“വോട്ടിംഗ് മെഷീന്‍ ഞെക്കുന്ന വിരലിന് എ.കെ 47 ഞെക്കുന്നതിനേക്കാള്‍ ശക്തി”

കശ്മീര്‍:വോട്ടിംഗ് മെഷീന്‍ ഞെക്കുന്ന വിരലുകള്‍ക്ക് എ.കെ 47 ഉപയോഗിക്കുന്ന വിരലുകളേക്കാള്‍ ശക്തിയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കാശ്മീരില്‍ നാളെ നടക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി സാംബ ജില്ലയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മോഡി.

‘നിങ്ങള്‍ക്ക് അധികാരം ഉണ്ട്, വോട്ടിംഗ് മെഷീനില്‍ ഞെക്കാനുള്ള അധികാരം. വോട്ടിംഗ് മെഷീനില്‍ ഞെക്കുന്ന വിരലുകള്‍ക്ക് എ.കെ 47 ഉപയോഗിക്കുന്ന വിരലുകളേക്കാള്‍ ശക്തിയുണ്ട്. യുവാക്കള്‍ക്ക് നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന വികസനം എന്ന ഒറ്റ മന്ത്രം മാത്രമേ ഉള്ളൂ’. മോഡി പറഞ്ഞു. കശ്മീര്‍ മേഖലയില്‍ നിരവധി യുവാക്കള്‍ ചെറുപ്പത്തിലേ തന്നെ തോക്കുപയോഗിച്ച് തുടങ്ങുകയും തീവ്രവാദ സംഘത്തില്‍ എത്തപ്പെടുകയും ചെയ്യുന്നതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് മോഡി ഇക്കാര്യം പറഞ്ഞത്.

മോഡിയുടെ സന്ദര്‍ശനം പ്രമാണിച്ച് വന്‍ സുരക്ഷയായിരുന്നു കശ്മീരില്‍ ഏര്‍പ്പെടുത്തിയിരുന്നത്. എസ്.പി.ജി കമാന്‍ഡോകളുടെ പൂര്‍ണ നിയന്ത്രണത്തിലായിരുന്നു സ്റ്റേഡിയം.

ഒരു ലക്ഷം പേര്‍ റാലിക്ക് എത്തിയിട്ടുണ്ടെന്നാണ് ബി.ജെ.പി അവകാശപ്പെടുന്നത്. ശ്രീനഗറില്‍ ബി.ജെ.പി നേതാവ് കൂടിയായ മോഡി പങ്കെടുക്കുന്ന റാലിയില്‍ പതിനായിരം പേര്‍ പങ്കെടുത്താല്‍ തന്നെ പാകിസ്ഥാന്റെ നീക്കങ്ങള്‍ക്ക് കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.

Top