വെസ്റ്റ് ഇന്‍ഡീസിനെതിരേ ഇന്ത്യക്ക് 183 റണ്‍സ് വിജയ ലക്ഷ്യം

പെര്‍ത്ത്: ലോകകപ്പിലെ നാലാം ജയത്തിനായി വെസ്റ്റ് ഇന്‍ഡീസിനെതിരേ ഇന്ത്യക്ക് 183 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത വിന്‍ഡീസ് 44.2 ഓവറില്‍ 182 റണ്‍സിനു പുറത്തായി. 57 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡറാണ് ടോപ് സ്‌കോറര്‍. ഇന്ത്യക്കുവേണ്ടി മുഹമ്മദ് ഷമി മൂന്നും ഉമേഷ് യാദവ്, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകളും നേടി.

വിന്‍ഡീസ് ഏറെ പ്രതീക്ഷ അര്‍പ്പിച്ചിരുന്ന ക്രിസ് ഗെയ്‌ലും മര്‍ലോണ്‍ സാമുവല്‍സും കാര്യമായി സംഭാവന ചെയ്യാതെ മടങ്ങിയതു വലിയ തിരിച്ചടിയായി. സ്‌കോര്‍ എട്ടില്‍ നില്‍ക്കേ വിന്‍ഡീസിന് ഓപ്പണര്‍ ഡെയ്ന്‍ സ്മിത്തിനെ നഷ്ടമായി. നിരവധി തവണ ഭാഗ്യം തുണച്ചിട്ടും ഗെയ്‌ലിനു വിന്‍ഡീസിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. രണ്ടു ഫോറും ഒരു സിക്‌സും ഉള്‍പ്പടെ 21 റണ്‍സ് മാത്രമായിരുന്നു ഗെയ്‌ലിന്റെ സംഭാവന.

സാമുവല്‍സ് (2), ദിനേശ് രാംദിന്‍ (0), ജൊനാദന്‍ കാര്‍ട്ടര്‍ (21), ലണ്ഡല്‍ സിമ്മണ്‍സ് (9), ഡാരന്‍ സമി (26), ആന്ദ്രേ റസല്‍ (8) എന്നിവര്‍ക്കു കാര്യമായി ഇന്ത്യന്‍ ബൗളിംഗിനെ പ്രതിരോധിക്കാന്‍ കഴിഞ്ഞില്ല. വാലറ്റത്തെ കൂട്ടുപിടിച്ചു ഹോള്‍ഡര്‍ നടത്തിയ പോരാട്ടമാണു സ്‌കോര്‍ 182-ലെത്തിച്ചത്. 64 പന്തു നേരിട്ട ഹോള്‍ഡര്‍ മൂന്നു സിക്‌സും നാലു ഫോറും നേടി പത്താമനായാണു പുറത്തായത്. കീമര്‍ റോച്ച് (0) പുറത്താകാതെ നിന്നു.

Top