വെള്ളാപ്പള്ളിയെ യോഗനേതൃത്വത്തില്‍ നിന്ന് തെറുപ്പിക്കാന്‍ സിപിഎം കര്‍മ്മപദ്ധതി..?

തിരുവനന്തപുരം: സംഘ്പരിവാറുമായി ചേര്‍ന്ന് സിപിഎമ്മിനെ അസ്ഥിരപ്പെടുത്താനുള്ള വെള്ളാപ്പള്ളി നടേശന്റെയും മകന്റെയും നീക്കത്തിനെതിരെ സിപിഎം നേതൃത്വവും നിലപാട് കര്‍ക്കശമാക്കുന്നു.

രണ്ട് പതിറ്റാണ്ടോളമായി എസ്എന്‍ഡിപി യോഗത്തിന്റെയും എസ്.എന്‍ ട്രസ്റ്റിന്റെയും തലപ്പത്തിരിക്കുന്ന വെള്ളാപ്പള്ളി നടേശനെയും ഭാര്യ പ്രീതി നടേശനെയും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയെയും തല്‍സ്ഥാനത്തുനിന്ന് തെറുപ്പിക്കാനാണ് സിപിഎം പദ്ധതി തയ്യാറാക്കുന്നതെന്നാണ് സൂചന.

എസ്എന്‍ഡിപി യോഗത്തോട് സഹകരിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകരെയും അനുഭാവികളെയും മുന്‍നിര്‍ത്തിയാണ് കരുനീക്കം.

ശാഖാതലം മുതല്‍ എസ്എന്‍ഡിപി യോഗത്തിന്റെ വിവിധ ഘടകങ്ങളില്‍ തലപ്പത്ത് പാര്‍ട്ടി പ്രവര്‍ത്തകര്‍ വരുന്നതിനെ പ്രോത്സാഹിപ്പിക്കാനും വെള്ളാപ്പള്ളിക്കും കുടുംബത്തിനുമെതിരെ സമുദായാംഗങ്ങളായ കോണ്‍ഗ്രസ്സ് ഉള്‍പ്പെടെയുള്ള മറ്റ് രാഷ്ട്രീയപ്പാര്‍ട്ടി പ്രവര്‍ത്തകരുമായി കൂടിയാലോചിച്ച് താഴേ തട്ടുമുതല്‍ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടു വരാനുമാണ് തീരുമാനം.

എസ്എന്‍ഡിപി യോഗത്തിലെയും എന്‍.എന്‍ ട്രസ്റ്റിലെയും സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്താനും ആവശ്യമെങ്കില്‍ യോഗം അംഗങ്ങളെ തന്നെ മുന്‍നിര്‍ത്തി നിയമനടപടി സ്വീകരിക്കാനും പദ്ധതിയുണ്ട്.

നിലവില്‍ എസ്.എന്‍ ട്രസ്റ്റിലെ നിയമനങ്ങളുമായി ബന്ധപ്പെട്ടും മറ്റ് ക്രമക്കേടുകള്‍ സംബന്ധിച്ചും എസ്എന്‍ഡിപി ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായിരുന്നവര്‍ ഉള്‍പ്പെടെ നല്‍കിയിരിക്കുന്ന പരാതികളില്‍ ഇടതു മുന്നണി അധികാരത്തില്‍ വന്നാല്‍ നടപടി ഉണ്ടാകുമെന്ന ഉറപ്പ് വെള്ളാപ്പള്ളി വിരുദ്ധരായ മുന്‍ എസ്എന്‍ഡിപി യോഗം ഭാരവാഹികള്‍ക്ക് സിപിഎം നേതൃത്വം ഇതിനകം തന്നെ നല്‍കിയിട്ടുണ്ട്.

വെള്ളാപ്പള്ളിക്കെതിരെ ഉയര്‍ന്നുവന്ന ‘ആരോപണങ്ങള്‍’ മാത്രമല്ല മറ്റുചില കാര്യങ്ങളിലും ഇടതുമുന്നണി അധികാരത്തില്‍ വന്നാല്‍ അന്വേഷണവും നടപടിയും ഉണ്ടാകുമെന്നാണ് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വെളിപ്പെടുത്തുന്നത്.

എസ്എന്‍ഡിപി യോഗനേതൃത്വത്തില്‍ സിപിഎമ്മിന് സ്വാധീനിക്കാന്‍ പറ്റാവുന്ന മുഴുവന്‍ നേതാക്കളെയും പ്രവര്‍ത്തകരെയും കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി കൂടെ നിര്‍ത്താന്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും അണിയറയില്‍ ചരട് വലിക്കുന്നുണ്ട്.

വെള്ളാപ്പള്ളിക്കെതിരെ നേരത്തെ തന്നെ കര്‍ക്കശ നടപടി സ്വീകരിക്കണമായിരുന്നുവെന്ന നിലപാടിലാണ് വി.എസും പിണറായിയും.

സിപിഎം ഘടകകക്ഷി ആക്കുകയാണെങ്കില്‍ സഹകരിക്കാമെന്ന വെള്ളാപ്പള്ളിയുടെ ഇപ്പോഴത്തെ വെളിപാട് തിരിച്ചടി ഭയന്നാണെന്നാണ് സിപിഎം നേതൃത്വത്തിന്റെ വിലയിരുത്തല്‍.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി മുന്നണിയുടെ ഭാഗമായി തിരഞ്ഞെടുപ്പിനെ നേരിടുന്നതോടെ എസ്എന്‍ഡിപിയിലെ വെള്ളാപ്പള്ളിയുടെ കുടുംബവാഴ്ചയ്ക്കും തീരുമാനമാകുമെന്നാണ് സിപിഎം നേതൃത്വം പറയുന്നത്.

Top