വൈകിയാണെങ്കിലും സര്‍ക്കാര്‍ ഉണര്‍ന്നു; നാദാപുരത്ത് ഒഴിവായത് കലാപനീക്കം

തിരുവനന്തപുരം: നാദാപുരം തൂണേരിയില്‍ സിപിഐഎം പ്രവര്‍ത്തകന്‍ ഷിബിനെ മുസ്ലിം ലീഗുകാര്‍ വെട്ടികൊന്ന സംഭവത്തിന്റെ മറവില്‍ വര്‍ഗീയ കലാപത്തിന് ചിലര്‍ നടത്തിയ നീക്കം പാളി. വര്‍ഗിയ കലാപമുണ്ടാക്കാന്‍ ഒരു വിഭാഗം കോപ്പൂകൂട്ടുന്നുവെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കഴിഞ്ഞദിവസം സര്‍ക്കാരിന് ലഭിച്ചിരുന്നു. ഇതേതുടര്‍ന്നാണ് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും ഉള്‍പ്പെടെയുളളവര്‍ ധൃതിപ്പെട്ട് തൂണേരിയിലെ അക്രമങ്ങള്‍ നടന്ന പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നത്. കൊല്ലപ്പെട്ട സിപിഐഎം പ്രവര്‍ത്തകന്‍ ഷിബിന്റെ കുടുംബത്തിന് സര്‍ക്കാര്‍ 25 ലക്ഷംരൂപ നഷ്ടപരിഹാരവും പ്രഖ്യാപിച്ചിട്ടുണ്ട്.

ഏറെക്കാലത്തെ സമാധാനത്തിനു ശേഷമാണ് നാദാപുരം മേഖല വീണ്ടും സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. ഷിബിന്‍ കൊല്ലപ്പെട്ടതോടെയാണിത്. ഇതോടെ വീടുകളും വാഹനങ്ങളും വ്യാപകമായി ആക്രമിക്കപ്പെട്ടു. കൊള്ളയും നടന്നു. ഇതിനുപിന്നില്‍ സിപിഐഎം പ്രവര്‍ത്തകരാണെന്നായിരുന്നു ആദ്യം പുറത്തുവന്നത്. എന്നാല്‍ ഏതാനും ബിജെപിക്കാരും എസ്ഡിപിഐകാരും അറസ്റ്റിലായതാടെ സംഭവത്തിനു പിന്നിലെ വര്‍ഗിയകലാപ നീക്കം വെളിവായി. ഇതിനിടെ, വര്‍ഗീയ വിഷംചീറ്റുന്ന പ്രചാരണങ്ങള്‍ നവമാധ്യമങ്ങള്‍ വഴിയും നടന്നു. ഇതെല്ലാം നിരീക്ഷിച്ച ഇന്റലിജന്‍സ് കലാപത്തിന് ഇരുവിഭാഗവും കോപുകൂട്ടുന്നതായി സര്‍ക്കാരിന് റിപ്പോര്‍ട്ട് ല്‍കി. അതിനിടെ, പൊലീസിനെതിരെ മുസ്ലീംലീഗും രംഗത്തുവന്നു. ഇതോടെ ധൃതിപിടിച്ച് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും തിങ്കളാഴ്ച തൂണേരി സന്ദര്‍ശിക്കുകയായിരുന്നു.

നാദാപുരം മേഖലയില്‍ ഇനിയൊരു വര്‍ഗീയ കലാപമുണ്ടായാല്‍ സ്ഥിതി നിയന്ത്രിക്കാന്‍ പ്രയാസമാകും. ആയുധങ്ങളും ഉഗ്രശേഷിയുള്ള സ്‌ഫോടക വസ്തുക്കളും അവിടെ ധാരാളം ശേഖരിച്ചതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ട്. ഏതാനും മാസം മുമ്പ് സ്‌ഫോടന വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതിനിടെ അപകടമുണ്ടായി നാല് ലീഗുകാര്‍ മരിച്ചിരുന്നു. ഇതിനാല്‍ നാദാപുരത്തുണ്ടാകുന്ന ഏത് സംഘര്‍ഷങ്ങളെയും ജാഗ്രതയോടെ നേരിടണമെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ തൂണേരിയില്‍ രാഷ്ട്രീയ കൊലപാതകവും തുടര്‍ന്ന് വീടുകള്‍ക്കുനേരെ അക്രമവും നടന്നിട്ടും ആദ്യം സര്‍ക്കാര്‍ സംവിധാനങ്ങള്‍ മൗനത്തിലായിരുന്നു. എന്നാല്‍ കാര്യങ്ങള്‍ കൈവിടുമെന്നു കണ്ടതോടെയാണ് ഭരണാധികാരികള്‍ വൈകിയാണെങ്കിലും സംഘര്‍ഷ മേഖലകള്‍ സന്ദര്‍ശിക്കുന്നത്.

Top