സ്വാമിയുടെ മരണം; അന്വേഷണസംഘത്തെ പ്രതിക്കൂട്ടിലാക്കുന്ന തെളിവുകള്‍ പുറത്ത്…

കൊച്ചി: ശാശ്വതീകാനന്ദയുടെ ദുരൂഹ മരണം സംബന്ധിച്ച അന്വേഷണം പോലീസ് അട്ടിമറിക്കുകയായിരുന്നുവെന്ന ആക്ഷേപം ശക്തമാവുന്നു.

സ്വാമിയുടെ മരണം നടന്ന ഘട്ടത്തിലും ഇന്‍ക്വസ്റ്റിന്റെ വീഡിയോ ചിത്രം എടുക്കാന്‍ പൊലീസ് തയ്യാറായിരുന്നില്ല. പിന്നീട് അന്നത്തെ സ്‌പെഷ്യല്‍ ബ്രാഞ്ച് സിഐഡി (എറണാകുളം) എസ്.പി ബി ഷംസുദ്ദീന്‍ ഇടപെട്ടാണ് വീഡിയോ എടുപ്പിച്ചത്.

അന്ന് എറണാകുളം റൂറല്‍ എസ്.പിയായിരുന്ന വര്‍ഗ്ഗീസ് ജോര്‍ജ് ഒരു കോണ്‍ഗ്രസ് കുടുംബാംഗവും ഇയാളുടെ സഹോദരന്‍ പത്തനംതിട്ട ജില്ലയിലെ കോണ്‍ഗ്രസ് ലീഗല്‍ സെല്‍ പ്രസിഡന്റുമായിരുന്നു.

എറണാകുളത്ത് നിന്ന് പിന്നീട് ആലപ്പുഴ എസ്.പിയായും അവിടെ നിന്ന് മാതൃ ജില്ലയായ പത്തനംതിട്ടയിലും നിയമനം ലഭിച്ച വര്‍ഗ്ഗീസ് ജോര്‍ജ് അവിടെ നിന്നാണ് സര്‍വ്വീസില്‍ നിന്നും വിരമിച്ചത്.

ഈ കേസ് ലോക്കല്‍ പൊലീസില്‍ നിന്ന് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത ശേഷം നീണ്ട പന്ത്രണ്ട് വര്‍ഷം കഴിഞ്ഞ് ഫൈനല്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയ എസ്.പി സര്‍ക്കാരിന്റെ അനുമതിയില്ലാതെ വിദേശ യാത്ര നടത്തിയിരുന്നതായും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

ശാശ്വതീകാനന്ദ മരണപ്പെട്ടത് അടിയൊഴുക്കില്‍പ്പെട്ടാണെന്ന ക്രൈംബ്രാഞ്ച് കണ്ടെത്തലും യുക്തിരഹിതമാണ്.

സ്വാമി മരണപ്പെട്ട ദിവസം ആ പ്രദേശത്ത് അടിയൊഴുക്ക് ഉണ്ടായി എന്ന് എങ്ങനെ പോലീസ് കണ്ടെത്തിയെന്ന ചോദ്യത്തിന് അന്വേഷണ സംഘം മറുപടി പറയേണ്ടതുണ്ട്.

13 വര്‍ഷത്തോളം ഈ കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘം സ്വാമി മരണപ്പെട്ടതിന് ശേഷമുള്ള മറ്റ് വര്‍ഷങ്ങളില്‍ കോസ്റ്റ് ഗാര്‍ഡിനെ കൊണ്ടോ നേവിയിലെ വിദഗ്ധരെക്കൊണ്ടോ മരണപ്പെട്ട അതേ തിയതിയില്‍ ഈ പ്രദേശത്ത് പരിശോധന നടത്താതിരുന്നതിലുമുണ്ട് ദുരൂഹത.

കാലക്രമം അനുസരിച്ച് മാറുന്ന കാലാവസ്ഥ ശാശ്വതീകാനന്ദ മരണപ്പെട്ട ദിവസം മാത്രം മാറിമറിഞ്ഞു എന്ന് പറയുന്നത് എന്ത് ‘വൈദഗ്ധ്യം’ മുന്‍ നിര്‍ത്തിയാണെന്ന ചോദ്യത്തിനും പഴയ അന്വേഷണ സംഘത്തിന് കൃത്യമായ മറുപടിയില്ല.

പ്രസ്തുത ദിവസം കാലാവസ്ഥ നിരീക്ഷണ ഡിപ്പാര്‍ട്‌മെന്റില്‍ നിന്നും ഹൈഡ്രോളജി ഡിപ്പാര്‍ട്‌മെന്റില്‍ നിന്നും സ്ഥിതിവിവരക്കണക്കുകളും ക്രൈംബ്രാഞ്ച് ശേഖരിച്ചതായി വിവരമില്ല.

ഇനി ശാശ്വതീകാനന്ദ മരണപ്പെട്ടത് ശക്തമായ അടിയൊഴുക്കിലാണെന്ന പോലീസ് കണ്ടെത്തല്‍ ഒരു വാദത്തിനു വേണ്ടി സമ്മതിച്ചാല്‍ തന്നെ ശിവരാത്രിയോടനുബന്ധിച്ച് ആലുവപ്പുഴയുടെ കുറുകെ താല്‍ക്കാലികമായി പാലം എങ്ങനെ നിര്‍മ്മിച്ചു എന്ന ചോദ്യവും പ്രസക്തമാണ്.

