സ്വാമിയുടെ മരണം: എസ്.പിയെക്കൊണ്ട് അന്വേഷിപ്പിക്കുന്നത് അട്ടിമറിക്കാന്‍ ?

തിരുവനന്തപുരം: സ്വാമി ശാശ്വതീകാനന്ദയുടെ ദുരൂഹമരണം സംബന്ധിച്ച് തുടരന്വേഷണച്ചുമതല നേരത്തെ കേസ് അന്വേഷിച്ച യൂണിറ്റിലെ എസ്.പിക്ക് നല്‍കിയത് അട്ടിമറിക്കാന്‍ വേണ്ടിയാണെന്ന് ആരോപണം.

പുനരന്വേഷണം ആവശ്യപ്പെട്ട് സ്വാമിയുടെ ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയപ്പോള്‍ സിബിഐ അന്വേഷണമോ ജേക്കബ് തോമസിനേപ്പോലെയുള്ള സത്യസന്ധരായ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണവുമാണ് ആവശ്യപ്പെട്ടിരുന്നത്.

എന്നാല്‍ സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ശിവഗിരി മുന്‍ മഠാധിപതിയുടെ ദുരൂഹമരണം ഇപ്പോള്‍ ക്രൈംബ്രാഞ്ച് കൊച്ചി യൂണിറ്റിലെ എസ്.പി പി.കെ മധുവിനെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്.

കേസില്‍ ആരോപണ വിധേയനായ വെള്ളാപ്പള്ളിയുമായി അടുത്ത ബന്ധമുള്ള ഐ.ജി ക്രൈംബ്രാഞ്ച് തലപ്പത്ത് ഉള്ളതിനാല്‍ നിഷ്പക്ഷമായ നീതി നിര്‍വ്വഹണം സാധ്യമല്ലെന്ന നിലപാടിലാണ് പരാതിക്കാര്‍.

സിബിഐ അന്വേഷണമോ അതല്ലെങ്കില്‍ ജേക്കബ് തോമസിനേപ്പോലെയുള്ളവരോ അന്വേഷിക്കണമെന്നതാണ് അവരുടെ ആവശ്യം.

പുന:രന്വേഷണം ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് വി.എം സുധീരനടക്കമുള്ളവര്‍ കത്ത് നല്‍കിയിട്ടും സര്‍ക്കാര്‍ തുടരന്വേഷണത്തില്‍ ഒതുക്കിയതുതന്നെ, സത്യം പുറത്ത് വരില്ലെന്നതിന്റെ സൂചനയായാണ് അരോപണമുന്നയിച്ച ബിജു രമേശ് അടക്കമുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നത്.

സ്വാഭാവിക മരണമായി എഴുതി തള്ളിയ ക്രൈംബ്രാഞ്ച് യൂണിറ്റ് ഒരിക്കലും നിലപാട് മാറ്റാന്‍ ഇടയില്ലെന്നാണ് നിയമ വിദഗ്ദ്ധരും അഭിപ്രായപ്പെടുന്നത്.

ശാശ്വതീകാനന്ദയുടെ ബന്ധുക്കള്‍ക്ക് പോലും തൃപ്തി വരാത്ത ഒരന്വേഷണം ആരെ ബോധിപ്പിക്കാനാണ് ക്രൈംബ്രാഞ്ചിനേക്കൊണ്ട് സര്‍ക്കാര്‍ നടത്തിക്കുന്നതെന്നാണ് ഇനി അറിയാനുള്ളത്.

Top