വ്യാജ റിവ്യു; ആയിരത്തിലധികം പേര്‍ക്കെതിരെ പരാതിയുമായി ആമസോണ്‍ കോടതിയില്‍

ലോകത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വില്‍പ്പനക്കാരായ ആമസോണ്‍ ഡോട് കോം (Amazon.com) അമേരിക്കയിലെ വെബ്‌സൈറ്റില്‍ വില്‍ക്കുന്ന പ്രൊഡക്ടുകളെപ്പറ്റി വ്യാജ റിവ്യൂ എഴുതിയ ആയിരത്തിലേറെ പേര്‍ക്കെതിരെ കേസു കൊടുത്തു.

ആയിരത്തിലേറെ റിവ്യൂവര്‍മാര്‍ തങ്ങളുടെ പ്രൊഡക്ട് പേജുകളില്‍ തട്ടിപ്പു റിവ്യൂ പോസ്റ്റു ചെയ്തിരിക്കുന്നതായി ആമസോണ്‍ കണ്ടെത്തിയിരുന്നു. കണ്ടെത്തിയ 1,114 വ്യാജ റിവ്യൂവര്‍മാരുടെ ശരിയായ പേരു കണ്ടെത്താനും തങ്ങളുടെ കസ്റ്റമര്‍മാരെ കബളിപ്പിച്ചതിന് നഷ്ടപരിഹാരം വാങ്ങാനുമായാണ് ആമസോണ്‍ കോടതിയെ സമീപിച്ചത്.

ആമസോണിന്റെ പരാതിയില്‍ കോടതി അനുകൂല തീരുമാനമെടുത്താല്‍ അതു ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്നാണ് നിയമ വിദഗ്ധര്‍ പറയുന്നത്. പല റിവ്യൂവര്‍മാരും വ്യാജ ഐപി നിര്‍മ്മിച്ചും മറ്റുമാണ് തങ്ങളുടെ റിവ്യൂ പോസ്റ്റു ചെയ്തിരിക്കുന്നത്. കോടതി ശരിക്കുള്ള ആളുകളെ കണ്ടെത്താന്‍ ഉത്തരവിട്ടാല്‍ വിപിഎന്‍ മുതലായ സ്വകാര്യത നല്‍കുന്ന സര്‍വീസുകളുടെ പ്രവര്‍ത്തനത്തെപ്പറ്റിയും ഒരു പുനര്‍വിചിന്തനം ആവശ്യമായി വന്നേക്കാം.

തങ്ങളുടെ സൈറ്റില്‍ വളരെ കുറച്ചു വ്യാജ റിവ്യൂകളെ ഉള്ളവെന്ന് ആമസോണ്‍ അവകാശപ്പെടുന്നുണ്ടെങ്കിലും അതങ്ങനെയല്ല ധാരാളമുണ്ട് എന്നു വാദിക്കുന്നവരും ഉണ്ട്. കൂടാതെ എന്തുകൊണ്ട് ആമസോണ്‍ ഇത്തരം റിവ്യൂ പ്രോത്സാഹിപ്പിക്കുന്ന സൈറ്റുകള്‍ക്കെതിരെ നിയമ നടപടി കൈക്കൊള്ളുന്നില്ല എന്നും അവര്‍ ചോദിക്കുന്നു.

Top