ഭയങ്കരമായ ‘അടിയൊഴുക്കുള്ള’ ഒരു പുഴയില്‍ താല്‍ക്കാലികമായി പാലം നിര്‍മ്മിക്കല്‍ സാധാരണഗതിയില്‍ നടപ്പുളള കാര്യമല്ല.

ഇനി ഒഴുക്ക് അത്ര ശക്തമായി ഉണ്ടെങ്കില്‍ തന്നെ അത് പ്രകടമാകേണ്ടത് കൂടുതലും പുഴയുടെ മധ്യഭാഗത്താണ്. കഴിഞ്ഞ കുറേകാലമായി നിര്‍മ്മിച്ച തടിപാലം ഒഴുക്കില്‍പെട്ട് പോയിട്ടില്ലെന്നു മാത്രമല്ല, ആളുകള്‍ അതിലൂടെ സ്ഥിരം സഞ്ചരിക്കുകയും ചെയ്തിരുന്നു.

ശാശ്വതീകാനന്ദ ഒഴുക്കില്‍പ്പെട്ട് മുങ്ങിമരിക്കുകയായിരുന്നുവെങ്കില്‍ ബോഡി എങ്ങനെ കുളിക്കാനിറങ്ങിയതിന് സമീപത്ത് നിന്ന് തന്നെ ലഭിച്ചെന്ന ചോദ്യവും നേരത്തേ തന്നെ ഉയര്‍ന്നിരുന്നതാണ്.

ഇത് പോലീസിന്റെ ‘പാര്‍ശ്വഭാഗത്തെ (സൈഡിലെ) അടിയൊഴുക്ക്’ എന്നുപറയുന്ന സിദ്ധാന്തത്തിന് തന്നെ എതിരാണ്.

പത്തനംതിട്ട ജില്ലയിലെ മാരാമണ്‍ കണ്‍വെന്‍ഷനില്‍ ഭക്തര്‍ക്ക് സഞ്ചരിക്കാനായി താല്‍ക്കാലിക തടിപാലം നിര്‍മ്മിക്കാറുണ്ട്. അതുപോലെ തന്നെ തൊട്ടടുത്തുള്ള ചെറുകോല്‍പ്പുഴ ഹിന്ദുമത കണ്‍വെന്‍ഷന്‍ ആറിന്റെ മണല്‍പരപ്പുകളിലാണ് നടക്കാറുള്ളത്. ഈ സമയം അപകടമുണ്ടാവാതിരിക്കാന്‍ പമ്പ ഡാം കുറച്ചുസമയം അടച്ചിടാറുമുണ്ട്.

എന്നാല്‍ ആലുവ ശിവരാത്രി സമയത്ത് ഇങ്ങനെ ഒരുകാര്യം ചെയ്യാറേ ഇല്ല. അപകടകരമായ ഒഴുക്ക് ഇല്ല എന്നത് തന്നെയാണ് അതിന് തെളിവായി നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നത്.

ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ച് അന്വേഷണം നടത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ ശാസ്ത്രീയമായ അന്വേഷണം വേണ്ടത്ര രൂപത്തില്‍ നടത്തിയിരുന്നെങ്കില്‍ യാഥാര്‍ഥ്യം പുറത്തുവരുമായിരുന്നുവെന്ന വാദത്തിന് ശക്തിപകരുന്നതാണ് ഈ കണ്ടെത്തലുകള്‍.

സ്വാമിയുടെ തലയിലുണ്ടായ മുറിവ് കല്‍ക്കെട്ടില്‍ ഇടിച്ചുണ്ടായതാണെന്ന പോലീസ് വാദവും സ്വാമിയെ അറിയുന്നവര്‍ വിശ്വസിക്കുന്നില്ല.

വളരെ പക്വമതിയായ ശാശ്വതീകാനന്ദ നീന്തല്‍താരങ്ങളെപോലെ അഭ്യാസമൊന്നും കുളിക്കുമ്പോള്‍ നടത്താറില്ലെന്ന കാര്യം മുന്‍നിര്‍ത്തിയാണ് ഈ നിഗമനം.

ശരിയായ രൂപത്തിലുള്ള അന്വേഷണമല്ല ക്രൈംബ്രാഞ്ച് നടത്തിയതെന്ന വാദത്തിന് ശക്തിപകരുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ശാശ്വതീകാനന്ദയെ പോലെ ഒരു പ്രമുഖ സമുദായത്തിന്റെ മഠാധിപതി മരണപ്പെട്ടിട്ടും ഫോറന്‍സിക് വിഭാഗം തലവന്റെ നേതൃത്വത്തില്‍ പോസ്റ്റ് മോര്‍ട്ടം ചെയ്യാതെ പരിചയസമ്പത്ത് കുറവായ ഡോക്ടര്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തതും ഗുരുതരമായ പിഴവാണ്.

Top