ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിലും അവ്യക്തത; അന്വേഷണ ഉദ്യോഗസ്ഥനും കുരുങ്ങും…?

തിരുവനന്തപുരം: സ്വാമി ശാശ്വതീകാനന്ദയുടെ ദുരൂഹമരണം സംബന്ധിച്ച് പുനരന്വേഷണ സാധ്യത ശക്തമായത് കേസ് മുന്‍പ് അന്വേഷിച്ച അന്വേഷണ സംഘത്തിനും വെല്ലുവിളിയാകും.

ശാശ്വതീകാനന്ദയുടെ മരണം അസ്വാഭാവികമായിരുന്നുവെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിട്ടല്ല താന്‍ തന്നെയാണ് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ നിര്‍ദ്ദേശം നല്‍കിയതെന്നുമുള്ള മുന്‍ എഡിജിപി രാജീവന്റെ വെളിപ്പെടുത്തല്‍ പുനരന്വേഷണ സാധ്യത വര്‍ധിപ്പിക്കുന്നതാണ്.

സംഭവം നടക്കുമ്പോള്‍ തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള സൗത്ത് സോണില്‍ ക്രമസമാധാന ചുമതല നിര്‍വ്വഹിച്ചിരുന്ന ഐജി ആയിരുന്നതിനാല്‍ രാജീവന്റെ വെളിപ്പെടുത്തലിന് വലിയ പ്രാധാന്യമാണ് ഉന്നത പോലീസ് മേധാവികള്‍ നല്‍കുന്നത്.

ശാശ്വതീകാനന്ദയുടെ മരണം മുങ്ങിമരണമാക്കി കേസ് അവസാനിപ്പിച്ച ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിനാണ് രാജീവന്റെ അപ്രതീക്ഷിത വെളിപ്പെടുത്തല്‍ തിരിച്ചടിയായിരിക്കുന്നത്.

സ്വാമിയുടെ മരണം സംബന്ധിച്ച് ബിജുരമേശും സ്വാമിജിയുടെ സഹോദരി ശാന്തയും ശിവഗിരി മഠാധിപതി പ്രകാശാനന്ദയും നടത്തിയ വെളിപ്പെടുത്തല്‍ സംബന്ധിച്ച് പരിശോധന നടത്തുന്ന ക്രൈംബ്രാഞ്ച് എഡിജിപി അനന്തകൃഷ്ണനടക്കമുള്ളവര്‍ രാജീവന്റെ നിലപാടും പരിശോധിക്കുന്നുണ്ട്.

നിലവിലെ സാഹചര്യത്തില്‍ പുനരന്വേഷണമാകാമെന്ന റിപ്പോര്‍ട്ടായിരിക്കും ക്രൈംബ്രാഞ്ച് മേധാവി ആഭ്യന്തരമന്ത്രിക്ക് നല്‍കുകയെന്നാണ് അറിയുന്നത്.

പുനരന്വേഷണം ക്രൈംബ്രാഞ്ച് തന്നെയാണോ നടത്തുക അല്ലെങ്കില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിശ്ചയിക്കുമോ ഇനി സിബിഐ അന്വേഷണത്തിന് തന്നെ ശുപാര്‍ശ ചെയ്യുമോ എന്നീ കാര്യങ്ങളില്‍ ഇനിയും വ്യക്തത വരാനുണ്ട്.

ഏത് അന്വേഷണസംഘം പുനരന്വേഷണം നടത്തിയാലും സ്വാഭാവിക മരണം അസ്വാഭാവിക മരണമായി കണ്ടെത്തിയാല്‍ പ്രതികള്‍ക്കൊപ്പം കേസ് മുന്‍പേ അന്വേഷിച്ച് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച അന്വേഷണ ഉദ്യോഗസ്ഥനും കുരുക്കിലാവും.

അന്വേഷണം അട്ടിമറിച്ചതിനും പ്രതികളെ രക്ഷപ്പെടുത്തിയതിനും വകുപ്പുതല നടപടിക്ക് മാത്രമല്ല കേസില്‍ പ്രതിയാകാനും വരെ ഇത്തരമൊരു സാഹചര്യത്തില്‍ സാധ്യത കൂടുതലാണ്.

