ശാശ്വതീകാനന്ദ സ്വാമിയുടെ മരണം; വെട്ടിലാവുന്നത് പ്രധാനമന്ത്രിയും ബിജെപി പ്രസിഡന്റും?

ന്യൂഡല്‍ഹി: കേരളത്തില്‍ താമര വിരിയിക്കാന്‍ എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുായി ‘ധാരണ’യുണ്ടാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി പ്രസിഡന്റ് അമിത്ഷായും പിടിച്ചത് പുലിവാലില്‍!

ശിവഗിരി മഠത്തിലെ പ്രമുഖ സന്യാസി ശ്രേഷ്ഠന്റെ ദുരൂഹ മരണത്തിന് ഉത്തരവാദി വെള്ളാപ്പള്ളി നടേശനും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയുമാണെന്ന ആക്ഷേപം ശക്തമാവുന്നതും തുടരന്വേഷണത്തിന് കളമൊരുങ്ങുന്നതുമാണ് ഇരു നേതാക്കള്‍ക്കും ‘പാര’യാവുന്നത്.

മൈക്രോഫിനാന്‍സുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളിക്കെതിരെ ഉയര്‍ന്നുവരുന്ന അഴിമതി ആരോപണങ്ങള്‍ ബിജെപി നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരിക്കെയാണ് അപ്രതീക്ഷിതമായി സ്വാമിയുടെ മരണം സംബന്ധിച്ച വെളിപ്പെടുത്തലുണ്ടായത്.

ബിജെപിയോട് വളരെ അധികം അനുഭാവമുള്ള ബിജു രമേശ് തന്നെയാണ് തന്റെ സുഹൃത്തുകൂടിയായിരുന്ന ശാശ്വതീകാനന്ദയുടെ മരണം കൊലപാതകമാണെന്നും ഇതിനു പിന്നില്‍ വെള്ളാപ്പള്ളിയും മകനുമാണെന്നും ആരോപിച്ചത്.

കൊലയാളിയുടെ പേരുവരെ പറഞ്ഞു നടത്തിയ വെളിപ്പെടുത്തലുകളെ കേവലം ആരോപണമായി മാത്രം കാണാന്‍ സാധിക്കാത്തതിനാല്‍ ഇതുസംബന്ധമായി കേന്ദ്ര സര്‍ക്കാര്‍ ഐ.ബിയുടെ റിപ്പോര്‍ട്ടു തേടാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.

സിബിഐ അന്വേഷണ ആവശ്യം ഉയര്‍ന്നാല്‍ ഭയപ്പെടേണ്ട കാര്യമില്ലെങ്കിലും സംസ്ഥാന പോലീസിലെ ഏതെങ്കിലും മിടുക്കര്‍ അന്വേഷിച്ച് ‘യാഥാര്‍ഥ്യം’ പുറത്തുവിട്ടാല്‍ മോദിക്കും അമിദ്ഷായ്ക്കും വ്യക്തിപരമായും രാഷ്ട്രീയപരമായും അത് വലിയ തിരിച്ചടിയുണ്ടാക്കും.

വെള്ളാപ്പള്ളിക്കും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിക്കുമൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോഡിയും അമിത്ഷായും നടത്തിയ കൂടിക്കാഴ്ചയും ഇതുസംബന്ധമായി പുറത്തുവന്ന ഫോട്ടോകളും പുനരന്വേഷണ റിപ്പോര്‍ട്ട് എതിരായാല്‍ ഇരുവരെയും തിരിഞ്ഞുകൊത്തും.

അന്താരാഷ്ട്രതലത്തില്‍ തന്നെ താരമായി തിളങ്ങുന്ന മോഡിയേയും രാഷ്ട്രീയ തന്ത്രശാലത്താല്‍ പ്രതിപക്ഷത്തെ വെള്ളം കുടിപ്പിക്കുന്ന അമിത്ഷായെയും ആക്രമിക്കാന്‍ ഇത്തരമൊരു സാഹചര്യം ഉരുത്തിരിഞ്ഞാല്‍ പ്രതിപക്ഷ കക്ഷികള്‍ തയ്യാറാകുമെന്നും ഉറപ്പാണ്.

ഹിന്ദുത്വവാദത്തില്‍ ഉറച്ചു നില്‍ക്കുന്ന ആര്‍എസ്എസിനും ശിവഗിരി മഠത്തിലെ പ്രമുഖനായ സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തിന് ഉത്തരവാദികള്‍ ആരായാലും അവരെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുവാന്‍ കഴിയില്ല.

വെള്ളാപ്പള്ളിക്ക് അനുകൂലമായി ചില ഒറ്റപ്പെട്ട പ്രതികരണങ്ങള്‍ ബിജെപി സംസ്ഥാന നേതൃത്വത്തില്‍ നിന്ന് വരുന്നുണ്ടെങ്കിലും അഴിമതിയുടെ കാര്യത്തിലും ശാശ്വതീകാനന്ദയുടെ മരണത്തിന്റെ കാര്യത്തിലും വെള്ളാപ്പള്ളിയെ വല്ലാതെ ന്യായീകരിക്കേണ്ട ആവശ്യമില്ലെന്ന നിലപാടാണ് ഭൂരിപക്ഷ നേതാക്കള്‍ക്കുമുള്ളത്.

മോഡിയെയും അമിത്ഷായെയും കണ്ട് വെള്ളാപ്പള്ളി നടത്തിയ കൂടിക്കാഴ്ചകൊണ്ടു മാത്രമാണ് ഇപ്പോള്‍ ചില നേതാക്കള്‍ക്കെങ്കിലും വെള്ളാപ്പള്ളിക്ക് അനുകൂലമായി സംസാരിക്കേണ്ട അവസ്ഥയുണ്ടായതെന്നാണ് അണിയറ സംസാരം.

വിശാല ഹിന്ദു ഐക്യം മുന്‍നിര്‍ത്തി പാര്‍ട്ടി എടുത്ത തീരുമാനം തെറ്റായി പോയോ എന്ന ചോദ്യവും ബിജെപിയില്‍ ഇപ്പോള്‍ ശക്തമാണ്.

Top