വൈസ് ചാന്‍സലറുടെ ധിക്കാരതക്ക് മുന്നില്‍ സമര ഭൂമിയില്‍ കാലിടറി എസ്എഫ്‌ഐ

തേഞ്ഞിപ്പാലം: കേരളത്തിലെ സംഘടിത വിദ്യാര്‍ത്ഥി പ്രസ്ഥാനം തകര്‍ച്ചയുടെ പടുകുഴിയില്‍. 116 ദിവസം നീണ്ട കാലിക്കറ്റ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളുടെ നിരാഹാര സമരം ഒരു ചര്‍ച്ച പോലുമില്ലാതെ നിരുപാധികം പിന്‍വലിക്കേണ്ടി വന്നത് എസ്എഫ്‌ഐ ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധിയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്.

സമരം ഇനി സിപിഎം ഏറ്റെടുക്കുമെന്ന കോടിയേരി ബാലകൃഷ്ണന്റെ വീരവാദം കേള്‍ക്കാനാണോ നാല് മാസത്തോളം നിരാഹാരം കിടന്നതെന്ന ചോദ്യത്തിന് എസ്എഫ്‌ഐ നേതൃത്വം ഇനി മറുപടി പറയണം. സര്‍വ്വകലാശാല സ്ഥിതി ചെയ്യുന്ന തേഞ്ഞിപ്പാലത്തെ പ്രാദേശിക ലീഗ് നേതൃത്വത്തിന്റെ സമ്മര്‍ദ ഫലമായാണ് വൈസ് ചാന്‍സലറും സംഘവും സമരം ഒത്തു തീര്‍പ്പാക്കാതെ പിടിവാശിയില്‍ നില്‍ക്കാന്‍ കാരണമെന്ന് ആരോപിച്ച കോടിയേരി ബാലകൃഷ്ണന്‍ സത്യത്തില്‍ അപമാനിച്ചത് എസ്എഫ്‌ഐയെയും ഡിവൈഎഫ്‌ഐയെയുമാണ്.

യുഡിഎഫ് സര്‍ക്കാര്‍ ഭരണത്തിലിരുന്ന മുന്‍ കാലഘട്ടങ്ങളില്‍ പോലും കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ എന്തിനുംപോന്ന സംഘടിത ശക്തിയായിരുന്നു എസ്എഫ്‌ഐ. സര്‍വ്വകലാശാലയുടെ സമീപ പ്രദേശങ്ങളിലെ ഡിവൈഎഫ്‌ഐയുടെ കരുത്തും എതിരാളികളെ ഭയപ്പെടുത്തുന്നതാണ്.

സര്‍വ്വകലാശാല സ്ഥിതി ചെയ്യുന്ന തേഞ്ഞിപ്പാലം ഉള്‍പ്പെടെയുള്ള സമീപ പഞ്ചായത്തുകളില്‍ മുസ്ലീംലീഗ് മേധാവിത്വമാണ് ഉള്ളതെങ്കിലും ഇവിടങ്ങളില്‍ സിപിഎമ്മിനോടൊ ഡിവൈഎഫ്‌ഐയോടൊ ഏറ്റുമുട്ടാന്‍ ലീഗ് പോലും രണ്ട് വട്ടം ആലോചിക്കുന്ന സാഹചര്യമാണ് മുന്‍പുണ്ടായിരുന്നത്. സര്‍വ്വകലാശാലയില്‍ മുസ്ലീംലീഗിന്റെ താലിബാനിസമാണ് ഇപ്പോള്‍ നടക്കുന്നതെന്നാരോപിക്കുന്ന കോടിയേരി സിപിഎമ്മിന്റെയും എസ്എഫ്‌ഐ- ഡിവൈഎഫ്‌ഐ അടക്കമുള്ള വര്‍ഗ്ഗ ബഹുജന സംഘടനകളുടെയും കരുത്താണ് ഇതുവഴി ചോദ്യം ചെയ്തത്.

കാലിക്കറ്റ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മാത്രമല്ല ജീവനക്കാര്‍ക്കിടയിലും അധ്യാപകര്‍ക്കിടയിലും ഏറ്റവും അധികം സ്വാധീനം ഇപ്പോഴും സിപിഎമ്മിന്റെ വര്‍ഗ്ഗ ബഹുജന സംഘടനകള്‍ക്ക് തന്നെയാണ്. സമരം അവസാനിപ്പിക്കുന്നതിന് ന്യായീകരണം പോലുമില്ലാതെ വിലപിക്കുന്ന കോടിയേരി ഈ യാഥാര്‍ത്ഥ്യത്തിന് നേരെയും കണ്ണടച്ചു.