പുനരന്വേഷണത്തില്‍ ഏതെങ്കിലും തെളിവുകള്‍ നശിപ്പിക്കപ്പെട്ടതായോ കൊലപാതക സാധ്യത തിരിച്ചറിഞ്ഞിട്ടും ആ രീതിയില്‍ അന്വേഷണം നടത്താതിരുന്നതായോ ബോധ്യപ്പെട്ടാല്‍ തീര്‍ച്ചയായും നടപടിയുണ്ടാകുമെന്നാണ് ഉന്നത ഉദ്യോഗസ്ഥരും നല്‍കുന്ന സൂചന.

12 വര്‍ഷത്തോളം അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തില്‍ പല എസ്.പിമാരും മാറി മറിഞ്ഞതിനുശേഷം ഒടുവിലാണ് സൈമണ്‍ അന്വേഷണ ഉദ്യോഗസ്ഥനായി എത്തിയത്. ഇപ്പോള്‍ തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണറാണ് ഇദ്ദേഹം.

ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ച് സൈമണ്‍ നല്‍കിയ അന്തിമ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പരിശോധിക്കപ്പെടുന്നത്. ശക്തമായ അടിയൊഴുക്കില്‍പ്പെട്ട് ശാശ്വതീകാനന്ദ മുങ്ങിമരിച്ചതായാണ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

മരണം സംബന്ധിച്ച് മറ്റ് സംശയങ്ങള്‍ ഒന്നുമില്ലെന്നും മരണത്തില്‍ അസ്വാഭാവികതയൊന്നുമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വെള്ളാപ്പള്ളി നടേശന്‍ കേസില്‍ മുപ്പത്തിനാലാം സാക്ഷിയാണ്. ബിജു രമേശ് 114ാം സാക്ഷിയാണെങ്കിലും ബിജു രമേശിന്റെ മൊഴിയുടെ വിശദാംശങ്ങള്‍ റിപ്പോര്‍ട്ടില്‍ നല്‍കാത്തതില്‍ ദുരൂഹതയുണ്ട്. അതുപോലെതന്നെ കൊല ചെയ്തുവെന്ന് ആരോപിക്കപ്പെടുന്ന പ്രിയനെ ചോദ്യം ചെയ്തതിന്റെ വിശദാംശങ്ങളും റിപ്പോര്‍ട്ടില്‍ നല്‍കിയിട്ടില്ല.

പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ എസ്.പി സൈമണ്‍ നല്‍കിയ റിപ്പോര്‍ട്ട് പുനഃപരിശോധനയ്ക്ക് വിധേയമാക്കിയിരിക്കുകയാണ് ക്രൈംബ്രാഞ്ച് മേധാവി.

നേരത്തെ ഇതുസംബന്ധമായ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന ഘട്ടത്തില്‍ ക്രൈംബ്രാഞ്ചിന്റെ ചുമതല ഇല്ലാതിരുന്നതിനാല്‍ ആദ്യാവസാനം എഡിജിപി അനന്തകൃഷ്ണന്‍ അന്വേഷണ റിപ്പോര്‍ട്ടും ഇപ്പോഴത്തെ വെളിപ്പെടുത്തലും വിശദമായി തന്നെ പരിശോധിച്ചുകഴിഞ്ഞിട്ടുണ്ട്.

ക്രൈംബ്രാഞ്ച് മേധാവിയുടെ റിപ്പോര്‍ട്ട് ലഭിച്ചു കഴിഞ്ഞാല്‍ തുടരന്വേഷണം സംബന്ധിച്ച തീരുമാനം കൈക്കൊള്ളാമെന്ന നിലപാടിലാണ് ആഭ്യന്തര വകുപ്പ്.

അതേസമയം ശാശ്വതീകാനന്ദയുടെ ദുരൂഹ മരണം സംബന്ധിച്ച അന്വേഷണം ക്രൈബ്രാഞ്ച് അട്ടിമറിക്കുകയായിരുന്നുവെന്നതിന് കൂടുതല്‍തെളിവുകള്‍ പുറത്തായിട്ടുണ്ട്.

സ്വാമിയുടെ മരണം നടന്ന ഘട്ടത്തിലും ഇന്‍ക്വസ്റ്റിന്റെ വീഡിയോ ചിത്രം എടുക്കാന്‍ പൊലീസ് തയ്യാറായിരുന്നില്ല. പിന്നീട് അന്നത്തെ സ്‌പെഷ്യല്‍ ബ്രാഞ്ച് സിഐഡി (എറണാകുളം) എസ്.പി ബി ഷംസുദ്ദീന്‍ ഇടപെട്ടാണ് വീഡിയോ എടുപ്പിച്ചത്.

