സൗദിയുടെ നേതൃത്വത്തില്‍ വ്യോമാക്രമണം; യമനില്‍ വനിതാ പ്രതിഷേധം

സൗദിയുടെ നേതൃത്വത്തിലുള്ള വ്യോമാക്രമണത്തിനെതിരെ യമനില്‍ വനിതാ പ്രതിഷേധം. യമന്‍ തലസ്ഥാനമായ സന്‍ആയിലാണ് ഹൂതി അനുഭാവികളായ സ്ത്രീകള്‍ പ്രകടനം നടത്തിയത്. സൗദി നടപടി കാടത്തമാണെന്നും വ്യോമാക്രമണം അടിയന്തരമായി അവസാനിപ്പിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

ഹൂതി മുന്നേറ്റം തടയാന്‍ ലക്ഷ്യമിട്ട് കഴിഞ്ഞ വ്യാഴാഴ്ചയാണ് സൗദി സര്‍ക്കാരും സഖ്യകക്ഷികളും യമനില്‍ വ്യോമാക്രമണം ആരംഭിച്ചത്. ഹൂതികളെ പിന്തുണക്കുന്നവര്‍ക്ക് യമനിലേക്ക് പ്രവേശിക്കാനോ പുറത്തു പോകാനോ സാധ്യമാകാത്ത വിധം രാജ്യത്തെ വിമാനത്താവളങ്ങള്‍ പൂര്‍ണമായും അടച്ചിട്ടായിരുന്നു ആക്രമണം. ഒരാഴ്ചയായി തുടരുന്ന വ്യോമാക്രമണങ്ങളില്‍ ഇതിനകം നിരവധി പേരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം തെക്കന്‍ യമനില്‍ ഒരു അഭയാര്‍ഥി ക്യാമ്പിനു നേരെയുണ്ടായ വ്യോമാക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടിരുന്നു.

ഈ പശ്ചാത്തലത്തിലാണ് സൗദി അറേബ്യയും സഖ്യ കക്ഷികളും ആക്രമണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വനിതകള്‍ രംഗത്തു വന്നത്?. നൂറുകണക്കിന് വനിതകള്‍ അണി നിരന്ന പ്രകടനത്തില്‍ അമേരിക്കക്കും സൗദി അറേബ്യക്കുമെതിരായ രൂക്ഷമായ മുദ്രാവാക്യങ്ങളാണ് മു!ഴങ്ങിയത്. ആക്രമണങ്ങള്‍ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് പ്രകടനക്കാര്‍ ആവശ്യപ്പെട്ടു.

അതിനിടെ സംഘര്‍ഷം രൂക്ഷമായ യമനില്‍നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ അനുവദിക്കില്ലെന്ന് ഹൂതികള്‍ വ്യക്തമാക്കി. പ്രാദേശിക ടെലിവിഷന്‍ ചാനലുകളിലൂടെ പുറത്തുവിട്ട പ്രസ്താവനയിലാണ് നേതാക്കള്‍ ഇക്കാര്യം അറിയിച്ചത്. ഇന്ത്യക്കാരെ ഒഴിപ്പിച്ചാല്‍ സൗദി ആക്രമണം ശക്തമാക്കുമെന്നും കരയുദ്ധം ആരംഭിക്കുമെന്നുമുള്ള ആശങ്കകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം എന്നാണ് സൂചന.

Top