റഗുലര്‍ വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍ സൗകര്യം സ്വാശ്രയ വിദ്യാര്‍ത്ഥികള്‍ക്ക് കൂടി നല്‍കിയ സര്‍വ്വകലാശാല അധികൃതരുടെ നടപടിയാണ് എസ്എഫ്‌ഐ ഭരിക്കുന്ന ഡിപ്പാര്‍ട്‌മെന്റല്‍ സ്റ്റുഡന്റ്‌സ് യൂണിയനെ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക് തള്ളിവിട്ടിരുന്നത്.

സമരത്തിന്റെ തുടക്കംമുതല്‍ എസ്എഫ്‌ഐക്കെതിരെ കടുത്ത നടപടി സ്വീകരിച്ച് പോന്ന ‘ധിക്കാരിയായ’വൈസ് ചാന്‍സലറെ നിലക്ക് നിര്‍ത്താന്‍ കഴിയാതിരുന്നത് എസ്എഫ്‌ഐയുടെ സംഘടനാപരമായ വീഴ്ചയാണ്.

പോലീസ് മതില്‍കെട്ടി പ്രതിരോധനിര കെട്ടിപ്പടുക്കുമ്പോള്‍ കാക്കി ബൂട്ടുകള്‍ക്ക് കീഴെ ശുഭ്ര പതാക അടിയറവച്ച്, സമരം പ്രസംഗത്തിലൊതുക്കി മടങ്ങുന്ന നേതാക്കളാണ് ഇന്ന് വിപ്ലവ വിദ്യാര്‍ത്ഥി സംഘടനയെ ഈ തകര്‍ച്ചയിലേക്ക് നയിച്ചത്.

ചര്‍ച്ചക്ക് പോലും തയ്യാറാകാതെ മുഖംതിരിച്ചിരിക്കുന്ന ഭരണ വര്‍ഗ്ഗത്തെ മുള്‍മുനയില്‍ നിര്‍ത്തി തീരുമാനമെടുപ്പിച്ച മുന്‍ ചരിത്രം എസ്എഫ്‌ഐയുടെ പുതു തലമുറക്ക് ഇന്ന് ഓര്‍മ്മകള്‍ മാത്രമാണ്. ആ പഴയ പോരാട്ട വീര്യതയുടെ ബലത്തില്‍ മാത്രമാണ് ഇന്നും കേരളത്തിലെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി സംഘടന എന്ന ലേബലില്‍ എസ്എഫ്‌ഐ നിലനില്‍ക്കുന്നത്. എന്നാല്‍ പൊതു സമൂഹത്തിനിടയില്‍ എസ്എഫ്‌ഐയുടെ ആ ‘കരുത്തും’ഇപ്പോള്‍ ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്.

എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ സംഘടനകളുടെ കോഴിക്കോട് – മലപ്പുറം ജില്ലാ കമ്മിറ്റികള്‍ സംയുക്തമായി നടത്തിയ സര്‍വ്വകലാശാല മാര്‍ച്ചിലെ യുവജന – വിദ്യാര്‍ത്ഥി പങ്കാളിത്തം ഇരു സംഘടനകളുടെയും സ്വാധീനത്തിനനുസരിച്ചുള്ളതുമായിരുന്നില്ല.

വിദ്യാര്‍ത്ഥി സമരം ഏറ്റെടുത്ത ഡിവൈഎഫ്‌ഐക്കും സമരം മാന്യമായ ഒത്തുതീര്‍പ്പിലെത്തിക്കാന്‍ കഴിയാതിരുന്ന സാഹചര്യത്തിലാണ് നിരാഹാരം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ച വേദിയില്‍ സിപിഎം സമരം ഏറ്റെടുക്കുമെന്ന് പറഞ്ഞ് കോടിയേരി തലയൂരിയത്.

സര്‍വ്വകലാശാലയെ സ്തംഭിപ്പിച്ച് തീരുമാനമെടുപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ഉപരോധ സമരം നടത്തിയത് നിരാഹാര സമരം അവസാനിപ്പിക്കുന്നതിന് വേണ്ടിയാണോ എന്ന പ്രവര്‍ത്തകരുടെ ചോദ്യത്തിന് മുന്നില്‍ എസ്എഫ്‌ഐ -ഡിവൈഎഫ്‌ഐ നേതാക്കളാണ് ഇനി മറുപടി പറയേണ്ടത്.

Team ExpressKerala

Top