ഈ കേസ് ലോക്കല്‍ പൊലീസില്‍ നിന്ന് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത ശേഷം നീണ്ട പന്ത്രണ്ട് വര്‍ഷം കഴിഞ്ഞ് ഫൈനല്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയ എസ്.പി സര്‍ക്കാരിന്റെ അനുമതിയില്ലാതെ വിദേശ യാത്ര നടത്തിയിരുന്നതായും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

ശാശ്വതീകാനന്ദ മരണപ്പെട്ടത് അടിയൊഴുക്കില്‍പ്പെട്ടാണെന്ന ക്രൈംബ്രാഞ്ച് കണ്ടെത്തലാണ് ഇവിടെ ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നത്.

സ്വാമി മരണപ്പെട്ട ദിവസം ആ പ്രദേശത്ത് അടിയൊഴുക്ക് ഉണ്ടായി എന്ന് എങ്ങനെ പോലീസ് കണ്ടെത്തിയെന്ന ചോദ്യത്തിന് അന്വേഷണ സംഘം മറുപടി പറയേണ്ടതുണ്ട്.

13 വര്‍ഷത്തോളം ഈ കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘം സ്വാമി മരണപ്പെട്ടതിന് ശേഷമുള്ള മറ്റ് വര്‍ഷങ്ങളില്‍ കോസ്റ്റ് ഗാര്‍ഡിനെ കൊണ്ടോ നേവിയിലെ വിദഗ്ദ്ധരെക്കൊണ്ടോ മരണപ്പെട്ട അതേ തിയതിയില്‍ ഈ പ്രദേശത്ത് പരിശോധന നടത്താതിരുന്നതിലുമുണ്ട് ദുരൂഹത.

കാലക്രമം അനുസരിച്ച് മാറുന്ന കാലാവസ്ഥ ശാശ്വതീകാനന്ദ മരണപ്പെട്ട ദിവസം മാത്രം മാറിമറിഞ്ഞു എന്ന് പറയുന്നത് എന്ത് ‘വൈദഗ്ധ്യം’ മുന്‍ നിര്‍ത്തിയാണെന്ന ചോദ്യത്തിനും പഴയ അന്വേഷണ സംഘത്തിന് കൃത്യമായ മറുപടിയില്ല.

പ്രസ്തുത ദിവസം കാലാവസ്ഥ നിരീക്ഷണ ഡിപ്പാര്‍ട്‌മെന്റില്‍ നിന്നും ഹൈഡ്രോളജി ഡിപ്പാര്‍ട്‌മെന്റില്‍ നിന്നും സ്ഥിതിവിവരക്കണക്കുകളും ക്രൈംബ്രാഞ്ച് ശേഖരിച്ചതായി വിവരമില്ല.

ഇനി ശാശ്വതീകാനന്ദ മരണപ്പെട്ടത് ശക്തമായ അടിയൊഴുക്കിലാണെന്ന പോലീസ് കണ്ടെത്തല്‍ ഒരു വാദത്തിനു വേണ്ടി സമ്മതിച്ചാല്‍ തന്നെ ശിവരാത്രിയോടനുബന്ധിച്ച് ആലുവപ്പുഴയുടെ കുറുകെ താല്‍ക്കാലികമായി പാലം എങ്ങനെ നിര്‍മ്മിച്ചു എന്ന ചോദ്യവും പ്രസക്തമാണ്.

ഭയങ്കരമായ ‘അടിയൊഴുക്കുള്ള’ ഒരു പുഴയില്‍ താല്‍ക്കാലികമായി പാലം നിര്‍മ്മിക്കല്‍ സാധാരണഗതിയില്‍ നടപ്പുളള കാര്യമല്ല.

ഇനി ഒഴുക്ക് അത്ര ശക്തമായി ഉണ്ടെങ്കില്‍ തന്നെ അത് പ്രകടമാകേണ്ടത് കൂടുതലും പുഴയുടെ മധ്യഭാഗത്താണ്. കഴിഞ്ഞ കുറേകാലമായി നിര്‍മ്മിച്ച തടിപാലം ഒഴുക്കില്‍പെട്ട് പോയിട്ടില്ലെന്നു മാത്രമല്ല, ആളുകള്‍ അതിലൂടെ സ്ഥിരം സഞ്ചരിക്കുകയും ചെയ്തിരുന്നു.

