാണ് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ അഭിപ്രായപ്പെട്ടത്.

ഭരണഘടനയ്ക്ക് വിരുദ്ധമായി രാജ്യദ്രോഹപരമായ നിലപാട് സ്വീകരിച്ച ഇ.ടി. മുഹമ്മദ് ബഷീറിനെതിരെ നടപടി സ്വീകരിക്കണമെന്ന കടുത്ത നിലപാടോടെയാണ് ബി.ജെ.പി. പ്രസിഡന്റ് വി.മുരളീധരന്‍ ഇതിന് മറുപടി നല്‍കിയത്.

ഞായറാഴ്ച വൈകിട്ട് നടന്ന ചാനല്‍ ചര്‍ച്ചകളിലും നിറഞ്ഞ് നിന്നത് ശിരോവസ്ത്ര നിലവിളക്ക് വിവാദങ്ങളാണ്. ശിരോവസ്ത്ര വിവാദത്തിനും നിലവിളക്ക് വിവാദത്തിനും പ്രത്യേകം സമയം നീക്കിവച്ചാണ് ചാനലുകള്‍ സാംസ്‌കാരിക കേരളത്തിന് ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്ന സംവാദം ‘ആഘോഷിച്ചത്’.

നിലവിളക്ക് വിവാദത്തിലും ഇ.ടി മുഹമ്മദ് ബഷീര്‍ തന്നെയാണ് ചൂടുള്ള ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടത്. നിലവിളക്ക് കത്തിക്കുന്നത് ഒരു സമുദായത്തിന്റെ ആചാരമാണെന്നും ഇതിനോട് മുസ്ലീം ലീഗിന് യോജിപ്പില്ലെന്നുമാണ് ഇ.ടി തുറന്നടിച്ചത്.

നിലവിളക്ക് കത്തിക്കുന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ താല്‍പ്പര്യമാണെന്ന, മന്ത്രി എം.കെ. മുനീറിന്റെയും ലീഗ് എം.എല്‍.എ മാരായ കെ.എം. ഷാജി, കെ.എന്‍.എ ഖാദര്‍ എന്നിവരുടെ നിലപാടുകള്‍ തള്ളിയാണ് പാര്‍ട്ടി നിലപാട് ഇ.ടി. മുഹമ്മദ് ബഷീര്‍ പ്രഖ്യാപിച്ചത്.

ഒരു പൊതു ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബിനെ നിലവിളക്ക് തിരിതെളിയിക്കാന്‍ നടന്‍ മമ്മൂട്ടി ക്ഷണിച്ചപ്പോള്‍ വിളക്ക് കത്തിക്കാന്‍ വിസമ്മതിച്ച അബ്ദുറബിന്റെ നടപടി വിവാദമായനിനെ തുടര്‍ന്നാണ് ലീഗ് നിലപാട് വ്യക്തമാക്കിയത്. മുസ്ലീം സമുദായത്തില്‍പ്പെട്ടവര്‍ ഒരിക്കലും നിലവിളക്ക് കത്തിക്കരുതെന്ന് ചുണ്ടിക്കാട്ടി സമസ്തയും ഇ.ടി ക്ക് പിന്നാലെ രംഗത്ത് വന്നിരുന്നു.

അബ്ദുറബ് ‘വിവാദത്തില്‍’ പ്രതിഷേധിച്ച് കോഴിക്കോട് നിലവിളക്ക് കൊളുത്തി അബ്ദു റബിനെതിരെ പ്രതിഷേധിച്ച ഡി.വൈ.എഫ്.ഐ സമരത്തെ സി.പി.എം. നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി സ്വരാജ് തന്നെ തള്ളി പറഞ്ഞിരുന്നു.

ഇപ്പോള്‍ വന്‍ വിവാദമായ ഈ രണ്ട് വിവാദങ്ങളിലും തന്ത്രപരമായ നിലപാട് സ്വീകരിച്ചില്ലെങ്കില്‍ വലിയ വില നല്‍കേണ്ടിവരുമെന്ന തിരിച്ചറിവിലാണ് സി.പി.എം. നേതൃത്വം.

നിലവിളത്ത് വിവാദത്തിലും ശിരോവസ്ത്ര വിവാദത്തിലും പുരോഗമന നിലപാട് ഉയര്‍ത്തി പിടിച്ചാല്‍ കലുഷിതമായ കേരള രാഷ്ട്രീയത്തില്‍ ഒറ്റപ്പെട്ട് പോകുമോ എന്ന ഭീതി ചില നേതാക്കള്‍ക്കെങ്കിലുമുണ്ട് എന്നതും യാഥാര്‍ത്ഥ്യമാണ്.

ന്യൂനപക്ഷ വോട്ട് ബാങ്ക് ഉറപ്പിച്ച് നിര്‍ത്തുന്നതിന് വേണ്ടിയാണ് സുപ്രീംകോടതി വിധിയെപോലും ചോദ്യം ചെയ്ത് രംഗത്ത് വരാന്‍ കോണ്‍ഗ്രസ്സിനെ പ്രേരിപ്പിച്ചതെന്ന വിലയിരുത്തലിലാണ് സി.പി.എം.

ന്യൂനപക്ഷ അനുകൂല നിലപാട് സ്വികരിച്ചാല്‍ ബി.ജെ.പി യും കോടതി വിധിയെ ന്യായീകരിച്ച് വന്നാല്‍ കോണ്‍ഗ്രസ്സും ലീഗ് ഉള്‍പ്പെടെയുള്ള ന്യൂനപക്ഷത്തെ മറ്റ് വിഭാഗങ്ങളും പാര്‍ട്ടിക്കെതിരെ രംഗത്ത് വരുമെന്ന ആശങ്കയും സി.പി.എം നേതൃത്വത്തിനുണ്ട്.

മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി മതനിരപേക്ഷ കേരളത്തില്‍ ജാതി-മത ചേരികള്‍ ശക്തിപ്പെടുന്നതും രാഷ്ട്രീയത്തേക്കാള്‍ മതം സ്വാധീനം ചെലുത്തുന്നതും ഇടത് പക്ഷത്തിന് മാത്രമല്ല സാംസ്‌കാരിക കേരളത്തിന് തന്നെ വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

Top