വോട്ടുകോഴക്കേസ്: ചന്ദ്രബാബു നായിഡുവിന്റെ പേരും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തി

ഹൈദരാബാദ്: വോട്ടുകോഴക്കേസില്‍ ചന്ദ്രബാബു നായിഡുവിന്റെ പേരും തെലുങ്കാന അഴിമതിവിരുദ്ധസംഘം കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തി. എന്നാല്‍ കുറ്റാരോപിതനായല്ല അദ്ദേഹത്തിന്റെ പേര് ചേര്‍ത്തിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. നായിഡു നടത്തുന്ന ഒരു ടെലിഫോണ്‍ സംഭാഷണത്തെപ്പറ്റിയും കുറ്റപത്രത്തില്‍ പറയുന്നുണ്ട്.

ചന്ദ്രബാബു നായിഡുവും അസംബ്ലിയിലേക്ക് നാമനിര്‍ദ്ദേശം നല്‍കിയിരിക്കുന്ന ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തിന്റെ പ്രതിനിധി എല്‍വിസ് സ്റ്റീഫെന്‍സണുമായുള്ള ടെലിഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ തെലുങ്കാന രാഷ്ട്ര സമിതിയുടെ ചാനലായ ടി ന്യൂസ് പുറത്തുവിട്ടിരുന്നു.

നായിഡുവും സ്റ്റീഫന്‍സണും മറ്റ് ടി.ആര്‍.എസ് എം.എല്‍.എമാരുമായി ടി.ഡി.പിക്ക് അനുകൂലമായി വോട്ട് പിടിക്കാനായി സംസാരിച്ചതിന് ഗവണ്‍മെന്റിന്റെ കൈയില്‍ തെളിവുണ്ടെന്ന് തെലുങ്കാന ആഭ്യന്തരമന്ത്രി എന്‍. നരസിംഹ റാവു പറഞ്ഞ് മൂന്ന് ദിവസത്തിന് ശേഷമാണ് ശബ്ദരേഖ പുറത്തുവന്നത്. തന്റെ ടെലിഫോണ്‍ ചോര്‍ത്തിയയെന്ന നായിഡുവിന്റെ ആരോപണത്തെ തെലുങ്കാന ഗവണ്‍മെന്റും എ.സി.ബിയും നിഷേധിച്ചിരുന്നു.

Top