തരൂരിനെതിരെ ബിജെപി കേരള ഘടകം; ആര്‍എസ്എസിനെ മുന്‍നിര്‍ത്തി കരുനീക്കം

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഗുഡ്‌ലിസ്റ്റില്‍ ഇടം കണ്ടെത്തി ബി.ജെ.പിയോട് അടുക്കാനുള്ള ശശി തരൂര്‍ എം.പിയുടെ നീക്കം പൊളിക്കാന്‍ ബി.ജെ.പി സംസ്ഥാന ഘടകം രംഗത്ത്.

യാക്കൂബ് മേമന്റെ വധശിക്ഷ സംബന്ധിച്ച് നടത്തിയ അഭിപ്രായ പ്രകടനത്തില്‍ പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ വീട്ടിലേക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പെട്ടെന്ന് തന്നെ മാര്‍ച്ച് സംഘടിപ്പിച്ചത് ഈ നീക്കത്തിന്റെ ഭാഗമായാണെന്നാണ് സൂചന.

സുനന്ദ പുഷ്‌കറിന്റെ മരണം കൊലപാതകമാണെന്ന് ഡല്‍ഹി പോലീസ് കണ്ടെത്തിയിട്ടും ശശി തരൂരിനെതിരെ കാര്യമായ അന്വേഷണം നടക്കുന്നില്ലെന്ന പരാതിയും ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനുണ്ട്.

ഈ കുരുക്കില്‍ നിന്ന് രക്ഷപ്പെടാനാണ് മോഡി സ്തുതിയുമായി തരൂര്‍ ഇടയ്ക്കിടെ രംഗത്ത് വരുന്നതെന്നാണ് അവരുടെ വിലയിരുത്തല്‍.

തന്റെ അന്താരാഷ്ട്ര പ്രതിച്ഛായ ഉപയോഗിച്ച് മോഡിയുമായി കൂടുതല്‍ അടുത്ത് ശശി തരൂര്‍ ബി.ജെ.പിയുടെ ഭാഗമായാല്‍ ഇതുവരെ പറഞ്ഞതെല്ലാം വിഴുങ്ങി തലയില്‍ മുണ്ടിട്ട് നടക്കേണ്ട ഗതികേടുണ്ടാകുമെന്ന ആശങ്കയും സംസ്ഥാന നേതൃത്വത്തെ അലട്ടുന്നുണ്ട്.

മാത്രമല്ല കേരളത്തിലെ ബി.ജെ.പിയുടെ ഏറ്റവും ശക്തിയുള്ള മണ്ഡലമായ തിരുവനന്തപുരത്ത് സംസ്ഥാനത്ത് നിന്ന് അടുത്ത തിരഞ്ഞടെുപ്പിലെങ്കിലും പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് ജയിച്ച് കയറാനുള്ള സാധ്യതയും തരൂരിന്റെ വരവോടെ ഇല്ലാതാകുമെന്നും സംസ്ഥാന നേതൃത്വം കണക്കുകൂട്ടുന്നു.

സുനന്ദ പുഷ്‌കര്‍ കൊലക്കേസില്‍ ശശി തരൂര്‍ അകത്തായാല്‍ തിരുവനന്തപുരം മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുമെന്നും കേന്ദ്രഭരണത്തിന്റെ പിന്‍ബലത്തില്‍ ജയിച്ചുകയറാമെന്നുമുള്ള പ്രതീക്ഷയിലായിരുന്നു ബി.ജെ.പി സംസ്ഥാന ഘടകം.

എന്നാല്‍ ഇപ്പോഴത്തെ പ്രത്യേക സാഹചര്യവും ഡല്‍ഹി പോലീസിന്റെ മെല്ലെപ്പോക്കും ബി.ജെ.പിയുടെ പ്രതീക്ഷ തകര്‍ത്തിരിക്കുകയാണ്. കേന്ദ്ര ഭരണം കൈയിലുണ്ടായിട്ടും സുനന്ദാ പുഷ്‌കര്‍ കൊലക്കേസ് അന്വേഷണം ഇഴഞ്ഞ് നീങ്ങുന്നത് എന്തുകൊണ്ടാണെന്ന അണികളുടെ ചോദ്യത്തിന് മുന്‍പിലും നേതാക്കള്‍ ഇരുട്ടില്‍ തപ്പുകയാണ്.

ഈ പ്രതിസന്ധിമറികടക്കാനും തരൂര്‍ ‘വെല്ലുവിളി’ നേരിടാനും ആര്‍.എസ്.എസിനെ മുന്‍നിര്‍ത്തി മോഡിയെ സമ്മര്‍ദ്ദത്തിലാക്കാനാണ് നീക്കം നടക്കുന്നത്.

ആര്‍.എസ്.എസ് സംസ്ഥാന ഘടകം നാഗ്പൂരിലെ ദേശീയ നേതൃത്വവുമായി ബന്ധപ്പെട്ട് കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തിയാല്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാവുമെന്ന പ്രതീക്ഷയിലാണ് തന്ത്രപരമായ നീക്കം നടത്തുന്നത്.

അരുവിക്കരയില്‍ തകര്‍പ്പന്‍ മുന്നേറ്റം നടത്തിയ സാഹചര്യത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടന്നാല്‍ മണ്ഡലം പിടിച്ചെടുക്കാന്‍ പറ്റുമെന്ന് കേന്ദ്രനേതൃത്വത്തെ ബി.ജെ.പി സംസ്ഥാന നേതൃത്വം ഇതിനകം അറിയിച്ചിട്ടുണ്ട്.

Top