സ്വാമിജിയുടെ സഹോദരിയുടെ പ്രതികരണം നല്‍കിയതിന് ഐജിയുടെ പേരില്‍ ഭീഷണി

കൊച്ചി: ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട സ്വാമി ശാശ്വതീകാനന്ദയുടെ സഹോദരി ശാന്ത റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്‌സ് അവറില്‍ നല്‍കിയ പ്രതികരണം പ്രസിദ്ധീകരിച്ചതിന് Express Keralaക്ക് ഫാന്‍സ് ശ്രീജിത്ത് ഐപിഎസിന്റെ ഭീഷണി.

എഡിറ്ററെ പേരെടുത്തുവിളിച്ച് ഐജിക്കെതിരെ വാര്‍ത്ത എഴുതിയാല്‍ വിവരമറിയുമെന്നും നിന്റെ കൗണ്ട് ഡൗണ്‍ ആരംഭിച്ചുവെന്നും മുന്നറിയിപ്പ് നല്‍കുന്ന ഫെയ്‌സ്ബുക്ക് കമന്റില്‍ കളി ഞങ്ങള്‍ പഠിപ്പിക്കുമെന്നും ഇത് അവസാനത്തെ താക്കീതാണെന്നും മുന്നറിയിപ്പു നല്‍കുന്നുണ്ട്.

ഫാന്‍സ് ശ്രീജിത്ത് ഐപിഎസ് എന്ന പേരിലുണ്ടാക്കിയ ഈ ഫേസ്ബുക്ക് പേജില്‍ ഐജി യൂണിഫോമില്‍ നില്‍ക്കുന്ന ശ്രീജിത്തിന്റെ പടമാണ് കൊടുത്തിട്ടുള്ളത്.

ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ആഭ്യന്തര വകുപ്പ് തുടരന്വേഷണത്തിന് ഉത്തരവിട്ട പശ്ചാത്തലത്തില്‍ ശനിയാഴ്ച രാത്രി റിപ്പോര്‍ട്ടര്‍ ടിവിയുടെ എഡിറ്റേഴ്‌സ് അവറില്‍ പങ്കെടുത്ത സ്വാമിജിയുടെ സഹാദരി ശാന്ത നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

ഇതുവരെ കേസ് അന്വേഷിച്ച് യാതൊരു തെളിവുമില്ലെന്ന് പറഞ്ഞ ക്രൈംബ്രാഞ്ച് വീണ്ടും അന്വേഷണം നടത്തുന്നത് അത്ര തൃപ്തികരമല്ലെന്നായിരുന്നു അവര്‍ ചൂണ്ടിക്കാട്ടിയത്.

പിന്നീട് ചര്‍ച്ച നിയന്ത്രിച്ച എം.വി നികേഷ്‌കുമാറിന്റെ ചോദ്യത്തിന് മറുപടിയായി ഇപ്പോഴത്തെ ക്രൈംബ്രാഞ്ച് എഡിജിപി അനന്തകൃഷ്ണന്‍ നല്ലൊരു ഉദ്യോഗസ്ഥനായതിനാല്‍ അദ്ദേഹത്തില്‍ വിശ്വാസമുണ്ടെന്നും ക്രൈംബ്രാഞ്ച് ഐജി സസ്‌പെന്‍ഷനിലായിരുന്നതും പ്രശ്‌നങ്ങളൊക്കെയുള്ള ആളുമായതിനാല്‍ എഡിജിപിയുടെ കീഴില്‍ നല്ലൊരു ടീമുണ്ടാക്കി അന്വേഷിക്കുകയാണെങ്കില്‍ സത്യം പുറത്തുവരുമെന്നും അഭിപ്രായപ്പെട്ടിരുന്നു.

ഇക്കാര്യം കഴിഞ്ഞ ദിവസം Express Kerala റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു.

സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ദുരൂഹ മരണത്തിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് മരണപ്പെട്ട ശാശ്വതീകാനന്ദയുടെ സഹോദരിയുടെ അഭിപ്രായത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് തിരിച്ചറിഞ്ഞാണ് അവര്‍ പറഞ്ഞ കാര്യങ്ങള്‍ മാധ്യമധര്‍മ്മം മുന്‍നിര്‍ത്തി റിപ്പോര്‍ട്ടു ചെയ്തിരുന്നത്. വാര്‍ത്തയിലൊരിടത്തും ശ്രീജിത്തിന്റെ പേര് പരാമര്‍ശിച്ചിരുന്നുമില്ല.

