വെള്ളാപ്പള്ളി നടേശനും ബിജെപിക്കും നന്ദി പറഞ്ഞ് സിപിഎം അണികളുടെ സല്യൂട്ട്‌

കൊച്ചി: തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ആസന്നമായിരിക്കെ ഐക്യത്തോടുകൂടി തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ വഴി ഒരുക്കിയതിന് വെള്ളാപ്പള്ളിക്കും ബിജെപിക്കും സിപിഎം അണികളുടെ ‘റെഡ് സല്യൂട്ട്’

വിഭാഗീയത അതിന്റെ എല്ലാ സീമകളും ലംഘിച്ചുകൊണ്ടുമാത്രമാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണ തുടര്‍ച്ച നഷ്ടമായതെന്ന് വിശ്വസിക്കുന്ന സിപിഎം അണികള്‍ ഇപ്പോള്‍ വിഭാഗീയ പ്രശ്‌നങ്ങളില്ലാതെ തിരഞ്ഞെടുപ്പിനെ നേരിടാന്‍ കഴിയുന്നതില്‍ വലിയ ആവേശത്തിലാണ്.

രാഷ്ട്രീയ പ്രതിയോഗികളാണെങ്കിലും ഇക്കാര്യത്തില്‍ അവര്‍ കടപ്പെട്ടിരിക്കുന്നത് ബിജെപിയോടും വെള്ളാപ്പള്ളി നടേശനോടുമാണ്.

അരുവിക്കരയില്‍ ബിജെപി അനുകൂലമാക്കിയ കാലാവസ്ഥ വെള്ളാപ്പള്ളി വായ തുറന്നപ്പോള്‍ നഷ്ടമായതായാണ് സിപിഎം അണികളുടെ വിലയിരുത്തല്‍.

പിണറായി വിജയനും വിഎസിനും എതിരെ വെള്ളാപ്പള്ളി നടേശന്‍ ഉന്നയിച്ച ആരോപണങ്ങളും ബിജെപി കൂട്ടുകെട്ടുമാണ് ഭിന്നത മറന്ന് ഒറ്റക്കെട്ടായി നില്‍ക്കാന്‍ വിഎസിനെയും പിണറായിയെയും പ്രേരിപ്പിച്ചതെന്നാണ് അവര്‍ വിശ്വസിക്കുന്നത്.

പാര്‍ട്ടിക്കെതിരായ ആക്രമണങ്ങളെ ഒറ്റക്കെട്ടായി ചെറുക്കുന്ന വര്‍ഗ്ഗവികാരത്തിന്റെ അടയാളമായാണ് നേതാക്കളുടെ ഈ ഒരുമയെ സിപിഎം അണികള്‍ നോക്കിക്കാണുന്നത്.

നിയമസഭ തിരഞ്ഞെടുപ്പിലെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ചൊല്ലിയും നിലവിലെ സാഹചര്യത്തില്‍ ഇനി ഒരു തര്‍ക്കത്തിന്റെ ആവശ്യം വരില്ലെന്നാണ് അവരുടെ പ്രതീക്ഷ.

ആലപ്പുഴ സമ്മേളന വേദിയില്‍നിന്ന് ഇറങ്ങിപ്പോയ വിഎസിനെതിരായ അച്ചടക്ക നടപടികള്‍ സിപിഎം നേതൃത്വം നിര്‍ത്തിവച്ചതിന് പിന്നിലും നിലവിലെ രാഷ്ട്രീയ സാഹചര്യമായിരുന്നു.

വിഎസും പിണറായിയും ഒറ്റക്കെട്ടായി നയിച്ചാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും വന്‍ വിജയം ഇടതുപക്ഷത്തിന് നേടാന്‍ കഴിയുമെന്നാണ് സിപിഎം അണികളുടെ പ്രതീക്ഷ.

തിരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങളില്‍ ഇപ്പോള്‍ത്തന്നെ ഈ ആവേശം പ്രകടമാണെന്നാണ് പല സിപിഎം പ്രാദേശിക നേതാക്കളും പറയുന്നത്.

പിന്നോക്ക വിഭാഗങ്ങള്‍ക്കും യുവജനങ്ങള്‍ക്കും സ്ത്രീകള്‍ക്കുമെല്ലാം സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ വലിയ പ്രാധാന്യം കൊടുക്കാനും പാര്‍ട്ടി താല്‍പര്യത്തേക്കാള്‍ ജനതാല്‍പര്യം സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രധാന ഘടകമാക്കാനും കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ സിപിഎം നേതൃത്വത്തെ പ്രേരിപ്പിച്ചത് ബിജെപി എസ്എന്‍ഡിപി യോഗ ബന്ധമാണ്.

Top