വോട്ടര്‍പട്ടികയില്‍ വ്യാജന്മാരില്ലാത്ത രാജ്യമാകാന്‍ ഇന്ത്യ ഒരുങ്ങുന്നു

കൊല്‍ക്കത്ത: വോട്ടര്‍ പട്ടികയില്‍ ഇനി വ്യാജന്മാര്‍ ഇല്ലാത്തതായിരിക്കും ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷ്ണര്‍ എച്ച്.എസ്. ബ്രഹ്മ. വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡും ആധാര്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിച്ചാണ് വ്യാജന്‍മാരെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കാനുള്ള പദ്ധതി കമ്മീഷന്‍ നടപ്പിലാക്കുക. ആധാര്‍ നമ്പര്‍ തിരഞ്ഞെടുപ്പു തിരിച്ചറിയല്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതോടെ വ്യാജന്മാര്‍ വോട്ടര്‍ പട്ടികയില്‍പ്പെടുകയില്ലെന്ന് ബ്രഹ്മ പറഞ്ഞു.

2015ല്‍ തന്നെ ഈ നടപടി പൂര്‍ത്തിയാക്കാനാണ് തീരുമാനം. ഇതോടെ ഇന്ത്യയിലെ വോട്ടര്‍മാരുടെ വിവരങ്ങള്‍ പൂര്‍ണമായും ബയോമെട്രിക് സംവിധാനത്തിലാകും. തിരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങളുമായി ബന്ധപ്പെട്ട് കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദേഹം.

സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ആധാര്‍ നിര്‍ബന്ധമില്ലെന്ന സുപ്രീം കോടതി വിധിയുണ്ടെങ്കിലും  ദിനംപ്രതി ലക്ഷക്കണക്കിന് ആളുകളാണ് ആധാര്‍ വോട്ടര്‍ കാര്‍ഡുമായി സംയോജിപ്പിക്കുന്നത്. ആധാര്‍ രജിസ്റ്റര്‍ ചെയ്യാനും ദിനംപ്രതി ലക്ഷങ്ങള്‍ അപേക്ഷിക്കുന്നു. ഇത് കര്‍ശനമാക്കുന്നില്ലെങ്കിലും ജനങ്ങള്‍ ആവശ്യപ്പെടുന്നുവെന്നത് നല്ല കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഇതിനകം 85 കോടിയോളം പേര്‍ക്ക് ആധാര്‍ നമ്പര്‍ ലഭിച്ചു കഴിഞ്ഞു. ബാക്കി വരുന്ന 25-30 കോടി ആളുകള്‍ക്കും ഈ വര്‍ഷം ഓഗസ്‌റ്റോടെ ആധാര്‍ ലഭിക്കുമെന്നാണ് കരുതുന്നതെന്നും അദേഹം വ്യക്തമാക്കി.

Top