ക്രൈംബ്രാഞ്ചില്‍ ഒറ്റ ഐജിയേയുള്ളൂ എന്നതിനാലും സസ്‌പെന്‍ഷനിലായതും പ്രശ്‌നക്കാരനായി ഡിജിപി തന്നെ മുന്‍പ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതും ശ്രീജിത്തിനെതിരെ ആയതിനാലും പേര് കൊടുക്കാമായിരുന്നിട്ടും ശാന്ത അക്കാര്യം പറയാതിരുന്നതിനാല്‍ ശ്രീജിത്തിന്റെ പേര് ബോധപൂര്‍വ്വമാണ് പരാമര്‍ശിക്കാതിരുന്നത്. ഫോട്ടോ പോലും കൊടുത്തിരുന്നില്ല.

എന്നാല്‍ ഈ വാര്‍ത്ത പോസ്റ്റ് ചെയ്തതിന് ശേഷം രാത്രിയോടെയാണ് ഫാന്‍സ് ശ്രീജിത്ത് ഐപിഎസ് എന്ന ഫേസ്ബുക്ക് പേജില്‍ നിന്ന് തുടര്‍ച്ചയായി ഭീഷണി കമന്റുകള്‍ വന്നത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരും ജനങ്ങളും കമന്റുകള്‍ വായിക്കട്ടെ എന്നു കരുതിയും നിയമനടപടി സ്വീകരിക്കേണ്ടതുള്ളതുകൊണ്ടും ഈ കമന്റുകള്‍ ഡിലീറ്റ് ചെയ്തിരുന്നില്ല. (ഇപ്പോള്‍ കമന്റില്‍ നിന്ന് ശ്രീജിത്തിന്റെ പ്രൊഫൈല്‍ പിക്ചര്‍ അപ്രത്യക്ഷമായിട്ടുണ്ട്.)

ഒരു ഭീഷണിക്കുമുമ്പിലും മുട്ടുമടക്കുന്ന പ്രശ്‌നമില്ലെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തുന്നതുവരെ നിയമപോരാട്ടവുമായി മുന്നോട്ടുപോകുമെന്നും എഡിറ്റര്‍ വ്യക്തമാക്കി.

ഫാന്‍സ് ശ്രീജിത്ത് ഐപിഎസ് എന്ന പേരില്‍ ഐജി ശ്രീജിത്തിന്റെ പടം വച്ച് ഫെയ്‌സ്ബുക്ക് ക്രിയേറ്റ് ചെയ്തത് ശ്രീജിത്ത് തന്നെയാണെന്ന് സംശയമുള്ളതിനാല്‍ ഐപി അഡ്രസ്സ്, ഭീഷണി കമന്റുകള്‍ പോസ്റ്റ് ചെയ്ത സമയത്ത് ഐജി ശ്രീജിത്തിന്റെ ഔദ്യോഗിക- പേഴ്‌സണല്‍ മൊബൈല്‍ കണക്ഷന്റെ ടവര്‍ ലൊക്കേഷന്‍ എന്നിവ പരിശോധിക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറിക്ക് പരാതി നല്‍കി.

ഇനി മറ്റാരെങ്കിലും ശ്രീജിത്തിന്റെ പേരില്‍ ക്രിയേറ്റ് ചെയ്തതാണെങ്കില്‍ ആ വ്യക്തിയുടെ ഫോണ്‍ വിശദാംശങ്ങള്‍ കൂടി പരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കണമെന്നും എഡിറ്റര്‍ ആവശ്യപ്പെട്ടു.

ഡിജിപി ജേക്കബ് തോമസ് മാധ്യമങ്ങളോട് പ്രതികരിച്ച രീതിക്കെതിരെ അദ്ദേഹത്തിന് രണ്ടുതവണ സര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ഉദ്യോഗസ്ഥര്‍ പൊതുവായി അച്ചടക്കം പാലിക്കണമെന്ന് ഐപിഎസ് അസോസിയേഷന്‍ നിര്‍ദേശം നല്‍കുകയും ചെയ്ത സാഹചര്യത്തില്‍, ഐജിയുടെ ഫാന്‍സിന്റെ പേരില്‍ വന്ന ഈ ഭീഷണിക്കു പിന്നിലെ ‘ഉന്നതനെ’ പുറത്തുകൊണ്ടുവന്ന് നടപടി സ്വീകരിക്കുവാന്‍ ആഭ്യന്തര വകുപ്പിന് ബാധ്യതയുണ്ടെന്നും എഡിറ്റര്‍ വ്യക്തമാക്കി. അല്ലാത്തപക്ഷം ഹൈക്കോടതിയെ സമീപിക്കും.

(ശ്രീജിത്ത് ഫാന്‍സിന്റെ പേരില്‍ വന്ന ഭീഷണി കമന്റുകള്‍ താഴെ കൊടുക്കുന്നു.)

unnamedsreejith

newww

Top