ശാശ്വതീകാനന്ദ ഒഴുക്കില്‍പ്പെട്ട് മുങ്ങിമരിക്കുകയായിരുന്നുവെങ്കില്‍ ബോഡി എങ്ങനെ കുളിക്കാനിറങ്ങിയതിന് സമീപത്ത് നിന്ന് തന്നെ ലഭിച്ചെന്ന ചോദ്യവും നേരത്തേ തന്നെ ഉയര്‍ന്നിരുന്നതാണ്.

ഇത് പോലീസിന്റെ ‘പാര്‍ശ്വഭാഗത്തെ (സൈഡിലെ) അടിയൊഴുക്ക്’ എന്നുപറയുന്ന സിദ്ധാന്തത്തിന് തന്നെ എതിരാണ്.

പത്തനംതിട്ട ജില്ലയിലെ മാരാമണ്‍ കണ്‍വെന്‍ഷനില്‍ ഭക്തര്‍ക്ക് സഞ്ചരിക്കാനായി താല്‍ക്കാലിക തടിപാലം നിര്‍മ്മിക്കാറുണ്ട്. അതുപോലെ തന്നെ തൊട്ടടുത്തുള്ള ചെറുകോല്‍പ്പുഴ ഹിന്ദുമത കണ്‍വെന്‍ഷന്‍ ആറിന്റെ മണല്‍പരപ്പുകളിലാണ് നടക്കാറുള്ളത്. ഈ സമയം അപകടമുണ്ടാവാതിരിക്കാന്‍ പമ്പ ഡാം കുറച്ചുസമയം അടച്ചിടാറുമുണ്ട്.

എന്നാല്‍ ആലുവ ശിവരാത്രി സമയത്ത് ഇങ്ങനെ ഒരുകാര്യം ചെയ്യാറേ ഇല്ല. അപകടകരമായ ഒഴുക്ക് ഇല്ല എന്നത് തന്നെയാണ് അതിന് തെളിവായി നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നത്.

ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ച് അന്വേഷണം നടത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ ശാസ്ത്രീയമായ അന്വേഷണം വേണ്ടത്ര രൂപത്തില്‍ നടത്തിയിരുന്നെങ്കില്‍ യാഥാര്‍ഥ്യം പുറത്തുവരുമായിരുന്നുവെന്ന വാദത്തിന് ശക്തിപകരുന്നതാണ് ഈ കണ്ടെത്തലുകള്‍.

സ്വാമിയുടെ തലയിലുണ്ടായ മുറിവ് കല്‍ക്കെട്ടില്‍ ഇടിച്ചുണ്ടായതാണെന്ന പോലീസ് വാദവും സ്വാമിയെ അറിയുന്നവര്‍ വിശ്വസിക്കുന്നില്ല.

വളരെ പക്വമതിയായ ശാശ്വതീകാനന്ദ നീന്തല്‍താരങ്ങളെപോലെ അഭ്യാസമൊന്നും കുളിക്കുമ്പോള്‍ നടത്താറില്ലെന്ന കാര്യം മുന്‍നിര്‍ത്തിയാണ് ഈ നിഗമനം.

ശാശ്വതീകാനന്ദയെ പോലെ ഒരു പ്രമുഖ സമുദായത്തിന്റെ മഠാധിപതി മരണപ്പെട്ടിട്ടും ഫോറന്‍സിക് വിഭാഗം തലവന്റെ നേതൃത്വത്തില്‍ പോസ്റ്റ് മോര്‍ട്ടം ചെയ്യാതെ പരിചയസമ്പത്ത് കുറവായ ഡോക്ടര്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തതും ഗുരുതരമായ പിഴവാണ്.

ശരിയായ രൂപത്തിലുള്ള അന്വേഷണമല്ല ക്രൈംബ്രാഞ്ച് നടത്തിയതെന്ന വാദത്തിന് ശക്തിപകരുന്ന വിവരങ്ങളാണ് അന്വേഷണ റിപ്പോര്‍ട്ട് പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നത്.

Top